വീടില്ല, അഭയം തേടിയിടത്ത് കൊടുംതണുപ്പ് താങ്ങാനാവാതെ മരിച്ചുവീണ് പെൺകുട്ടി

Published : Jan 07, 2022, 12:15 PM ISTUpdated : Jan 07, 2022, 12:19 PM IST
വീടില്ല, അഭയം തേടിയിടത്ത് കൊടുംതണുപ്പ് താങ്ങാനാവാതെ മരിച്ചുവീണ് പെൺകുട്ടി

Synopsis

2020 ഒക്ടോബർ മുതൽ അഭയാർഥികൾ താമസിക്കുന്ന ഈ ക്യാമ്പുകൾ ഇറാഖ് അടച്ചുപൂട്ടാൻ തുടങ്ങി. കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾ അവരുടെ വീടുകളിലേക്ക് മടങ്ങുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. എന്നാൽ അവർക്ക് അത്ര എളുപ്പം അവരുടെ വീടുകളിലേക്ക് മടങ്ങാൻ കഴിയില്ലെന്ന് പറഞ്ഞ് നിരവധി പ്രവർത്തകർ പ്രതിഷേധവുമായി മുന്നോട്ട് വന്നിരുന്നു. 

വടക്കൻ ഇറാഖിലെ നിനവേയിൽ(Northern Iraq's Nineveh) കുടിയിറക്കപ്പെട്ട ഒരു പെൺകുട്ടി കൊടുംതണുപ്പ് താങ്ങാനാകാതെ മരിച്ചു വീണു.  മൊസൂളിൽ നിന്ന് ഏകദേശം 27 കിലോമീറ്റർ തെക്ക് മാറി ഹമാം അൽ-അലിൽ(Hammam al-Alil) പട്ടണത്തിൽ അനാഥമായി കിടന്നിരുന്ന ഒരു പള്ളിയിലാണ് ഇറാഖി പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്നത്. കൊടുംതണുപ്പ് പ്രതിരോധിക്കാൻ കുടുംബത്തിന്റെ കൈയിൽ ഒരു ഹീറ്ററോ, എന്തിന് കട്ടികൂടിയ കമ്പിളിയോ പോലും ഉണ്ടായിരുന്നില്ല. ഇതുപോലെ ആയിരക്കണക്കിന് അഭയാർത്ഥികളാണ് കൊടുംതണുപ്പിൽ സ്വയം സംരക്ഷിക്കാനാകാതെ അവിടെ ദുരിതം അനുഭവിക്കുന്നത്.  

2014 -ൽ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് പ്രവിശ്യയിൽ അധിനിവേശം നടത്തിയതിന് ശേഷം നിനവേയിൽ വൻതോതിലുള്ള പലായനം നടന്നു. സംഘർഷത്തിന്റെ ഫലമായി, ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് അവരുടെ വീടുകൾ നഷ്ടമായി. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ പകുതിയും നശിപ്പിക്കപ്പെട്ടു. കണക്കുകൾ അനുസരിച്ച്, 3 ദശലക്ഷത്തിലധികം ഇറാഖികൾ മാതൃരാജ്യത്ത് അഭയാർത്ഥികളായി മാറി. കൂടാതെ 260,000 പേർ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരായി. കുറഞ്ഞത് 1.5 ദശലക്ഷം ആളുകൾ ഇറാഖിലെ കുർദിസ്ഥാൻ മേഖലയിലാണ് അഭയം തേടിയത്. അവിടെ ഓരോ നാലിൽ ഒരാൾ അഭയാർത്ഥികളാണെന്ന് അനുമാനിക്കുന്നു. ഇവരിൽ ഭൂരിഭാഗവും അഭയാർത്ഥി ക്യാമ്പുകളിൽ സ്ഥിരതാമസമാക്കിയവരാണ്.  

അടിസ്ഥാന സൗകര്യങ്ങളില്ലാതെ, ജോലിയില്ലാതെ, ആഹാരമില്ലാതെ കാര്യമായ വെല്ലുവിളികൾ നേരിടുന്നവരാണ് അവർ. അത് മാത്രവുമല്ല, ഇറാഖിൽ കുടിയിറക്കപ്പെട്ടവരിൽ പകുതിയോളം കുട്ടികളാണ്. ലക്ഷക്കണക്കിന് വരുന്ന ആ കുട്ടികൾ യുദ്ധത്തിന്റെ ആഘാതവും, ദാരിദ്രവും മൂലം അത്യധികം മോശമായ സാഹചര്യങ്ങളിൽ അതിജീവിക്കാൻ പാടുപെടുകയാണ്. ഭക്ഷണമോ, വെള്ളമോ, അടച്ചുറപ്പുള്ള വീടോ, ശുചിത്വമോ പോലുള്ള അടിസ്ഥാന സേവനങ്ങൾ ലഭിക്കാതെ അവർ നരകിക്കുന്നു.  

എന്നാൽ, കൂനിന്മേൽ കുരു എന്ന് പറയും പോലെ 2020 ഒക്ടോബർ മുതൽ അഭയാർഥികൾ താമസിക്കുന്ന ഈ ക്യാമ്പുകൾ ഇറാഖ് അടച്ചുപൂട്ടാൻ തുടങ്ങി. കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾ അവരുടെ വീടുകളിലേക്ക് മടങ്ങുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. എന്നാൽ അവർക്ക് അത്ര എളുപ്പം അവരുടെ വീടുകളിലേക്ക് മടങ്ങാൻ കഴിയില്ലെന്ന് പറഞ്ഞ് നിരവധി പ്രവർത്തകർ പ്രതിഷേധവുമായി മുന്നോട്ട് വന്നിരുന്നു. എന്നിട്ടും,  2021 ജനുവരിയോടെ മൈഗ്രേഷൻ മന്ത്രാലയം 16 ക്യാമ്പുകൾ അടച്ചുപൂട്ടി. ഹ്യൂമൻ റൈറ്റ്‌സ് വാച്ച് പറയുന്നതനുസരിച്ച്, ഈ നീക്കം 30,000 -ത്തിലധികം ആളുകളെ പെരുവഴിയിലാക്കി. കുടിയിറക്കപ്പെട്ട മിക്ക ഇറാഖികളും ഉപേക്ഷിക്കപ്പെട്ടതോ പൂർത്തിയാകാത്തതോ ആയ കെട്ടിടങ്ങളിൽ താമസിക്കുന്നു. ഇതുപോലുള്ള ഒഴിഞ്ഞ ഇടങ്ങളിൽ കഴിയുന്ന അവർ ശൈത്യകാലത്ത് വളരെയധികം കഷ്ടതകൾ അനുഭവിക്കുന്നു. അസഹ്യമായ തണുപ്പിൽ പലരും അതിജീവിക്കാൻ പാടുപെടുന്നു. ശൈത്യം സഹിക്കാനാകാതെ ഈ പ്രദേശത്തെ ദശലക്ഷക്കണക്കിന് ആളുകളാണ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നത്.

PREV
click me!

Recommended Stories

പലസ്തീന് വേണ്ടി പൊടിഞ്ഞ കണ്ണീർ, സുഡാനിൽ ഈയാംപാറ്റകളെ പോലെ മരിച്ച് വീഴുന്ന മനുഷ്യർ
'10 വർഷമായി, കുടുംബവുമായി ജർമ്മനിയിൽ താമസം, പക്ഷേ... എന്തോ ചിലത് നഷ്ടപ്പെട്ടു. നാട്ടിലേക്ക് മടങ്ങണം'; യുവതിയുടെ കുറിപ്പ് വൈറൽ