ഭൂമിയിലെ ആദ്യത്തെ വംശനാശം സംഭവിച്ചിട്ട് 550 ദശലക്ഷം വർഷങ്ങൾ പിന്നിട്ടു, പഠന റിപ്പോർട്ട്

Published : Nov 10, 2022, 01:29 PM IST
ഭൂമിയിലെ ആദ്യത്തെ വംശനാശം സംഭവിച്ചിട്ട് 550 ദശലക്ഷം വർഷങ്ങൾ പിന്നിട്ടു, പഠന റിപ്പോർട്ട്

Synopsis

വിർജീനിയ ടെക് കോളേജ് ഓഫ് സയൻസിലെ ജിയോസയൻസസ് ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള ഗവേഷകനായ സ്കോട്ട് ഇവാൻസിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് നാഷണൽ അക്കാദമി ഓഫ് സയൻസ് പ്രൊസീഡിംഗ്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നിരവധി ജീവജാലങ്ങളുടെ ആവാസകേന്ദ്രമായ നമ്മുടെ ഗ്രഹത്തിന് 4.54 ബില്യൺ വർഷത്തെ പഴക്കമുണ്ട്. ഈ കാലഘട്ടങ്ങളിൽ ഒക്കെയും ഭൂമി നിരവധി ജീവജാലങ്ങൾക്ക് അഭയകേന്ദ്രമായെങ്കിലും അവയിൽ പലതും ഇന്ന് ഭൂമിയിൽ അവശേഷിക്കുന്നില്ല. വംശനാശം സംഭവിച്ച് അവ പൂർണ്ണമായി തന്നെ ഈ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായി കഴിഞ്ഞു. ഇത്തരത്തിൽ ഭൂമിയിലെ ഏറ്റവും ആദ്യത്തെ കൂട്ട വംശനാശം സംഭവിച്ചത് എഡിയാകരൻ കാലഘട്ടത്തിന്റെ അവസാനത്തിലാണ് എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.

വിർജീനിയ ടെക് ജിയോബയോളജിസ്റ്റുകളുടെ നേതൃത്വത്തിലാണ് വംശനാശം സംഭവിച്ച ജീവജാലങ്ങളെ കുറിച്ചുള്ള ഈ പഠനം സംഘടിപ്പിച്ചത്. പഠനശേഷം ഗവേഷകർ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഭൂമിയിലെ ആദ്യത്തെ കൂട്ട വംശനാശം സംഭവിച്ചത് ഏകദേശം 550 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണ് എന്ന് പറഞ്ഞിരിക്കുന്നത്. വിർജീനിയ ടെക് കോളേജ് ഓഫ് സയൻസിലെ ജിയോസയൻസസ് ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള ഗവേഷകനായ സ്കോട്ട് ഇവാൻസിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് നാഷണൽ അക്കാദമി ഓഫ് സയൻസ് പ്രൊസീഡിംഗ്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജിയോസയൻസസ് വിഭാഗത്തിലെ പ്രൊഫസർ കൂടിയായ ഷുഹായ് സിയാവോയാണ് പഠനത്തിന്റെ സഹരചയിതാവ്.

ലോകമെമ്പാടുമുള്ള ഓക്‌സിജൻ ലഭ്യതയിലുണ്ടായ ഇടിവാണ് ഈ കൂട്ട വംശനാശത്തിന് കാരണമായതെന്നാണ് ഗവേഷകർ പറയുന്നത്. ഈ വൻതോതിലുള്ള വംശനാശം ഏകദേശം 80 ശതമാനം മൃഗങ്ങളുടെ തിരോധാനത്തിലേക്ക്  നയിച്ചതായാണ് പഠന റിപ്പോർട്ട് പറയുന്നത്. ആഗോള താപനവും ഓക്സിജനേഷൻ പോലെയുള്ള പാരിസ്ഥിതിക മാറ്റങ്ങളും മൃഗങ്ങളുടെ വൻതോതിലുള്ള വംശനാശത്തിനും ആവാസവ്യവസ്ഥയുടെ അഗാധമായ തകർച്ചയ്ക്കും പുനഃസംഘടനയ്ക്കും കാരണമാകുമെന്നും സിയാവോ കൂട്ടിച്ചേർത്തു. ജൈവമണ്ഡലത്തിൽ നിലവിലുള്ള പാരിസ്ഥിതിക മാറ്റങ്ങളുടെ ദീർഘകാല ആഘാതങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഈ പഠനം നിർണ്ണായകമാകും എന്നാണ് ഗവേഷകർ പറയുന്നത്.

PREV
Read more Articles on
click me!

Recommended Stories

പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ
സതീഷും സാജിദും ബാല്ല്യകാലസുഹൃത്തുക്കൾ, ഒരുമിച്ച് പാട്ടത്തിനെടുത്ത സ്ഥലത്ത് തിരഞ്ഞു, കിട്ടിയത് ലക്ഷങ്ങളുടെ വജ്രം!