
ചൈനീസ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും കഠിനമായ പരീക്ഷ എഴുതിയ 56 കാരനായ കോടീശ്വരന്‍ ലിയാങ് ഷി, തന്‍റെ 27 മത്തെ തവണയും തോറ്റു. കോടീശ്വരനായ ലിയാങ് ഷി കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഡസൻ കണക്കിന് തവണ "ഗാവോക്കാവോ" എന്‍ട്രന്‍സ് പരീക്ഷ എഴുതുന്നു. വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും ഉന്നതിയിലുള്ള സിചുവാൻ സർവകലാശാലയിൽ ഒരു കോഴ്സ് ചെയ്യാനും അത് വഴി 'ബുദ്ധിജീവി' ആകാനുമുള്ള അദ്ദേഹത്തിന്‍റെ ആഗ്രഹത്തിന്, പക്ഷേ ഇനിയും കാത്തിരിക്കണമെന്ന് മാത്രം.
ചെറിയൊരു ഫാക്ടറിയില്‍ നിന്നാണ് ലിയാങ് ഷി തന്‍റെ ജീവിതം ആരംഭിക്കുന്നത്. പിന്നീട് അദ്ദേഹം സ്വന്തമായൊരു ചെറിയ നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചു. ഈ കമ്പനിയിലൂടെയാണ് ലിയാങ് കോടീശ്വരനാകുന്നത്. എന്നാല്‍, ഒരു സര്‍വകലാശാലയില്‍ പഠിക്കണമെന്നുള്ള അദ്ദേഹത്തിന്‍റെ ആഗ്രഹം മാത്രം നടന്നില്ല. ഉന്നത വിദ്യാഭ്യാസം നേടാനായി അദ്ദേഹം തന്‍റെ പല ആഗ്രഹങ്ങളും ഇഷ്ടങ്ങളും വേണ്ടെന്ന് വച്ചു. മദ്യപാനവും മഹ്‌ജോംഗ് കളിയും ഒഴിവാക്കി, 12 മണിക്കൂര്‍ വരെ പഠനത്തിനായി ചെലവഴിച്ചു. അങ്ങനെ ഓരോ തവണയും അദ്ദേഹം പരീക്ഷയെഴുതി. പക്ഷേ ഓരോ തവണയും അദ്ദേഹത്തിന് തോല്‍വിയായിരുന്നു. ലിയാങ് ഷിയുടെ താത്പര്യം തിരിച്ചറിഞ്ഞ മാധ്യമങ്ങള്‍ ഒടുവില്‍ അദ്ദേഹത്തെ "ഗാവോക്കോ ഹോൾഡൗട്ട്" എന്ന് തമാശയായി വിളിച്ച് തുടങ്ങി. എന്നാല്‍, ഇതെല്ലാം അദ്ദേഹത്തിന്‍റെ പബ്ലിസിറ്റി സ്റ്റണ്ടാണെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന അഭിപ്രായം.
മകളെ അത്ഭുതപ്പെടുത്താന്‍ ഇന്ത്യയില്‍ നിന്നും കാനഡയിലേക്ക് യാത്ര ചെയ്ത അച്ഛന്‍റെ വീഡിയോ വൈറല്‍ !
ഈ വര്‍ഷം എന്തു തന്നെയായാലും പരീക്ഷ പാസാകാനുള്ള ദൃഢനിശ്ചയത്തിലായിരുന്നു, ഷി. അതിനായി മാസങ്ങളോളും താനൊരു സന്യാസിയെ പോലെ ജീവിച്ചുവെന്ന് അദ്ദേഹം തന്നെ പറയുന്നു. എന്നാല്‍ പരീക്ഷാ ഫലം വന്നപ്പോള്‍ ഷിയ്ക്ക് പാസാവാന്‍ 34 മാര്‍ക്ക് കൂടി വേണമായിരുന്നു. ഫലം പുറത്ത് വരുന്നതിന് മുമ്പ് തന്നെ, 'ഒരു ഉന്നത സര്‍വകലാശാലയില്‍ പ്രവേശിക്കാൻ ആവശ്യമായ ഉയർന്ന സ്കോർ തനിക്ക് നേടാൻ കഴിയില്ലെന്ന് തോന്നിയിരുന്നു' എന്ന് അദ്ദേഹം, തന്നെ കാണാനെത്തിയ മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹത്തിന്‍റെ പരീക്ഷാ ഫലം അറിയുന്നതിനായെത്തിയ മാധ്യമങ്ങളുടെ ലൈവ് സ്ട്രീമിംഗിന് മുന്നില്‍ വച്ച് ഷി തന്‍റെ പരീക്ഷാ ഫലം തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം.
പരീക്ഷാ ഫലം വന്നപ്പോള്‍, ഇത് വളരെ ഖേദകരമാണെന്നും ഈ വര്‍ഷവും താന്‍ എല്ലാം വീണ്ടും ചെയ്തിരുന്നെന്നും അദ്ദേഹം പറഞ്ഞു. മുന്‍കാലങ്ങളില്‍ അദ്ദേഹത്തിന് ആവര്‍ത്തിച്ച് വന്ന പിഴവുകള്‍ ഇത്തവണയും ആവര്‍ത്തിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഓരോ തവണ പരാജയപ്പെടുമ്പോഴും അദ്ദേഹം അടുത്ത തവണ താന്‍ നേടുമെന്ന് പ്രതിജ്ഞ ചെയ്യാന്‍ മറന്നിരുന്നില്ല. മെച്ചപ്പെടുമെന്ന് തനിക്ക് പ്രതീക്ഷയുള്ളതിനാലാണ് ഓരോ തവണയും താന്‍ പരിശ്രമിച്ചതെന്നും അതിനായി താന്‍ കഠിനമായി അധ്വാനിച്ചെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അടുത്ത തവണ ഗാവോക്കാവോയ്‌ക്കുള്ള തയ്യാറെടുപ്പ് തുടരുമോയെന്ന് പറയാൻ പ്രയാസമാണെന്നും ഷി കൂട്ടിച്ചേര്‍ത്തു. അതേ ,സമയം ഗാവോക്കാവോ തയ്യാറെടുപ്പില്ലാതെ ഒരു ജീവിതം അദ്ദേഹത്തിന് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പരീക്ഷ പാസാവുകയെന്നത് ഏറെ കഠിനമാണെങ്കിലും വിട്ടുകൊടുക്കാന്‍ താന്‍ തയ്യാറല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.