വളർത്തുനായ മുറിവിൽ നക്കി; കോമയിലായ 56 -കാരിക്ക് ആറ് ഹൃദയസ്തംഭനം, ഒടുവിൽ കൈകാലുകൾ മുറിച്ചു മാറ്റി

Published : Feb 25, 2026, 09:38 PM IST
Manjit Sangha

Synopsis

യുകെയിൽ വളർത്തുനായ മുറിവിൽ നക്കിയതിനെ തുടർന്നുണ്ടായ അണുബാധ 56-കാരിയുടെ ജീവിതം മാറ്റിമറിച്ചു. സെപ്‌സിസ് എന്ന ഗുരുതര അവസ്ഥയിലേക്ക് നയിച്ച ഈ അണുബാധയെ തുടർന്ന് ജീവൻ രക്ഷിക്കാനായി അവരുടെ രണ്ട് കൈപ്പത്തികളും രണ്ട് കാലുകളും മുറിച്ചുമാറ്റേണ്ടി വന്നു.  

 

ളർത്തുനായയോടൊപ്പം സമയം ചെലവഴിക്കുന്നതിനിടെ ഉണ്ടായ ചെറിയൊരു അശ്രദ്ധ ബ്രിട്ടനിൽ താമസിക്കുന്ന 56-കാരിയായ മഞ്ജിത് സംഘ എന്ന ഫാർമസി ജീവനക്കാരിയുടെ ജീവിതം തന്നെ മാറ്റിമറിച്ചു. ശരീരത്തിലെ ചെറിയൊരു മുറിവിൽ നായ നക്കിയതിനെ തുടർന്നുണ്ടായ അണുബാധ മൂലം മഞ്ജിത്തിന്‍റെ രണ്ട് കൈപ്പത്തികളും രണ്ട് കാലുകളും ശസ്ത്രക്രിയയിലൂടെ മുറിച്ച് മാറ്റേണ്ടി വന്നു.

ആറ് തവണ ഹൃദയസ്തംഭനം

2025 ജൂലൈയിൽ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ മഞ്ജിത്തിന് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. എന്നാൽ, അടുത്ത ദിവസം രാവിലെയായപ്പോഴേക്കും അവരുടെ ആരോഗ്യനില ഗുരുതരമായി. കൈകാലുകൾ ഐസ് പോലെ തണുക്കുകയും ചുണ്ടുകൾ നീലനിറമാവുകയും ചെയ്തു. കൂടാതെ ശ്വാസമെടുക്കാൻ അവർ ഏറെ ബുദ്ധിമുട്ടി. പിന്നാലെ അബോധാവസ്ഥയിലായ അവരെ ഉടൻ തന്നെ വോൾവർഹാംപ്ടണിലെ ന്യൂ ക്രോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ വെച്ച് ആറ് തവണ ഹൃദയസ്തംഭനം ഉണ്ടായെന്നും പല അവയവങ്ങളുടെയും പ്രവർത്തനം നിലയ്ക്കുകയും ചെയ്തെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

സെപ്‌സിസ്

നായ്ക്കളുടെ ഉമിനീരിൽ സാധാരണയായി കണ്ടുവരുന്ന കാപ്നോസൈറ്റോഫാഗ കനിമോർസസ് (Capnocytophaga canimorsus) എന്ന ബാക്ടീരിയ മഞ്ജിത്തിന്‍റെ ശരീരത്തിലെ ചെറിയൊരു പോറലിലൂടെ രക്തത്തിൽ കലർന്നതാണ് ഈ ദുരന്തത്തിന് കാരണമായതെന്ന് ഡോക്ടർമാർ വിശദീകരിക്കുന്നു. ഈ ബാക്ടീരിയ മൃഗങ്ങൾക്ക് ഹാനികരമല്ലെങ്കിലും, മനുഷ്യരിലെത്തിയാൽ അപൂർവ്വമായി മാരകമായ സെപ്‌സിസ് (Sepsis) എന്ന അവസ്ഥയ്ക്ക് കാരണമാകാറുണ്ട്.

 

 

 

 

ശരീരത്തിലുടനീളം അണുബാധ പടർന്നതിനെത്തുടർന്ന് ജീവൻ രക്ഷിക്കാനായി മുട്ടിന് താഴെ വെച്ച് രണ്ട് കാലുകളും രണ്ട് കൈപ്പത്തികളും മുറിച്ചുമാറ്റി. കൂടാതെ അവരുടെ പ്ലീഹയും (Spleen) നീക്കം ചെയ്യേണ്ടി വന്നു. ഏകദേശം 32 ആഴ്ചയോളം നീണ്ട ആശുപത്രി വാസത്തിന് ശേഷം മഞ്ജിത് ഇപ്പോൾ വീട്ടിൽ തിരിച്ചെത്തി. റോബോട്ടിക് കൈകൾ ഉൾപ്പെടെയുള്ള അത്യാധുനിക കൃത്രിമ അവയവങ്ങൾ ഘടിപ്പിക്കുന്നതിനായി ഈ കുടുംബം ഇപ്പോൾ പണം സമാഹരിക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി ലക്ഷക്കണക്കിന് രൂപ ചെലവ് വരും. വലിയ പ്രതിസന്ധികൾക്കിടയിലും ആത്മവിശ്വാസത്തോടെ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള ശ്രമത്തിലാണ് മഞ്ജിത്തും കുടുംബവും.

എന്താണ് സെപ്‌സിസ്?

ശരീരത്തിലുണ്ടാകുന്ന ഒരണുബാധയോട് നമ്മുടെ പ്രതിരോധ സംവിധാനം അമിതമായി പ്രതികരിക്കുകയും സ്വന്തം കോശങ്ങളെയും അവയവങ്ങളെയും നശിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഇത് മരണത്തിന് വരെ കാരണമാകാം.

 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിൽ വച്ച് വിദൂര ജോലി ചെയ്തു, അബുദാബിയിൽ വച്ച് എച്ച് 1 ബി വിസ റദ്ദാക്കിയെന്ന് യുവതി; കുറിപ്പ് വൈറൽ
ആഗോളതലത്തിൽ തരംഗമായി 'കെ-വേവ്'; കൊറിയൻ തരംഗത്തിന്റെ ചാലകശക്തിയായി ഇന്നും കെ-പോപ്പ് തന്നെ; റിപ്പോർട്ട് പുറത്ത്