ഹൈദരാബാദിൽ നിന്ന് ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയർവേയ്സ് വിമാനത്തിലെ മൂന്ന് പൈലറ്റുമാർക്ക് യാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥതയുണ്ടായി. ഒരേ ഹോട്ടലിൽ താമസിച്ച ഇവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം ലണ്ടനിലിറങ്ങിയ ശേഷം ഒരു പൈലറ്റിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. സംഭവത്തിൽ ബ്രിട്ടീഷ് എയർവേയ്സ് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹൈദരാബാദിലെ സ്റ്റോപ്പോവറിന് ശേഷം ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ ബ്രിട്ടീഷ് എയർവേയ്സ് വിമാനത്തിലെ മൂന്ന് പൈലറ്റുമാർക്കും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത് വലിയ ആശങ്കയ്ക്ക് ഇടയാക്കി. ഏതാണ്ട് 30,000 അടി ഉയരത്തിൽ വെച്ച് ഒരു ഫസ്റ്റ് ഓഫീസറിന് കടുത്ത അസ്വസ്ഥത തോന്നി. പിന്നാലെ മറ്റ് രണ്ട് പൈലറ്റുമാർക്കും അസ്വസ്ഥത അനുഭവപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വിമാനം ലണ്ടനിൽ സുരക്ഷിതമായി ഇറക്കിയതിന് പിന്നാലെ ഫസ്റ്റ് ഓഫീസറിനെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ച് 12 മണിക്കൂർ നീണ്ട അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്ന് സൺ റിപ്പോർട്ട് ചെയ്യുന്നു.
പൈലറ്റുമാർ താമസിച്ചത് ഒരേ ഹോട്ടലിൽ
യാത്രയ്ക്കിടെ കോക്പിറ്റിലുണ്ടായ ഈ അസാധാരണ സാഹചര്യം ബ്രിട്ടീഷ് എയർവേയ്സ് ആഭ്യന്തരതലത്തിൽ ഗൗരവമായി പരിശോധിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അസ്വസ്ഥത അനുഭവപ്പെട്ട വിമാനത്തിലെ മൂന്ന് പൈലറ്റുമാരും ഹൈദരാബാദിൽ ഒരേ ഹോട്ടലിൽ താമസിക്കുകയും അവിടെ നിന്ന് പ്രഭാതഭക്ഷണവും കുപ്പിവെള്ളവും ഉപയോഗിക്കുകയും ചെയ്തിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ഇവർ യാത്ര തിരിച്ചതും. ഇതിനിടെയാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്.
അസ്വസ്ഥത 30,000 അടി ഉയരത്തിൽ
വിമാനം 30,000 അടി ഉയരത്തിൽ പറന്നുകൊണ്ടിരിക്കെ ഒരു പൈലറ്റിന് ശ്വാസ തടസം നേരിടുകയും അടിയന്തരമായി ഓക്സിജൻ നൽകേണ്ട സാഹചര്യം ഉണ്ടായെന്നും ഈ സമയം മറ്റ് രണ്ട് പൈലറ്റുമാർക്കും അസ്വസ്ഥത തോന്നിയെങ്കിലും വിമാനത്തിന്‍റെ നിയന്ത്രണം സുരക്ഷിതമായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ഇവരുടെയും ആരോഗ്യനില കൂടുതൽ മോശമാവുകയായിരുന്നു.
അന്വേഷണം ഹൈദരാബാദേക്കും
സംഭവത്തെ തുടർന്ന് ബന്ധപ്പെട്ട പൈലറ്റുമാർ എയർ സേഫ്റ്റി റിപ്പോർട്ടുകൾ സമർപ്പിക്കുകയും പരിശോധനകൾക്കായി തങ്ങളുടെ രക്തസാമ്പിളുകൾ നൽകുകയും ചെയ്തു. ശാരീരിക അസ്വസ്ഥതയുടെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്. ഹൈദരാബാദിലെ വിമാനത്തിലെ ക്രൂ അംഗങ്ങളുടെ താമസസൗകര്യങ്ങളെക്കുറിച്ചും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും കമ്പനി പ്രത്യേകം പരിശോധിക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, വിമാന സുരക്ഷ ഒരു ഘട്ടത്തിലും അപകടത്തിലായിരുന്നില്ലെന്നും യാത്രക്കാരുടെ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ലെന്നും ബ്രിട്ടീഷ് എയർവേയ്സ് അറിയിച്ചു. സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ക്രൂ അംഗങ്ങളുടെ ആരോഗ്യ സംരക്ഷണവും താമസ-ഭക്ഷണ സൗകര്യങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും പുനഃപരിശോധിക്കുമെന്നും കമ്പനി വ്യക്തമാക്കി.


