
പാർക്കിൻസൺ രോഗത്തിന്‍റെ കഠിന വേദനയിൽ നിന്ന് രക്ഷപ്പെടാൻ ടേബിൾ ടെന്നീസിനെ ആശ്രയിച്ച് 69 കാരി. ബെർലിൻ സ്വദേശിയായ ലൂസി ക്രിപ്‌നർ എന്ന സ്ത്രീയാണ് ടേബിൾ ടെന്നീസ് കളിക്കുന്നതിലൂടെ പാർക്കിൻസൺ രോഗത്തിൻറെ വേദനയിൽ നിന്നും രക്ഷപ്പെടാമെന്ന് സ്വന്തം അനുഭവത്തിലൂടെ കണ്ടെത്തിയത്. 2015 മുതലാണ് ചലനശേഷിയെ ബാധിക്കുന്ന ന്യൂറോ ഡിജെനറേറ്റീവ് രോഗം ലൂസിയെ കീഴ്പെടുത്തിയത്. ടേബിൾ ടെന്നീസ് കളിക്കുന്നത് പതിവാക്കിയതോടെ തന്‍റെ ശരീരത്തിന്‍റെ വിറയൽ കുറഞ്ഞെന്നും വേദനകൾക്ക് ശമനമുണ്ടായിട്ടുണ്ട് എന്നുമാണ് ലൂസി പറയുന്നത്.
ഇപ്പോൾ ദിവസവും മൂന്ന് മണിക്കൂറോളമാണ് പതിവായി ഇവർ ടേബിൾ ടെന്നീസ് കളിക്കാനായി മാറ്റിവയ്ക്കുന്നത്. കളിക്കിടയിൽ താൻ രോഗിയാണെന്ന് കാര്യം തന്നെ പലപ്പോഴും മറന്നു പോകാറുണ്ടെന്ന് ലൂസി പറയുന്നു. തൻറെ ഉറക്കമില്ലാത്ത രാത്രികൾ അവസാനിച്ചെന്നും വേദനകൾക്ക് ശമനം വന്നതോടെ തനിക്കിപ്പോൾ നന്നായി ഉറങ്ങാൻ കഴിയുന്നുണ്ടെന്നും ലൂസി പറയുന്നു. ടേബിൾ ടെന്നീസ് പാർക്കിൻസൺ അസോസിയേഷന്‍റെ ഭാഗമായി കഴിഞ്ഞ വർഷം മുതൽ ആഴ്ചയിൽ രണ്ട് തവണ അസോസിയേഷൻ അംഗങ്ങളുമായി ചേർന്ന് പ്രത്യേക പരിശീലനത്തിലും ഏർപ്പെടുന്നുണ്ട് ലൂസി ക്രിപ്‌നർ. അടുത്ത സെപ്റ്റംബറിൽ ഓസ്ട്രിയയിൽ നടക്കുന്ന പിംഗ് പോങ് പാർക്കിൻസണിന്‍റെ അടുത്ത ലോക ചാമ്പ്യൻഷിപ്പ് മത്സരത്തിലും പങ്കെടുക്കുന്നുണ്ട് ലൂസി.
2020-ൽ ജർമ്മനിയിൽ സ്ഥാപിതമായ പിംഗ് പോങ് പാർക്കിൻസണിന് രാജ്യത്തുടനീളം 170 ക്ലബ്ബുകളും 1,000-ത്തോളം അംഗങ്ങളുമുണ്ട്.അസോസിയേഷന്‍റെ വെബ്സൈറ്റ് പറയുന്നത് അനുസരിച്ച് ആറുമാസക്കാലം ടേബിൾ ടെന്നീസ് അഥവാ പിംഗ്-പോംഗ് തുടർച്ചയായി പരിശീലിക്കുന്നത് പാർക്കിൻസിന്‍റെ ലക്ഷണങ്ങളായ വിറയലും വേദനയും കുറയ്ക്കുമെന്നാണ്. അസോസിയേഷൻ പറയുന്നതനുസരിച്ച് ജർമ്മനിയിൽ ഏകദേശം 4,00,000 ആളുകൾ പാർക്കിൻസൺസ് രോഗബാധിതരായി ജീവിക്കുന്നുണ്ട്. പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാൻ ആകാത്ത ഈ അസുഖം രോഗികളുടെ മാനസികാരോഗ്യ വൈകല്യങ്ങൾക്കും കാരണമാകുന്നു. കാലക്രമേണ ലക്ഷണങ്ങൾ വഷളാകുന്നതോടെ രോഗികൾക്ക് നടക്കാനും സംസാരിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടുന്നു. എന്തായാലും ടേബിള്‍ ടെന്നീസ് കളിക്കുന്നതിലൂടെ ഒരു പരിധിവരെ പാര്‍ക്കിന്‍സണ്‍സിന്‍റെ പ്രശ്നങ്ങള്‍ക്ക് ശമനം കാണാമെന്ന് വിദഗ്ദരും വ്യക്തമാക്കുന്നു.