
ഏഴ് കോടിയുടെ ആസ്തിയും 3.7 ലക്ഷം രൂപ മാസം ശമ്പളവുമുണ്ടായിട്ടും എന്തുകൊണ്ടാണ് താൻ ബെംഗളൂരു നഗരത്തിൽ ഒരു വീട് വാങ്ങാത്തത് എന്ന് വിശദീകരിച്ച് 32 -കാരനായ യുവാവ്. യുവാവ് റെഡ്ഡിറ്റിൽ ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റ് പിന്നീട് വൈറലായി മാറുകയായിരുന്നു. 'തനിക്ക് താങ്ങാനാവുന്നതാണെങ്കിലും ബാംഗ്ലൂരിൽ ഒരു വീട് വാങ്ങുന്നത് എന്തുകൊണ്ടാണ് തനിക്ക് അർത്ഥശൂന്യമായി തോന്നുന്നത്' എന്ന ടൈറ്റിലുമായിട്ടാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത്, നിലവിൽ ഇയാൾ ജയനഗറിലെ ഒരു 3BHK -യിലാണ് താമസിക്കുന്നത് എന്നാണ്. ഇന്ന് ഏകദേശം 8 കോടി വിലമതിക്കുന്ന ഒരു പ്ലോട്ടാണിത്. ഇവിടെ ഒരു അപ്പാർട്ട്മെന്റിന് 35,000 രൂപയാണ് വാടക നൽകുന്നത്. ഈ പണത്തിന് വീട് വാങ്ങുന്നത് സാമ്പത്തികമായി നോക്കുമ്പോൾ തികച്ചും ബുദ്ധിശൂന്യമായ കാര്യമാണ് എന്ന് യുവാവ് പറയുന്നു.
ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്ത് 2-3 കോടി രൂപയുടെ വീട് വാങ്ങാൻ തനിക്ക് കഴിയുമെങ്കിലും, വൈറ്റ്ഫീൽഡ്, സർജാപൂർ, വർത്തൂർ തുടങ്ങിയ പ്രദേശങ്ങളിലേക്ക് താമസം മാറി ജീവിതശൈലിയിൽ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറല്ലെന്ന് യുവാവ് വിശദീകരിക്കുന്നു. 'സത്യസന്ധമായി പറഞ്ഞാൽ, തിരക്കേറിയതും പൊടി നിറഞ്ഞതും മറ്റുമായ പ്രദേശങ്ങളിൽ ജീവിതം ചെലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല... ദീർഘനേരത്തെ യാത്ര, തീരാത്ത നിർമ്മാണം, സമാധാനമില്ലായ്മ ഇവയെല്ലാമാണ് അവിടുത്തെ പ്രശ്ന'മെന്നും യുവാവ് പറഞ്ഞു.
ജയാനഗർ തനിക്ക് ഇഷ്ടമാണെങ്കിലും ആ പ്രദേശത്ത് ഒരു വീട് വാങ്ങാനും താൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. '8 കോടി എന്നത് വില വളരെ കൂടുതലാണ്, തന്റെ കയ്യിലുള്ള പണം മുഴുവനും അതിനുവേണ്ടി ചെലവാക്കി, ഭാവിയിൽ അതിന് വീണ്ടും വില ഉയരണമെന്ന് പ്രാർത്ഥിച്ചിരിക്കാൻ താൻ ആഗ്രഹിക്കുന്നില്ല' എന്നാണ് യുവാവ് പറയുന്നത്. ഈ പണത്തിന് ഏതെങ്കിലും EU ( European Union) രാജ്യത്ത് ദീർഘകാലം താമസിക്കാനും നന്നായി പ്ലാൻ ചെയ്താൽ പ്രോപ്പർട്ടി വാങ്ങാനും സാധിക്കും. നിലവിൽ ഇങ്ങനെ തന്നെ ജയാനഗറിൽ താമസിക്കാനും, വേറെ എവിടെയെങ്കിലും ഒരു പ്രോപ്പർട്ടി സ്വന്തമാക്കാനുമാണ് താൻ ആഗ്രഹിക്കുന്നത് എന്നും യുവാവ് പറയുന്നു.