
സോഷ്യൽ മീഡിയ വളരെ സജീവമായി മാറിയതോടെ വ്യൂവിനും ലൈക്കിനും വേണ്ടി എന്തും ചെയ്യുന്ന ആളുകളുടെ എണ്ണവും കൂടിയിട്ടുണ്ട് എന്ന് പറയേണ്ടി വരും. അതുപോലെ ഞെട്ടിക്കുന്ന ഒരു സംഭവമാണ് ഇപ്പോൾ വലിയ തോതിലുള്ള വിമർശനത്തിന് കാരണമായിത്തീർന്നിരിക്കുന്നത്. വീടില്ലാതെ തെരുവിൽ കഴിയുന്ന ആളുകൾക്ക് വാളും മദ്യവും നൽകിയതിന്റെ പേരിലാണ് ടിക്ടോക്കർ വിമർശിക്കപ്പെടുന്നത്. ടിക് ടോക്കർ കീത്ത് കാസ്റ്റിലോ എന്നയാളാണ് അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള തെരുവിൽ കഴിയുന്ന ആളുകൾക്ക് വാളുകളും മദ്യക്കുപ്പികളും വിതരണം ചെയ്യുന്നതിന്റെ വീഡിയോകൾ പങ്കുവെച്ചത്. ഇതിന് പിന്നാലെ വലിയ പ്രതിഷേധം തന്നെ ഉയരുകയായിരുന്നു.
എന്നാൽ, വിമർശനം ഉയർന്നതിന് പിന്നാലെ കാസ്റ്റിലോ നടത്തിയ പരാമർശം വീണ്ടും സംഭവത്തിൽ പ്രതിഷേധം ഉയരാൻ കാരണമായി തീരുകയായിരുന്നു. തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളൊന്നും തന്നെ തനിക്കൊരു പ്രശ്നമല്ല, താനതൊന്നും കാര്യമാക്കുന്നില്ല, ഇതെല്ലാം താൻ വ്യൂവിന് വേണ്ടി ചെയ്യുന്നതാണ് എന്നതായിരുന്നു ഇയാളുടെ പരാമർശം. ടിക്ടോക്കിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ കാണുന്നത്, കാസ്റ്റിലോ തെരുവിലെ ആളുകൾക്ക് ചെറിയ ചെറിയ വാളുകളും ഒരു ചെറിയ മദ്യക്കുപ്പിയും നൽകുന്നതാണ്.
വീഡിയോ വൈറലായി മാറിയതോടെ വലിയ പ്രതിഷേധമാണ് ഇയാൾക്ക് നേരെ ഉയർന്നത്. ഇയാൾ ചെയ്യുന്നത് ക്രിമിനൽ കുറ്റമാണ് എന്നും നടപടി വേണം എന്നുമാണ് പലരും കമന്റ് നൽകിയിരിക്കുന്നത്. അതുപോലെ തന്നെ ആ മദ്യവും വാളും നൽകിയവരിൽ മാനസികാരോഗ്യത്തിന് പ്രശ്നമുള്ളവരുണ്ടെങ്കിൽ അതുണ്ടാക്കുന്ന പ്രശ്നങ്ങൾ എത്രമാത്രം വലുതായിരിക്കും എന്നാണ് മറ്റ് ചിലർ ചോദിച്ചിരിക്കുന്നത്. ഇത് എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാൽ ആ പ്രശ്നങ്ങളുടെയെല്ലാം ഉത്തരവാദി ഈ ടിക്ടോക്കർ മാത്രമായിരിക്കും എന്നാണ് മറ്റ് ചിലർ കമന്റ് നൽകിയിരിക്കുന്നത്.