
മഴ പെയ്താൽ ഓഫീസിൽ പോകാൻ മടി പിടിക്കുന്നവരാണ് നമ്മളിലേറെപ്പേരും. ആ പെരുമഴയത്ത് ശമ്പളത്തോട് കൂടി അവധി കിട്ടിയാലോ? അങ്ങനെ കിട്ടിയിരിക്കുന്നത് ചൈനയിലാണ്. കനത്ത മഴയുള്ളപ്പോൾ യാത്ര ഒഴിവാക്കാൻ തന്റെ ജീവനക്കാരിക്ക് ഏഴ് ദിവസത്തെ ശമ്പളത്തോടു കൂടിയ 'മഴ അവധി' (Rain Leave) നൽകിയിരിക്കുകയാണ് ചൈനയിലെ പ്രമുഖ സ്നാക്സ് കമ്പനിയായ ‘മാല വാങ്‌സി’.
ചൈനയിലെ ഹുനാൻ പ്രവിശ്യയിലുള്ള ചാങ്ഷാ നഗരത്തിൽ പ്രവർത്തിക്കുന്ന കമ്പനിയാണിത്. മാർച്ചിൽ തുടങ്ങി ജൂൺ വരെ നീണ്ടുനിൽക്കുന്ന അതിശക്തമായ മഴ ഇവിടുത്തെ പ്രത്യേകതയാണ്. മഴയത്ത് യാത്ര ചെയ്യാൻ ബുദ്ധിമുട്ടാകുന്നു എന്ന് ജീവനക്കാർ പരാതിപ്പെട്ടതോടെയാണ് കമ്പനി ഉടമയുടെ മകൻ ഇതിനൊരു പരിഹാരത്തെ കുറിച്ച് ആലോചിച്ചത്. ഓൺലൈൻ മാർക്കറ്റിംഗിന്റെ ഹെഡ്ഡാണ് ഇപ്പോൾ ഈ 2K കിഡ്.
അങ്ങനെ കമ്പനി ഒരു ലോട്ടറി സംഘടിപ്പിച്ചു. ഇതിലാണ് ഏഴ് ദിവസത്തെ മഴ അവധിയും പെടുന്നത്. കമ്പനി ഗേറ്റിൽ വെച്ച് നടത്തിയ ലോട്ടറിയിലൂടെയാണ് ഭാഗ്യശാലികളെ തിരഞ്ഞെടുത്തത്. അവധിക്ക് പുറമെ വസ്ത്രങ്ങൾ ഉണക്കുന്നതിനുള്ള ഓട്ടോമാറ്റിക് ഡ്രയറുകൾ, റെയിൻ ബൂട്ടുകൾ, കുടകൾ, ഹെയർ ഡ്രയറുകൾ, ഡീഹ്യുമിഡിഫയറുകൾ എന്നിവയും സമ്മാനമായി നൽകി. ഇതിനെ കുറിച്ചെല്ലാം ഷാങ്ങിന്റെ മകൻ തന്റെ സോഷ്യൽ മീഡിയാ പേജായ 'സ്പൈസി സണ്ണി'ൽ പങ്കുവച്ചിട്ടുണ്ട്.
മാത്രമല്ല, മഴ കാരണം ഓഫീസിൽ എത്താൻ വൈകിയാൽ അവർക്കെതിരെ നടപടി ഒഴിവാക്കാൻ 'ലേറ്റ്-ഫോർ-വർക്ക്' പാസ്സുകളും ജീവനക്കാർക്ക് ലഭിച്ചു. '90 ദിവസത്തിൽ 82 ദിവസവും മഴ പെയ്യുന്ന ഒരു നഗരം നിങ്ങൾ കണ്ടിട്ടുണ്ടോ? ജീവനക്കാരുടെ മടുപ്പ് മാറ്റാനാണ് ഞങ്ങൾ ഈ 'റെയിൻ ലീവ് ലോട്ടറി' ഒരുക്കിയത്' എന്നാണ് ഷാങ് പറയുന്നത്. സംഗതി സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടതോടെ ഈ കമ്പനി ബോസിനെ അഭിനന്ദിക്കുകയാണ് ജനങ്ങൾ.