ഡയറ്റ് കോക്ക് കിട്ടാനില്ല; സോഷ്യൽ മീഡിയയിൽ തരംഗമായി 'ഷോർട്ടേജ് മീമുകൾ'

Published : Apr 23, 2026, 01:54 PM IST
Diet coke

Synopsis

ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ ഡയറ്റ് കോക്ക് ലഭ്യതയിൽ വലിയ കുറവ് അനുഭവപ്പെടുന്നു. ബ്ലിങ്കിറ്റ്, സെപ്റ്റോ തുടങ്ങിയ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ പലയിടത്തും ഔട്ട് ഓഫ് സ്റ്റോക്ക് ബോർഡുകൾ തെളിഞ്ഞതോടെ ഉപഭോക്താക്കൾ വലിയ ബുദ്ധിമുട്ടിലാണ്.

രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ ഡയറ്റ് കോക്ക് ലഭ്യതയില്‍ വന്‍ കുറവ് അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍. മുംബൈ, ബെംഗളൂരു, പൂനെ, ഡല്‍ഹി എന്‍സിആര്‍ തുടങ്ങിയ നഗരങ്ങളിലെ വിപണികളിലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡയറ്റ് കോക്കിന്റെ സ്റ്റോക്ക് തീരുന്നത്. ബ്ലിങ്കിറ്റ്, സെപ്റ്റോ തുടങ്ങിയ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ പലയിടത്തും ഔട്ട് ഓഫ് സ്റ്റോക്ക് ബോര്‍ഡുകള്‍ തെളിഞ്ഞതോടെ ഉപഭോക്താക്കള്‍ വലയുകയാണ്.

ട്രെന്‍ഡായി ‘ഡയറ്റ് കോക്ക്’ ഷോർട്ടേജ് മീമുകൾ

ലഭ്യത കുറഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ ജെൻ സികള്‍ക്കിടയില്‍ ഇതൊരു വലിയ ചര്‍ച്ചാവിഷയമായി മാറിയിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാം റീലുകളിലും റെഡ്ഡിറ്റിലും ഒഴിഞ്ഞ ഫ്രിഡ്ജുകളുടെയും ആപ്പുകളിലെ സേര്‍ച്ച് റിസള്‍ട്ടുകളുടെയും സ്ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ച് 'ഡയറ്റ് കോക്ക് ക്ഷാമം' ഒരു മീം ട്രെന്‍ഡായി മാറിക്കഴിഞ്ഞു. പല ക്രിയേറ്റര്‍മാരും ഇതൊരു വ്യക്തിപരമായ പ്രതിസന്ധിയായി അവതരിപ്പിച്ചതോടെ വിഷയം ഡിജിറ്റല്‍ ലോകത്ത് വൈറലായി.

എന്താണ് ഈ ക്ഷാമത്തിന് പിന്നില്‍?

ഡയറ്റ് കോക്ക് മാത്രം വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകുന്നതിന് പിന്നില്‍ പ്രധാനമായും അലുമിനിയം ക്യാനുകളുടെ ക്ഷാമമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. മറ്റ് ശീതളപാനീയങ്ങള്‍ പ്ലാസ്റ്റിക് കുപ്പികളിലും ഗ്ലാസ് കുപ്പികളിലും വിതരണം ചെയ്യാറുണ്ടെങ്കിലും ഡയറ്റ് കോക്ക് ഇന്ത്യയില്‍ പ്രധാനമായും ക്യാനുകളിലാണ് വരുന്നത്.

പശ്ചിമേഷ്യയിലെ സംഘർഷ പശ്ചാത്തലവും ഹോര്‍മുസ് കടലിടുക്കിലെ തടസങ്ങളും കാരണം അലുമിനിയം ഇറക്കുമതി പ്രതിസന്ധിയിലായതാണ് ഇന്ത്യയിലെ പാനീയ വിപണിയെ ബാധിച്ചത്. അലുമിനിയം വിലയില്‍ ഏകദേശം 15 മുതല്‍ 20 ശതമാനം വരെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ക്യാനുകള്‍ക്ക് ബിഐഎസ് സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കിയതും വിതരണത്തിലെ വേഗത കുറയാന്‍ കാരണമായതായി പറയപ്പെടുന്നു.

വേനല്‍ക്കാലത്ത് ഡിമാന്‍ഡ് ഇരട്ടിയായ സാഹചര്യത്തില്‍ വിതരണം സുഗമമാക്കാന്‍ യുഎഇ, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്ന് അലുമിനിയം ക്യാനുകള്‍ നേരിട്ട് ഇറക്കുമതി ചെയ്യാനുള്ള നീക്കത്തിലാണ് കമ്പനികള്‍. എന്നാല്‍ ഇതിന് 25 മുതല്‍ 30 ശതമാനം വരെ അധിക ചിലവ് വരുന്നുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് വിതരണ ശൃംഖലയിലെ വെല്ലുവിളികള്‍ പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്ന് കൊക്കക്കോള അറിയിച്ചു.

ഡയറ്റ് കോക്കിന് പകരം കോക്ക് സീറോ പോലുള്ള പകരക്കാരിലേക്ക് ഉപഭോക്താക്കള്‍ മാറുന്നത് ബ്രാന്‍ഡിന് വെല്ലുവിളിയാകുമോ എന്ന ആശങ്കയും വിദഗ്ധര്‍ പങ്കുവെക്കുന്നുണ്ട്.

 

 

PREV
Read more Articles on
click me!

Recommended Stories

'അവരെ ദൈവം രക്ഷിക്കട്ടെ'; രാവിലെ 5 മണിക്ക് ശബ്ദമുണ്ടാക്കിയ ഇന്ത്യക്കാരനായ അയൽക്കാരനെ കുറിച്ച് യുഎസുകാരൻ
2025 -ൽ കുടിയേറ്റ ശ്രമത്തിനിടെ മരിക്കുകയോ കാണാതാവുകയോ ചെയ്തത് 8,000 പേരെയെന്ന് റിപ്പോർട്ട്