ലോൺ പോലുമടക്കാനാവുന്നില്ല, ചിലവിന് തികയുന്നില്ല, അമേരിക്കയിൽ നിന്നും മടങ്ങണോ? ചോദ്യവുമായി ഇന്ത്യൻ വിദ്യാർത്ഥി

Published : Apr 23, 2026, 03:37 PM IST
man, tired

Synopsis

ഒരു സ്ഥിര ജോലി കണ്ടെത്താനാവുന്നില്ല, ലോണടക്കാനോ ചിലവുകള്‍ക്കോ ഉള്ള പണം പോലും കിട്ടുന്നില്ല. അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങണോ? ചോദ്യവുമായി ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി. 

ഉപരിപഠനത്തിനും മെച്ചപ്പെട്ട ജീവിതത്തിനുമായി ഇന്ത്യയിൽ നിന്നും നിരവധിപ്പേരാണ് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത്. എന്നാൽ, അമേരിക്കയിലേക്ക് കുടിയേറുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ കടുത്ത പ്രതിസന്ധി നേരിടുന്നതായിട്ടാണ് ഈ റെഡ്ഡിറ്റ് പോസ്റ്റിൽ നിന്നും മനസിലാകുന്നത്. അമേരിക്കയിലേക്ക് ഉന്നതപഠനത്തിനായി പോയ ഒരു ഇന്ത്യൻ വിദ്യാർത്ഥിയാണ് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. രണ്ട് വർഷം മുമ്പ് മാസ്റ്റേഴ്സ് ബിരുദത്തിനായി യുഎസ്സിലെത്തിയതാണ് യുവാവ്. എന്നാൽ, പഠനം പൂർത്തിയാക്കി ഒരു വർഷമായിട്ടും സ്ഥിരമായ ഒരു ജോലി കണ്ടെത്താനാകാതെ താൻ ബുദ്ധിമുട്ടിലാണ് എന്നാണ് റെഡ്ഡിറ്റിൽ യുവാവ് കുറിച്ചിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി തന്നെയാണ് യുവാവിനെ വലയ്ക്കുന്ന പ്രധാന പ്രശ്നം. നിലവിൽ ഒരു കരാർ ജോലി ഉണ്ടെങ്കിലും സ്ഥിരവരുമാനം ഇല്ലാത്തത് ഒരു പ്രശ്നമാണ്. ജോലിയുള്ള ദിവസങ്ങളിൽ മാത്രമേ ശമ്പളം ലഭിക്കൂ. അതിനാൽ തന്നെ വാടക നൽകാനും ജീവിച്ചുപോകാനുള്ള ചിലവുകൾക്കും ഒക്കെയായി അവൻ കഷ്ടപ്പെടുകയാണ്. വൻതുക ലോണെടുത്താണ് പഠനം പൂർത്തിയാക്കിയത്. എന്നാൽ, കയ്യിൽ കിട്ടുന്നത് അപ്പോൾത്തന്നെ തീരുമെന്ന അവസ്ഥയായതിനാൽ ലോൺ തിരിച്ചടയ്ക്കാൻ പോലും സാധിക്കുന്നുമില്ല. ആയിരത്തിലധികം കമ്പനികളിൽ അപേക്ഷിച്ചിട്ടും ഒരിടത്തുനിന്നും അനുകൂലമായ മറുപടി ലഭിക്കാത്തത് യുവാവിനെ മാനസികമായി തളർത്തുകയാണ് എന്നും പോസ്റ്റിൽ കാണാം.

വിദ്യാർത്ഥിയുടെ ഓപ്‌ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗ് (OPT) കാലാവധി മെയ് മാസത്തിൽ അവസാനിക്കും. ഇതിനുശേഷം സ്റ്റെം (STEM) ഒപിടി വഴി കാലാവധി നീട്ടിയെടുക്കാൻ കഴിയുമെങ്കിലും, അസ്ഥിരമായ ജോലിയിൽ തുടരണമോ എന്ന ആശയക്കുഴപ്പത്തിലാണ് യുവാവ്. അതേസമയം, ഇന്ത്യയിലേക്ക് മടങ്ങുകയാണെങ്കിൽ ഇന്റർനാഷണൽ കോൺട്രാക്ട് അടിസ്ഥാനത്തിൽ ജോലി നൽകാമെന്ന് നിലവിലെ തൊഴിലുടമ പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലിരുന്ന് ജോലി ചെയ്താൽ പണം ലാഭിക്കാനും ലോൺ വേഗത്തിൽ തിരിച്ചടയ്ക്കാനും സാധിക്കുമെന്നതാണ് ഇതിന്റെ മെച്ചം. അതേസമയം, യുവാവിന് പിഎച്ച്‍ഡി ചെയ്യാനും താല്പര്യമുണ്ട്.

 

 

നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. സാമ്പത്തികമായി പ്രതിസന്ധിയിലാണെങ്കിൽ അമേരിക്കയിൽ തുടരുന്നതിൽ അർത്ഥമില്ലെന്നും ഇന്ത്യയിലേക്ക് മടങ്ങി സ്വസ്ഥമായും സമാധാനമായും ജീവിക്കുന്നതാണ് നല്ലതെന്നുമാണ് ഒരു വിഭാ​ഗം അഭിപ്രായപ്പെട്ടത്. കഷ്ടപ്പാടാണെങ്കിലും സ്റ്റെം ഒപിടി കാലാവധി കൂടി അവിടെ തുടർന്ന് എക്സ്പീരിയൻസ് നേടിയെടുക്കാനാണ് മറ്റൊരു വിഭാ​ഗം ഉപദേശിച്ചത്.

 

PREV
Read more Articles on
click me!

Recommended Stories

ഡയറ്റ് കോക്ക് കിട്ടാനില്ല; സോഷ്യൽ മീഡിയയിൽ തരംഗമായി 'ഷോർട്ടേജ് മീമുകൾ'
'അവരെ ദൈവം രക്ഷിക്കട്ടെ'; രാവിലെ 5 മണിക്ക് ശബ്ദമുണ്ടാക്കിയ ഇന്ത്യക്കാരനായ അയൽക്കാരനെ കുറിച്ച് യുഎസുകാരൻ