തീവ്രപരിചരണം, ക്വാറന്റൈൻ, പരിചരണം; 700 വർഷം പഴക്കമുള്ള ആൽമരത്തിന് പുനർജന്മം

By Web TeamFirst Published Nov 18, 2020, 5:32 PM IST
Highlights

തീവ്രപരിചരണമായിരുന്നു പിന്നീട് മരത്തിന് നല്‍കിയത്. മാത്രവുമല്ല, അത്രയും വലിയ മരത്തിനാവശ്യമുള്ള വെള്ളം അവിടെ ഭൂമിക്കടിയിലില്ലായിരുന്നു. അങ്ങനെ ഓരോ ദിവസവും മരത്തിനാവശ്യമായ വെള്ളം നല്‍കിക്കൊണ്ടിരുന്നു. 

2017 -ലാണ് തെലങ്കാനയിലെ മഹബൂബ് ന​ഗർ ജില്ലയിലെ ആ 700 വര്‍ഷം പഴക്കമുള്ള ആല്‍മരത്തിന്റെ കൊമ്പുകളിലൊന്ന് തകര്‍ന്നുവീണത്. തെലങ്കാനയുടെ തന്നെ പ്രൗഢിയുടെ ഭാ​ഗമായി നിൽക്കുകയായിരുന്നു മഹബൂബ് ന​ഗറിൽ നിന്നും നാല് കിലോമീറ്റർ ദൂരെയുള്ള ഏകദേശം നാല് കിലോമീറ്ററിലായി വ്യാപിച്ചു കിടക്കുന്ന ഈ ആൽമരം. അതുകൊണ്ടുതന്നെ നശിച്ചുവീഴാനായ അവസ്ഥയിലായ ആല്‍മരം ജില്ലാ ഭരണകൂടത്തിന്റെയും നാട്ടുകാരുടെയും വേദനയായി. ചിതലും മറ്റും അതിനെ അക്രമിച്ചുകൊണ്ടിരുന്നതും അവർ കാണുന്നുണ്ടായിരുന്നു. ആന്തരികമായ രോഗങ്ങള്‍ക്കൊപ്പം തന്നെ അതിന്റെ ചില്ലകളും വേരുമെല്ലാം പ്രശ്‌നം നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. പോരാത്തതിന് സന്ദര്‍ശകരുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ വേറെയും. അങ്ങനെ മരിക്കാറായ ആ വൃക്ഷത്തെ പുനരുജ്ജീവിപ്പിച്ചേ തീരൂവെന്ന് ജില്ലാ ഭരണകൂടത്തിന് തോന്നി. അതിനായുള്ള പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനായി നിരവധി വിദഗ്ദരെയും ജില്ലാ ഭരണകൂടം കണ്ടു. 

ഏതായാലും കളക്ടര്‍ ഉടന്‍ തന്നെ ധനസഹായം അനുവദിച്ചു. ചില്ലകളൊടിഞ്ഞ് ഒരു മാസത്തിനുശേഷം, മരത്തിന്റെ ചികിത്സയ്ക്കായി ഒരു പദ്ധതി തയ്യാറാക്കപ്പെട്ടു. മരത്തിന് ക്വാറന്റൈന്‍ തന്നെ ഏര്‍പ്പെടുത്തി. ക്ലോറിപിരിഫോസ് തളിച്ചു. എന്നാല്‍, പുറമേയുള്ള ചികിത്സകളൊന്നും ഫലിച്ചില്ല. അണുബാധ മരത്തിനകത്തേക്ക് വ്യാപിച്ചിരുന്നു. അങ്ങനെ 500 ഉപ്പുവെള്ളത്തിന്റെ കുപ്പികള്‍ മരത്തിലേക്ക് ഘടിപ്പിച്ചു. ചില്ലകളിലേക്ക് വെള്ളം കയറ്റിവിട്ടു. അതിനായി രണ്ട് മീറ്റര്‍ വരുന്ന ദ്വാരങ്ങള്‍ മരത്തിന്റെ പലഭാഗത്തുമുണ്ടാക്കി. ഇങ്ങനെ രാസകീടനാശിനികള്‍ കൊണ്ടുമാത്രം പ്രയോജനമില്ലെന്ന വിമര്‍ശനമുയര്‍ന്നതോടെ വെര്‍മികമ്പോസ്റ്റ് അടക്കമുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ചു. ഒപ്പം തന്നെ വേപ്പെണ്ണയും തളിച്ചു. 

മരത്തെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരും നിരവധി ജീവനക്കാരും പങ്കെടുത്തു. മരത്തിനുചുറ്റും തൂണുകള്‍ നാട്ടി അവയെ താങ്ങിനിര്‍ത്തി. തീവ്രപരിചരണമായിരുന്നു പിന്നീട് മരത്തിന് നല്‍കിയത്. മാത്രവുമല്ല, അത്രയും വലിയ മരത്തിനാവശ്യമുള്ള വെള്ളം അവിടെ ഭൂമിക്കടിയിലില്ലായിരുന്നു. അങ്ങനെ ഓരോ ദിവസവും മരത്തിനാവശ്യമായ വെള്ളം നല്‍കിക്കൊണ്ടിരുന്നു. ഓരോ രണ്ടാഴ്ച കൂടുമ്പോഴും പോഷകങ്ങള്‍ നല്‍കുന്നതിനായി ഓര്‍ഗാനിക് കമ്പോസ്റ്റ്, ജൈവവളങ്ങള്‍, പഞ്ച​ഗവ്യം തുടങ്ങിയവയെല്ലാം ഈ വേരുകള്‍ക്ക് ചുറ്റുമായി മരത്തിന് നല്‍കിക്കൊണ്ടിരുന്നു. 

ഇങ്ങനെ മൂന്നുമാസം, ദിവസം അഞ്ച് മണിക്കൂര്‍ നീണ്ടുനിന്ന പരിചരണം മരത്തിന്റെ ആരോഗ്യത്തില്‍ പോസിറ്റീവായ മാറ്റം കാണിച്ചു തുടങ്ങി. പിന്നെയും നീണ്ടുനിന്ന പരിചരണത്തെ തുടർന്ന് പുതിയ ഇലകളും ചില്ലകളും വന്നുതുടങ്ങി. 20 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. അടുത്തിടെ മരം അതിന്റെ അപകടാവസ്ഥയെ തരണം ചെയ്തുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏതായാലും ആലിന്റെ പുനരുജ്ജീവനപ്രവര്‍ത്തനങ്ങളും വിജയവും ടൂറിസം, സാംസ്‌കാരിക, പുരാവസ്തു മന്ത്രി ശ്രീ ശ്രീനിവാസ് ഗൗഡ് ഗരുവിന്റെ ശ്രദ്ധ ആകര്‍ഷിച്ചു. അദ്ദേഹം വൃക്ഷം സന്ദര്‍ശിച്ചു. 

ഇപ്പോള്‍ ഇവിടെ സന്ദര്‍ശകരെ അനുവദിക്കുന്നുണ്ടെങ്കിലും മരത്തില്‍ തൊടാനും മറ്റും അനുവാദമില്ല. പകരം മരം നടന്നു കാണുന്നതിനായി നടപ്പാത ക്രമീകരിച്ചിരിക്കുകയാണ്. 
 

click me!