
ക്രൊയേഷ്യൻ ദ്വീപായ കോർക്കുലയുടെ തീരത്ത് അവിശ്വസനീയമായ കണ്ടെത്തൽ നടത്തിയതായി പുരാവസ്തു ഗവേഷകർ. മെഡിറ്ററേനിയൻ കടലിന്റെ അടിത്തട്ടിൽ 13 അടി വീതിയുള്ള ചരിത്രാതീത ഹൈവേ കണ്ടെത്തിയെന്നാണ് ഗവേഷകർ പറയുന്നത്.
സോളിനിലെ വെള്ളത്തിനടിയിലായ നിയോലിത്തിക്ക് സൈറ്റിന് ചുറ്റുമുള്ള സമുദ്രത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ച ശേഷമാണ് ഈ വെളിപ്പെടുത്തൽ. ഈ ഹൈവേ പുരാതന ഹ്വാർ സംസ്‌കാര കാലത്ത് നിർമ്മിച്ചതാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. കൂടാതെ ഇപ്പോൾ വെളത്തിനടിയിലായിപ്പോയ നിയോലിത്തിക്ക് സൈറ്റിനെ ഇത് ഒരുകാലത്ത് കോർക്കുല ദ്വീപുമായി ബന്ധിപ്പിച്ചിരിക്കാം എന്നും ഗവേഷകർ പറയുന്നു.
ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ശിലായുഗ റോഡിന് ഏകദേശം 4,900 ബിസി പഴക്കമുണ്ട്, അതായത് ഏകദേശം 7,000 വർഷം. സദർ സർവ്വകലാശാലയിലെ ഗവേഷകനായ മാതാ പരിക്കയുടെ നേതൃത്വത്തിലുള്ള പുരാവസ്തു ഗവേഷകരുടെ സംഘമാണ് ഈ കണ്ടെത്തൽ നടത്തിയത്. ഗവേഷക സംഘത്തിൽ ഡുബ്രോവ്നിക്കിലെ മ്യൂസിയങ്ങൾ, സിറ്റി മ്യൂസിയം ഓഫ് കോർക്കുല, മ്യൂസിയം ഓഫ് കസ്റ്റേല എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരും ഉൾപ്പെട്ടിരുന്നു.
ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഈ റോഡിന്റെയും വാസസ്ഥലത്തിന്റെയും കാലപ്പഴക്കം ഗവേഷകർ നിർണയിച്ചത് റേഡിയോകാർബൺ വിശകലനത്തിലൂടെയാണ്. ബിസി 4,900 ലേതാണ് ഈ വാസസ്ഥമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ, അതുകൊണ്ട് തന്നെ ഇത് ഈ മേഖലയിലെ അറിയപ്പെടുന്ന ഏറ്റവും പഴയ വാസസ്ഥലങ്ങളിലൊന്നാകാനാണ് സാധ്യത. കണ്ടെത്തിയ ഈ റോഡ് വഴിയായിരിക്കണം ഈ മേഖലയിലെ ജനങ്ങളെ കോർക്കുല ദ്വീപുമായി ബന്ധപ്പെട്ടിരുന്നത്. ശിലാഫലകങ്ങൾ കൃത്യമായി അടുക്കിയാണ് ഈ റോഡ് നിർമ്മിച്ചിട്ടുള്ളത്. ഹ്വാർ സംസ്കാരം വളരെ പുരോഗമിച്ച ഒന്നായിരുന്നുവെന്നാണ് ഈ കണ്ടെത്തലുകൾ തെളിയിക്കുന്നത്.
ഈ കണ്ടെത്തലുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളും ചിത്രങ്ങളും ഗവേഷക സംഘം സോഷ്യൽ മീഡയയിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. വലിയ ആവേശത്തോടെയാണ് സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.