
ജോലിക്കിടെ ബന്ധുവിനോട് ഹിന്ദിയിൽ സംസാരിച്ചതിനെ തുടർന്ന് 78 കാരനായ ഇന്ത്യൻ അമേരിക്കൻ എഞ്ചിനീയറെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. യുഎസ് സംസ്ഥാനമായ അലബാമയിൽ മിസൈൽ പ്രതിരോധ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ - അമേരിക്കൻ എൻജിനീയറായ അനിൽ വർഷ്‌നിയെയാണ് ജോലിയില്‍ നിന്നും പുറത്താക്കിയത്. ഇന്ത്യയിലുള്ള തന്‍റെ ഒരു ബന്ധുവിനോട് അദ്ദേഹം ഹിന്ദിയിൽ സംസാരിച്ചതിന്‍റെ പേരിലാണ് അദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ച് വിട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിരിച്ച് വിട്ടതിന് പിന്നാലെ അനിൽ വർഷ്‌നി തന്‍റെ മുൻ തൊഴിലുടമയ്‌ക്കെതിരെ കേസ് ഫയൽ ചെയ്തെന്ന് ഡിജിറ്റൽ വാർത്താ ഔട്ട്‌ലെറ്റായ AL.com റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷമാണ് കേസിന് ആസ്പദമായ സംഭവങ്ങൾ നടന്നത്. ഹണ്ട്‌സ്‌വില്ലെ ആസ്ഥാനമായുള്ള പാർസൺസ് കോർപ്പറേഷനെതിരെയാണ് വർഷ്‌നി കേസ് ഫയൽ ചെയ്തത്. സ്ഥാപനത്തിന്‍റെ വിവേചനപരമായ നടപടികൾക്ക് എതിരെയാണ് അദ്ദേഹം കേസ് നൽകിയിരിക്കുന്നത്. സീനിയർ സിസ്റ്റം എഞ്ചിനീയറായ വർഷ്‌നി ഇന്ത്യയിൽ മരണാസന്നനായി കിടന്നിരുന്ന ഭാര്യാ സഹോദരൻ കെ സി ഗുപ്തയുമായാണ് ഹിന്ദിയിൽ സംസാരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യയിൽ നിന്നും ഫോണ്‍ കോൾ വരുമ്പോൾ അദ്ദേഹം ജോലി സ്ഥലത്തായിരുന്നു. ബന്ധുവിന്‍റെ അവസ്ഥ അത്രയേറെ മോശമായതിനാലാണ് ജോലിക്കിടയിൽ താന്‍ ഫോൺകോൾ അറ്റൻഡ് ചെയ്ത് സംസാരിച്ചതെന്ന് അനിൽ വർഷിനി പറയുന്നു.
സംഭവത്തിന് സാക്ഷിയായിരുന്ന മറ്റൊരു ജീവനക്കാരൻ ജോലിക്കിടെ ഫോണ്‍ ചെയ്യുന്നത് അനുവദനീയമല്ലെന്ന് പറഞ്ഞ് തടസ്സപ്പെടുത്തിയതോടെ താൻ സംഭാഷണം അവസാനിപ്പിച്ച് ഫോൺ കോൾ കട്ട് ചെയ്തതായും അദ്ദേഹം പറയുന്നു. എന്നാൽ, മിസൈൽ പ്രതിരോധ വിഭാഗത്തിന്‍റെ രഹസ്യ വിവരങ്ങൾ ചോർത്തുന്നതായി സഹപ്രവർത്തകൻ ആരോപണം ഉയർത്തുകയും മേലധികാരികൾക്ക് റിപ്പോർട്ട് നൽകുകയും ചെയ്തതിനെ തുടർന്നാണ് അദ്ദേഹത്തെ ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. അദ്ദേഹം ഹിന്ദിയിൽ സംസാരിച്ചതാണ് സഹപ്രവർത്തകനിൽ സംശയമുണ്ടാക്കാൻ കാരണം. ഗുരുതരമായ സുരക്ഷാ ലംഘനം ആരോപിച്ചാണ് കമ്പനി, അനിൽ വർഷിനിയെ ജോലിയിൽ നിന്നും പുറത്താക്കുകയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിരിക്കുന്നത്. കരിമ്പട്ടികയില്‍ പെടുത്തിയതോടെ ഇനി മറ്റൊരു സ്ഥാപനത്തിലും സമാന തസ്ഥികയിൽ അദേഹത്തിന് ജോലി ചെയ്യാൻ സാധിക്കുകയില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക