
ലോട്ടറിയടിച്ച പണം ഭർത്താവുമായി പങ്കുവയ്ക്കാൻ തയാറാകാതെ വിവാഹ മോചിതയായ സ്ത്രീയ്ക്ക് കിട്ടിയത് എട്ടിന്‍റെ പണി. ഒടുവിൽ കടിച്ചതുമില്ല പിടിച്ചതുമില്ലെന്ന അവസ്ഥയിലായി ഇവര്‍. കാലിഫോർണിയയിലെ ഡെനിസ് റോസ്സിയ്ക്കാണ് 1.3 മില്യൺ ഡോളറിന്‍റെ ജാക്ക്പോട്ട് അടിച്ചത്. 10.7 കോടി ഇന്ത്യന്‍ രൂപയോളം വരുമിത്. റോസ്സിയും ഭർത്താവ് തോമസും ഒരുമിച്ച് താമസിക്കുന്ന സമയത്തായിരുന്നു, റോസ്സി ലോട്ടറി എടുത്തത്. എന്നാൽ, ലോട്ടറി അടിച്ച് കഴിഞ്ഞപ്പോൾ റോസ്സി ആ വിവരം ഭര്‍ത്താവായ തോമസിനെ എന്നല്ല ആരെയും അറിയിച്ചില്ല. മാത്രമല്ല, 10 കോടിയുടെ ജാക്പോട്ട് നേടിയതിന്‍റെ 11 -ാം ദിവസം അവര്‍ വിവാഹ മോചനത്തിന് അപേക്ഷ നൽകി. അങ്ങനെ 1996 -ല്‍ ഇരുവരും വിവാഹ മോചിതരായി.
വിവാഹ മോചനം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തോമസ് തന്‍റെ മുന്‍ ഭാര്യയ്ക്ക് 10 കോടിയുടെ ജാക്പോട്ട് അടിച്ച വിവരം അറിഞ്ഞത്. സത്യമറിഞ്ഞ തോമസ് കോടതിയെ സമീപിച്ചു. ഇതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. നിയമ പോരാട്ടത്തിന് ഒടുവിൽ ജാക്പോട്ട് അടിച്ച മുഴുവൻ തുകയും മുൻ ഭർത്താവിന് നല്‍കാന്‍ കോടതി ഉത്തരവിട്ടു. സത്യത്തില്‍, ലോട്ടറിത്തുക ഭർത്താവുമായി പങ്കുവയ്ക്കാന്‍ മനസ് വരാത്തതിനാലായിരുന്നു റോസ്സി ഭര്‍ത്താവ് തോമസുമായുള്ള 25 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ചത്.
വർഷങ്ങളോളം അവർ തനിക്ക് ലോട്ടറി അടിച്ച വിവരം എല്ലാവരിൽ നിന്നും മറച്ചു വെച്ചു. വിവാഹമോചന സമയത്ത് കോടതിയിലും അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയില്ല. പക്ഷേ, ഒടുവിൽ സത്യങ്ങൾ പുറത്ത് വരിക തന്നെ ചെയ്തു. ലോട്ടറി ഏജൻസി അയച്ച ഒരു കത്ത് കൈമറിഞ്ഞ് തോമസിന്‍റെ കൈയിലെത്തിയപ്പോഴാണ് സത്യം പുറത്ത് വന്നത്. അതോടെ തോമസ് തന്‍റെ മുൻഭാര്യയുടെ വിശ്വാസ വഞ്ചനയ്ക്കെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. ഒടുവിൽ കോടതി റോസിക്കെതിരെ സ്വത്ത് വെളിപ്പെടുത്തൽ നിയമങ്ങൾ ലംഘിച്ചതിനും വഞ്ചനാ കുറ്റത്തിനും കേസെടുക്കുകയും തോമസിന് അനുകൂലമായി കേസ് വിധിക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക