79 വർഷം ഒരുമിച്ച് ജീവിച്ചു, ദമ്പതികൾ മരിച്ചത് മണിക്കൂറുകളുടെ മാത്രം വ്യത്യാസത്തിൽ

By Web TeamFirst Published Dec 8, 2022, 3:16 PM IST
Highlights

എന്നാൽ ആശുപത്രിയിലെത്തിയ അദ്ദേഹം തനിക്ക് തന്റെ പ്രിയപ്പെട്ടവൾ കിടക്കുന്ന അതേ മുറിയിൽ തന്നെ അവൾക്ക് അരികിലായി കിടക്കണമെന്ന് വാശി പിടിച്ചു. ഈ സമയങ്ങളിൽ ഒക്കെയും ജൂൺ അബോധാവസ്ഥയിൽ ആയിരുന്നു.

അത്യപൂർവ്വമായ ഒരു സ്നേഹബന്ധത്തിൻറെ കഥയാണിത്. 79 വർഷക്കാലം ജീവിതത്തിൽ പരസ്പരം നിഴലായി നിന്ന ദമ്പതികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണപ്പെട്ടു. അങ്ങനെ ജീവിതത്തിലും മരണത്തിലും അവർ ഒരുമിച്ച് തന്നെ യാത്ര തുടർന്നു. 100 വയസ്സായിരുന്നു ഇരുവരുടെയും പ്രായം.  ഒഹിയോയിൽ നിന്നുള്ള ഹ്യൂബർട്ടും ജൂൺ മാലിക്കോട്ടും ആണ് ജീവിതത്തിലും മരണത്തിലും ഒരുമിച്ച് ആയിരുന്ന ആ ദമ്പതികൾ. ഇരുവരുടെയും മരണവാർത്ത സ്ഥിരീകരിച്ചുകൊണ്ട് അവരുടെ മകൻ സാം തന്നെയാണ് ഈ കാര്യങ്ങൾ പുറത്തുവിട്ടത്.

വീട്ടിൽ നടന്ന ഒരു  പാർട്ടിക്ക് ശേഷമാണ് ജൂണിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. ഉടൻ തന്നെ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പക്ഷേ, അതോടെ വീട്ടിൽ തനിച്ചായ ഹ്യൂബർട്ടും ശാരീരികമായി ആകെ തളർന്നു. അദ്ദേഹത്തിന്റെയും ആരോഗ്യനില വളരെ മോശമായതിനെ തുടർന്ന് ഉടൻ തന്നെ ജൂണിനെ പ്രവേശിപ്പിച്ച അതേ ആശുപത്രിയിൽ തന്നെ ഹ്യൂബർട്ടിനെയും പ്രവേശിപ്പിച്ചു. 

എന്നാൽ ആശുപത്രിയിലെത്തിയ അദ്ദേഹം തനിക്ക് തന്റെ പ്രിയപ്പെട്ടവൾ കിടക്കുന്ന അതേ മുറിയിൽ തന്നെ അവൾക്ക് അരികിലായി കിടക്കണമെന്ന് വാശി പിടിച്ചു. ഈ സമയങ്ങളിൽ ഒക്കെയും ജൂൺ അബോധാവസ്ഥയിൽ ആയിരുന്നു. കുടുംബാംഗങ്ങൾ അദ്ദേഹത്തിൻറെ ആഗ്രഹം സാധിച്ചു കൊടുത്തു. അങ്ങനെ തന്റെ പ്രിയപ്പെട്ടവൾക്ക് അരികിലായി അവളുടെ കൈപിടിച്ച് അയാൾ കിടന്നു. ഉടൻതന്നെ അദ്ദേഹവും അബോധാവസ്ഥയിലേക്ക് മാറി. 

നവംബർ 30 -ന് രാവിലെ 9. 45 -ന് തന്റെ പ്രിയപ്പെട്ടവൾക്ക് അരികിൽ കിടന്ന് അയാൾ മരണമടഞ്ഞു. കൃത്യം 20 മണിക്കൂറുകൾക്കു ശേഷം നവംബർ ഒന്നിന് പുലർച്ചെ 5.45 ന് ജൂണും തൻറെ പ്രിയപ്പെട്ടവന് അരികിലേക്ക് മടങ്ങി. ഇത്രയും നാൾ നീണ്ടുനിന്ന ദാമ്പത്യ ജീവിതത്തിൽ ചെറിയ സൗന്ദര്യ പിണക്കങ്ങൾ ഒഴിച്ചാൽ ഇരുവരും തമ്മിൽ ഒരിക്കൽപോലും പരസ്പരം കുറ്റപ്പെടുത്തി സംസാരിക്കുന്നത് തങ്ങള്‍ കേട്ടിട്ടില്ല എന്നാണ് ഇവരുടെ മക്കളായ സാമും ജോയും തെരേസയും ഒരേ സ്വരത്തിൽ പറയുന്നത്.

click me!