വാടകവീട്ടിൽ നിന്നും ഒഴിഞ്ഞു തരണം എന്നാവശ്യപ്പെട്ടപ്പോൾ വീട് കത്തിച്ചു, യുവതി അറസ്റ്റിൽ

By Web TeamFirst Published Dec 8, 2022, 1:18 PM IST
Highlights

വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ട് അയൽവാസികൾ ഉണരുകയും സഹായത്തിനായി എത്തുകയും ചെയ്തു. പക്ഷേ, യുവതിയുടെ പെരുമാറ്റം എല്ലാവരിലും സംശയം ഉളവാക്കി.

പല സന്ദർഭങ്ങളിലും ആളുകൾ ഏറെ വിചിത്രമായും ചിലപ്പോഴെങ്കിലും അതിരുകടന്നും പ്രതികരിക്കാറുണ്ട്. മറ്റൊരാളോട് ദേഷ്യവും പകയും ഒക്കെ തോന്നുമ്പോഴാണ് മിക്കപ്പോഴും ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾ ഉണ്ടാകുന്നത്. സമാനമായ ഒരു സംഭവത്തിൽ 25 വയസ്സുകാരിയും മൂന്നു കുട്ടികളുടെ അമ്മയുമായ യുവതിക്ക് നാലുവർഷത്തെ തടവ് ശിക്ഷ ലഭിച്ചിരിക്കുകയാണ്. വാടകക്കെടുത്ത വീട്ടിൽ നിന്ന് ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വീടിൻറെ ഉടമസ്ഥൻ കുടിയൊഴിപ്പിക്കൽ നോട്ടീസ്  നൽകിയതിനുള്ള ദേഷ്യത്തിൽ ഇവർ മനപൂർവ്വം വീട് തീ  ഇട്ട് നശിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

നിരവധി മാസങ്ങളായി വാടക കൊടുക്കാതിരിക്കുകയും വീട് വളരെ മോശമായി കൈവശം വെച്ചിരിക്കുകയും ചെയ്തതിനാലാണ് വീട്ടുടമസ്ഥൻ ഇവർക്ക് നോട്ടീസ് നൽകിയത്. ജോർഡെയ്ൻ ലിഡിൽ എന്ന സ്ത്രീയാണ് വീട്ടുടമസ്ഥനോടുള്ള പക തീർക്കാൻ ഇത്തരത്തിൽ ഒരു ഹീന കൃത്യം ചെയ്തത്. മെയ് 6 -ന് രാത്രി അയൽവാസികൾ എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കിയതിനുശേഷമാണ് ഇവർ ഇത്തരത്തിൽ ഒരു കാര്യം ചെയ്തത്. 

എന്നാൽ, വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ട് അയൽവാസികൾ ഉണരുകയും സഹായത്തിനായി എത്തുകയും ചെയ്തു. പക്ഷേ, യുവതിയുടെ പെരുമാറ്റം എല്ലാവരിലും സംശയം ഉളവാക്കി. താൻ അഗ്നിശമന സേനയെ വിവരം അറിയിച്ചിട്ടുണ്ടെന്നും അവർ ഉടനെ എത്തും എന്നുമായിരുന്നു ജോർഡെയ്ൻ അയൽക്കാരോട് പറഞ്ഞ മറുപടി. അഗ്നിശമന സേനാംഗങ്ങൾക്കും ഇവർ നൽകിയ പേര് വിവരങ്ങളും മറ്റും തെറ്റായിരുന്നു.

എന്നാൽ, ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉടമസ്ഥൻ നൽകിയ പരാതിയിൽ പൊലീസ് ഫോറൻസിക്ക് വിദഗ്ധരുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ വീടിന് തീ ഇട്ടത് ജോർഡെയ്ൻ തന്നെയാണെന്ന് കണ്ടെത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്നാണ് കോടതി ഇവരെ നാലുവർഷത്തെ തടവിന് വിധിച്ചത്.

click me!