കൂട്ടത്തോടെ ചത്തനിലയിൽ ഡമോയ്‌സെല്ലി കൊക്കുകൾ, രോ​ഗം ബാധിച്ചതും നിരവധി

By Web TeamFirst Published Nov 11, 2021, 11:15 AM IST
Highlights

2019 നവംബറിൽ രാജസ്ഥാനിലെ സാംഭാർ തടാകത്തിൽ ഏവിയൻ ബോട്ടുലിസം ബാധിച്ച് ധാരാളം ദേശാടന പക്ഷികൾ ചത്തിരുന്നു. 

രാജസ്ഥാനിലെ കർപദ ഗ്രാമ(Rajasthan's Karpada village)ത്തിൽ 80 -ലധികം ഡമോയ്‌സെല്ലി കൊക്കുകളെ(demoiselle cranes) ചത്ത നിലയിൽ കണ്ടെത്തി. റാണിഖേത് രോഗ(Ranikhet disease)ത്തിന് പക്ഷികൾ ഇരയായതായി ആരോഗ്യ ഉദ്യോഗസ്ഥർ സംശയിക്കുന്നുവെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. 

പ്രാദേശിക വന്യജീവി പ്രവർത്തകനായ ഭജൻ ലാൽ നൈനാണ് ദേശാടന പക്ഷികളെ ചത്തനിലയിൽ ആദ്യം കണ്ടത്. തുടർന്ന് വന്യജീവി വകുപ്പിനെയും മറ്റ് വന്യജീവി പ്രവർത്തകരെയും വിവരമറിയിച്ചു. തുടർന്ന് വനംവകുപ്പ്, മൃഗഡോക്ടർമാരുടെ സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചു. രോഗബാധിതരായ നൂറോളം പക്ഷികൾ ചികിത്സയിലാണെന്നും പ്രഥമദൃഷ്ട്യാ അവയ്ക്ക് റാണിഖേത് രോഗം ബാധിച്ചിട്ടുണ്ടെന്നും മുതിർന്ന വെറ്ററിനറി ഡോക്ടർ ശരവൺ സിംഗ് റാത്തോർ പറഞ്ഞു. 

ചത്ത പക്ഷികളുടെ ആന്തരിക അവയവങ്ങളുടെ സാമ്പിളുകൾ ഭോപ്പാലിലെ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. "ഞങ്ങൾ ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു, രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ റാണിഖേത് രോഗം മൂലമാണ് മരണങ്ങളെന്ന് കരുതുന്നു. അണുബാധ മറ്റ് പക്ഷികളിലേക്ക് പടരില്ലെന്ന് ഉറപ്പാക്കാൻ, ഞങ്ങൾ ചത്ത പക്ഷികളെ ദൂരെയുള്ള ആഴത്തിലുള്ള കുഴികളിലാണിട്ടത്" ഒരു വനം ഉദ്യോഗസ്ഥൻ പറഞ്ഞു.

രോഗാവസ്ഥയിലുള്ള പക്ഷികളെ ചികിത്സിക്കുകയാണ് എന്ന് റാത്തോര്‍ പറയുന്നു. "ചില പക്ഷികൾ മറ്റ് സ്ഥലങ്ങളിലേക്ക് പറന്നു, പക്ഷേ ബാക്കിയുള്ള പക്ഷികൾ പറക്കാതിരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. അതിലൂടെ അവ മറ്റ് പക്ഷികളുമായി ഇടകലരാതിരിക്കാനും അവിടെ അണുബാധ പടരുന്നത് തടയാനും സാധിക്കും എന്നാണ് കരുതുന്നത്" അദ്ദേഹം കൂട്ടിച്ചേർത്തു. 

2019 നവംബറിൽ രാജസ്ഥാനിലെ സാംഭാർ തടാകത്തിൽ ഏവിയൻ ബോട്ടുലിസം ബാധിച്ച് ധാരാളം ദേശാടന പക്ഷികൾ ചത്തിരുന്നു. സംഭാറിലെ തണ്ണീർത്തടത്തിന്റെ ആവാസവ്യവസ്ഥയെ പരിപാലിക്കുന്നതിൽ പാരിസ്ഥിതിക മാനദണ്ഡങ്ങൾ ലംഘിച്ചതാണ് ഈ മരണങ്ങൾക്ക് കാരണമെന്നാണ് പറയുന്നത്. 

click me!