കുരുവിക്കുഞ്ഞിനെ ദത്തെടുത്ത ദമ്പതികൾ, പറന്നുപോകാൻ വിട്ടിട്ടും പോകാതെ ചിബി, ഒരപൂർവ സ്നേഹം

By Web TeamFirst Published Nov 10, 2021, 9:40 PM IST
Highlights

ഉറങ്ങുന്ന സമയത്ത് മാത്രമാണ് അവൾ തനിച്ച് ഇരിക്കുന്നത്. ബാക്കിയുള്ള സമയങ്ങളിൽ, അവൾ ദമ്പതികൾക്ക് അരികെ പറന്നുകൊണ്ടേയിരിക്കും. ചിലപ്പോൾ അവൾ വീട്ടിൽ നിന്ന് പറന്നുപോകുമെങ്കിലും, കുറച്ച് കഴിയുമ്പോൾ തിരികെ എത്തും.

മൃഗങ്ങളും, മനുഷ്യരും തമ്മിലുള്ള അവിശ്വസനീയമായ ആത്മബന്ധത്തിന്റെ കഥകൾ നമ്മൾ പലവട്ടം കേട്ടിട്ടുണ്ടാകും. ഇപ്പോഴിതാ സ്ലോവേനിയയിൽ നിന്നുള്ള ദമ്പതികളും അവരുടെ വളർത്തുപക്ഷിയായ കുരുവി(wild sparrow)യും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥയാണ് ഇന്റർനെറ്റ് കീഴടക്കുന്നത്. സ്ലോവേനിയ( Slovenia)യിലെ കൂപ്പർ നഗരത്തിൽ താമസിക്കുന്ന എലിഷും ജാൻജയും 10 ദിവസം പ്രായമുള്ളപ്പോഴാണ് കുരുവിയെ  ദത്തെടുക്കുന്നത്. 2020 മെയ് മാസത്തിൽ ജനിച്ച ഒരു പെൺകുരുവിയാണ് ചിബി. ഒരിക്കൽ ദമ്പതികളുടെ ഒരു സുഹൃത്ത് എവിടെയോ പോകുമ്പോൾ വഴിയിൽ വച്ച് ഈ കുരുവിക്കുഞ്ഞിനെ കണ്ടു. ഒരു ചത്ത കുരുവിയുടെ അരികിൽ നിലത്ത് കിടക്കുകയായിരുന്നു അവൾ. അതിന്റെ കൂടെ മറ്റാരുമുണ്ടായിരുന്നില്ല. ഒറ്റപ്പെട്ട്, ഭയന്ന് ചിറകടിക്കുന്ന അതിനെ എടുത്ത് സുഹൃത്ത് വീട്ടിലേയ്ക്ക് കൊണ്ടുവന്നു. എന്നാൽ കുഞ്ഞായ ഇതിനെ പരിപാലിക്കാനുള്ള സമയം അവൾക്കുണ്ടായില്ല.  

അപ്പോഴാണ് പക്ഷിയെ ദത്തെടുക്കാൻ ആഗ്രഹിച്ച് എലീഷിനെയും ജാൻജയെയും അവിടെ എത്തുന്നത്. ആദ്യ ദിവസങ്ങളിൽ ചിബി വളരെ ദുർബലയായിരുന്നു. ഓരോ അരമണിക്കൂറിലും അവൾക്ക് ഭക്ഷണം നൽകേണ്ടിയിരുന്നു. ഒരു ഘട്ടത്തിൽ അവൾ അതിജീവിക്കില്ലെന്ന് പോലും  ദമ്പതികൾ കരുതി. എന്നാൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ ചിബി ആരോഗ്യവതിയായി. വളർന്നപ്പോൾ അവൾ പറക്കാൻ പഠിച്ചു. പക്ഷിയെ എന്നെന്നേക്കുമായി വീട്ടിൽ വളർത്താൻ കഴിയില്ലെന്ന് ദമ്പതികൾക്ക് അറിയാമായിരുന്നു. അതിന്റെ സ്വാതന്ത്ര്യത്തിന് വിലങ്ങിടാൻ അവർ ആഗ്രഹിച്ചില്ല. അതിനാൽ അവൾ ആരോഗ്യവതിയായപ്പോൾ അവളെ തുറസ്സായ ഒരിടത്ത് ഉപേക്ഷിച്ച് അവർ വീട്ടിലേയ്ക്ക് മടങ്ങി. എന്നാൽ കുറെ ദൂരം പറന്നതിനു ശേഷം ചിബി തിരിച്ചു വീട്ടിലേയ്ക്ക് തന്നെ വന്നു. അതിനുശേഷം അവൾ ഒരിക്കലും ദമ്പതികളെ പിരിഞ്ഞിട്ടില്ല. അവൾ എപ്പോഴും അവരോടൊപ്പമാണ്. അവർക്കൊപ്പം കാറിൽ യാത്ര ചെയ്യും, നടക്കാൻ പോകും.  

ഉറങ്ങുന്ന സമയത്ത് മാത്രമാണ് അവൾ തനിച്ച് ഇരിക്കുന്നത്. ബാക്കിയുള്ള സമയങ്ങളിൽ, അവൾ ദമ്പതികൾക്ക് അരികെ പറന്നുകൊണ്ടേയിരിക്കും. ചിലപ്പോൾ അവൾ വീട്ടിൽ നിന്ന് പറന്നുപോകുമെങ്കിലും, കുറച്ച് കഴിയുമ്പോൾ തിരികെ എത്തും. അവളുടെ കൂട് എപ്പോഴും തുറന്നിരിക്കും. ഒരിക്കൽ ചിബി വീട്ടിൽ നിന്ന് മറ്റൊരു കുരുവിയുടെ പിന്നാലെ പറന്നതായും 11 മണിക്കൂറോളം അവളെ കാണാതായതും ദമ്പതികൾ ഓർക്കുന്നു. അന്ന് അവർ വല്ലാതെ ഭയന്നു. അവളെ അന്വേഷിച്ച് അവർ ഒരുപാട് നടന്നു. ഒടുവിൽ നിരാശയോടെ വീട്ടിലേക്ക് മടങ്ങാൻ തുടങ്ങിയപ്പോഴാണ് ചിബി ഒരാളുടെ തോളിൽ ഇരുന്ന് എന്തോ കഴിക്കുന്നത് കണ്ടത്. അതിനുശേഷം, പക്ഷിയെ കാണാതാകുമ്പോഴെല്ലാം, ദമ്പതികൾ ആദ്യം പുറത്തുപോയി ചുറ്റും നോക്കും. സ്വന്തം കുഞ്ഞിനെ പോലെയാണ് അവർ അവളെ നോക്കുന്നത്. അവൾക്ക് ഒരു സോഷ്യൽ മീഡിയ അക്കൗണ്ടുപോലുമുണ്ട്.  


 

click me!