
ലോകമെമ്പാടും യാത്ര പോണം. ഒരുപാട് നല്ല സ്ഥലങ്ങൾ കാണണം. അടിച്ചു പൊളിക്കണം. ഇങ്ങനെയൊക്കെ ആഗ്രഹിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. എന്നാൽ, വളരെ കുറച്ച് പേർക്കാണ് തങ്ങളുടെ ഈ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള അവസരം കിട്ടിയിട്ടുണ്ടാവുക. ഏതായാലും ആത്മാർത്ഥമായി സ്വപ്നം കാണുകയും പരിശ്രമിക്കുകയും ചെയ്താൽ നടക്കാത്ത സ്വപ്നങ്ങൾ ചുരുക്കമായിരിക്കും. ഇവിടെ 81 വയസുള്ള രണ്ട് കൂട്ടുകാരികൾ ലോകം ചുറ്റിക്കാണാൻ ഒരു 80 ദിവസത്തെ യാത്രക്കിറങ്ങി.
ടെക്സാസിൽ നിന്നുമുള്ള ഫിസിഷ്യനും ലക്ചററുമായ സാൻഡി ഹാസേലിപ്, ഡോക്യുമെന്ററി ഫോട്ടോഗ്രാഫറായ എല്ലി ഹാംപി എന്നീ കൂട്ടുകാരികളാണ് 81 -ാം വയസിൽ യാത്രക്കിറങ്ങിയത്. തങ്ങളുടെ യാത്രയുടെ വിശേഷങ്ങൾ Around the World at 80 എന്ന ബ്ലോഗിലൂടെ ലോകത്തെ അറിയിക്കുന്നും ഉണ്ട്. സാൻഡിയുടെയും എല്ലിയുടെയും ആദ്യ സ്റ്റോപ്പ് അന്റാർട്ടിക്ക ആയിരുന്നു.
അഞ്ച് വർഷം മുമ്പാണ് ഇരുവരും ഇങ്ങനെ ഒരു യാത്ര പ്ലാൻ ചെയ്യുന്നത്. അന്ന് ഇരുവരും രാത്രി ഏറെ വൈകിയും ജോലി ചെയ്യുകയായിരുന്നു. അപ്പോഴാണ് സാൻഡി ചോദിക്കുന്നത്, എല്ലി നമ്മൾ 80 -കളിൽ എത്തുമ്പോൾ ഒരു 80 ദിവസത്തെ ലോകം ചുറ്റുന്ന യാത്ര പ്ലാൻ ചെയ്താൽ എന്താ എന്ന്. അങ്ങനെ 80 -കളിൽ അവർ തങ്ങളുടെ യാത്രയെന്ന സ്വപ്നം സാക്ഷാത്കരിക്കുക തന്നെ ചെയ്തു. അന്റാർട്ടിക്കയ്ക്ക് ശേഷം, അർജന്റീന, ഈസ്റ്റർ ഐലന്റ് എന്നിവിടങ്ങളിലെല്ലാം ഇവർ യാത്ര ചെയ്തു.
പെറുവിലെ രാഷ്ട്രീയമായ അതിക്രമങ്ങൾ കാരണം തന്നെ അങ്ങോട്ടുള്ള യാത്ര ഇവരുവരും കാൻസൽ ചെയ്യുകയായിരുന്നു. ലണ്ടൻ, സാംബിയ, ഈജിപ്ത്, നേപ്പാൾ, ഇന്ത്യ തുടങ്ങി അനേകം സ്ഥലങ്ങൾ ഇരുവരും ചേർന്ന് സഞ്ചരിച്ച് കഴിഞ്ഞു. ചില യാത്രകൾ പ്ലാൻ ചെയ്തത് പോലെ അല്ല നടന്നതെങ്കിലും തങ്ങൾ ഹാപ്പിയാണ് എന്നും യാത്രയെല്ലാം അടിപൊളി ആയിരുന്നു എന്നും ഇരുവരും പറയുന്നു.
അപ്പോൾ, ഈ പ്രായത്തിൽ ഇവർ ഇത്രയധികം യാത്രകൾ നടത്തി എങ്കിൽ നമുക്കും ഉള്ളിൽ അങ്ങനെ ഒരു സ്വപ്നമുണ്ട് എങ്കിൽ ശ്രമിച്ച് നോക്കാം അല്ലേ?