Old Man Rescued : പണിമുടക്ക് ദിവസം വൃദ്ധനെ അബദ്ധത്തില്‍ ബാങ്ക് ലോക്കര്‍ മുറിയില്‍ അടച്ചുപൂട്ടി!

Published : Mar 30, 2022, 04:29 PM IST
 Old Man Rescued :  പണിമുടക്ക് ദിവസം വൃദ്ധനെ അബദ്ധത്തില്‍  ബാങ്ക് ലോക്കര്‍ മുറിയില്‍ അടച്ചുപൂട്ടി!

Synopsis

ബാങ്ക് ജീവനക്കാര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് ജോലിക്കെത്തിയ താല്‍ക്കാലിക ജീവനക്കാരി അബദ്ധത്തില്‍ ലോക്കറില്‍ അടച്ചുപൂട്ടിയ വൃദ്ധന്‍ 18 മണിക്കൂര്‍ അന്നപാനീയങ്ങളില്ലാതെ കഴിഞ്ഞശേഷം അത്ഭുതകരമായി രക്ഷപ്പെട്ടു. 

ബാങ്ക് ജീവനക്കാര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് ജോലിക്കെത്തിയ താല്‍ക്കാലിക ജീവനക്കാരി അബദ്ധത്തില്‍ ലോക്കറില്‍ അടച്ചുപൂട്ടിയ വൃദ്ധന്‍ 18 മണിക്കൂര്‍ അന്നപാനീയങ്ങളില്ലാതെ കഴിഞ്ഞശേഷം അത്ഭുതകരമായി രക്ഷപ്പെട്ടു. ഹൈദരാബാദിലെ ജൂബിലി ഹില്‍സ് ചെക്ക്‌പോസ്റ്റിന് സമീപമുള്ള യൂണിയന്‍ ബാങ്ക് ശാഖയിലാണ് സംഭവം. 

തന്റെ നിക്ഷേപങ്ങള്‍ പരിശോധിക്കാന്‍ ബാങ്ക് ലോക്കറില്‍ പോയ 85 വയസ്സുള്ള വി കൃഷ്ണ റെഡ്ഡി എന്നയാളെയാണ് ബാങ്ക് ജീവനക്കാരന്‍ അബദ്ധത്തില്‍ ലോക്കറിനുള്ളില്‍ ഇട്ട് പൂട്ടിയത്. തിങ്കളാഴ്ച രാത്രി മുഴുവന്‍ അതിനകത്ത് ചെലവഴിച്ച വൃദ്ധനെ അടുത്ത ദിവസമാണ് അവിടെ നിന്ന് രക്ഷപ്പെടുത്തിയത്. ജീവിതത്തിലെ ഏറ്റവും ഭയാനകമായ രാത്രികളില്‍ ഒന്നായിരുന്നു അതെന്ന് രക്ഷപ്പെട്ട  കൃഷ്ണ റെഡ്ഡി പറഞ്ഞു. 

കൃഷ്ണറെഡ്ഡി ഒരു പ്രമേഹരോഗിയാണ്. വേറെയും ആരോഗ്യ പ്രശ്‌നങ്ങളുണ്ട് അദ്ദേഹത്തിന്. എന്നിട്ടും 18 മണിക്കൂറുകള്‍ ഇരുട്ടുമുറിയില്‍ അന്ന പാനീയങ്ങളില്ലാതെ കഴിഞ്ഞ അദ്ദേഹം ഭാഗ്യത്തിന് രക്ഷപ്പെടുകയായയിരുന്നു.  

ജൂബിലി ഹില്‍സില്‍ താമസിക്കുന്ന റെഡ്ഡി തിങ്കളാഴ്ച വൈകുന്നേരമാണ് ബാങ്കിലെത്തിയത്.  തന്റെ നിക്ഷേപങ്ങള്‍ പരിശോധിക്കാന്‍ അദ്ദേഹം ലോക്കര്‍ റൂമിലേക്ക് പോയി. കുറച്ച് കഴിഞ്ഞ്, അദ്ദേഹം അവിടെയുള്ളത് അറിയാതെ, ബാങ്ക് ജീവനക്കാരന്‍ വാതിലടച്ചു. 

കനത്ത ഉരുക്കുവാതിനപ്പുറം ഇരുട്ടില്‍ അദ്ദേഹം പരിഭ്രാന്തനായി നിന്നു. അദ്ദേഹത്തിന്റെ നിലവിളി ആരും കേട്ടില്ല. ജീവനക്കാര്‍ പതിവുപോലെ ബാങ്ക് പൂട്ടി സ്ഥലം വിട്ടു. പിറ്റേന്ന് രാവിലെ വരെ ബാങ്ക് പരിസരം അടഞ്ഞുകിടന്നു. ബാങ്കിന്റെ ആ ലോക്കര്‍ റൂമില്‍ ആ വൃദ്ധന്‍ 18 മണിക്കൂറോളം ചിലവഴിച്ചു. ഭക്ഷണയോ വെള്ളമോ ഇല്ലാതെ കാറ്റും വെളിച്ചവും കടക്കാത്ത ആ മുറിയില്‍ അദ്ദേഹം കിടന്നു. അദ്ദേഹത്തിന്റെ കൈയില്‍ ഫോണും ഉണ്ടായിരുന്നില്ല.

വൈകുന്നേരമായിട്ടും റെഡ്ഡി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അതോടൊപ്പം, അദ്ദേഹത്തെ കാണാനില്ലെന്ന സന്ദേശം ഫോട്ടോ സഹിതം സോഷ്യല്‍ മീഡിയയിലും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. 

 

ഇതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. അവര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും തിങ്കളാഴ്ച വൈകുന്നേരം അദ്ദേഹം ജൂബിലി ഹില്‍സ് ചെക്ക്‌പോസ്റ്റ് മുറിച്ചുകടക്കുന്നതായി കണ്ടെത്തുകയും ചെയ്തു.

അതിനിടെ, അമ്പലത്തില്‍ പോകുന്നതിന് മുമ്പ് ബാങ്കിലേക്ക് പോണമെന്ന് അദ്ദേഹം പറഞ്ഞതായി കുടുംബാംഗങ്ങള്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസ് ചൊവ്വാഴ്ച രാവിലെ ബാങ്കിന്റെ സിസിടിവി ദൃശ്യങ്ങള്‍ വിശകലനം ചെയ്യുകയും അദ്ദേഹം ലോക്കര്‍ റൂമിലേക്ക് പ്രവേശിക്കുന്നത് കണ്ടെത്തുകയും ചെയ്തു. ലോക്കര്‍ റൂമില്‍ ചെന്ന് നോക്കിയപ്പോള്‍ ബോധരഹിതനായി അദ്ദേഹം കിടക്കുന്നതാണ് കണ്ടത്. അവശനിലയിലായ  അദ്ദേഹത്തെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പൊലീസ് എത്തിച്ചു. അവിടെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വീട്ടുകാര്‍ വന്ന് അദ്ദേഹത്തെ കൂടി കൊണ്ടുപോവുകയായിരുന്നു.    

സ്ഥിരം ജീവനക്കാര്‍ ദേശീയ പണിമുടക്കില്‍ പങ്കെടുത്തതിനാല്‍ താത്കാലിക ജീവനക്കാരാണ് ബാങ്കില്‍ ഉണ്ടായിരുന്നതെന്നും അതിലൊരു സ്ത്രീയാണ് വൃദ്ധന്‍ അകത്തേയ്ക്ക് പോയത് ഓര്‍ക്കാതെ വാതില്‍ പൂട്ടിയതെന്ന് ബാങ്ക് അധികൃതര്‍ പോലീസിനോട് പറഞ്ഞു. കുടുംബാംഗങ്ങളുടെ പരാതിയെത്തുടര്‍ന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ ഐപിസി 336, 342 വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി ജൂബിലി ഹില്‍സ് ഇന്‍സ്‌പെക്ടര്‍ രാജശേഖര്‍ റെഡ്ഡി പറഞ്ഞു. 
 

PREV
Read more Articles on
click me!

Recommended Stories

വിവാഹ വസ്ത്രത്തിൽ സോഫ്റ്റ്‌വെയർ പ്രശ്നം പരിഹരിച്ച വധുവിന് വിമ‍‍ർശനം; പിന്നാലെ ചുട്ട മറുപടി, വൈറൽ
വല്ലപ്പോഴും കിട്ടുന്ന ശമ്പളം, കടുത്ത അവഗണന; യുവതിയുടെ കുറിപ്പ് ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളെ വെളിപ്പെടുത്തുന്നു