അമേരിക്കയിൽ ജനിച്ച് വളർന്ന ഇന്ത്യന്‍ യുവതിയുടെ പോസ്റ്റ് വൈറല്‍. ഇന്ത്യയെക്കുറിച്ച് മോശം കാര്യങ്ങൾ മാത്രം കേട്ട തനിക്ക് ഇന്ത്യയിലെ അനുഭവം വളരെ വ്യത്യസ്തമായിരുന്നു എന്നാണ് യുവതി പറയുന്നത്.
അമേരിക്കയിൽ ജനിച്ചു വളർന്ന ഒരു ഇന്ത്യൻ യുവതിയുടെ അനുഭവക്കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യയെ ഒരിക്കൽ താൻ ഭയപ്പെടുകയും തെറ്റിദ്ധരിക്കുകയും ചെയ്തിരുന്നു. എന്നാൽ, അവിടേക്ക് താമസം മാറിയതിന് ശേഷം തന്റെ ജീവിതം എങ്ങനെ മാറി എന്നതിനെ കുറിച്ചാണ് യുവതി പറയുന്നത്. തങ്ങളുടെ കുടുംബം ഇന്ത്യയിലേക്ക് താമസം മാറുകയാണെന്ന് അമ്മ ആദ്യം പറഞ്ഞപ്പോൾ താൻ കരഞ്ഞു എന്നാണ് 22 -കാരിയായ യുവതി റെഡ്ഡിറ്റ് പോസ്റ്റിൽ പറയുന്നത്. മുമ്പ് ഒരിക്കലും ഇന്ത്യയിൽ പോയിട്ടില്ല, ഇന്ത്യയെ കുറിച്ച് മോശം കാര്യങ്ങൾ മാത്രമേ കേട്ടിട്ടുള്ളൂ എന്നും അവർ പറഞ്ഞു.
16 -കാരിയായ സഹോദരിയുമായി ഇന്ത്യയിൽ എത്തിയപ്പോൾ ആദ്യ ദിവസം ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ആകപ്പാടെ അസ്വസ്ഥത ആയിരുന്നു, എങ്ങനെ പെരുമാറണം എന്നുപോലും അറിയുമായിരുന്നില്ല. എന്നാൽ പോകെപ്പോകെ ആ അസ്വസ്ഥത മാറി. ഇന്ത്യയോട് തനിക്ക് വിചിത്രമായ ഒരു പരിചയം തോന്നി തുടങ്ങിയെന്ന് യുവതി കുറിക്കുന്നു. ബന്ധുക്കൾ തന്നെയും സഹോദരിയേയും സ്വാഗതം ചെയ്തു. ഫോൺ കോളുകൾ വഴി മാത്രം പരിചയപ്പെട്ട കസിൻസ് ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ തങ്ങളോട് ഊഷ്മളമായിട്ടാണ് പെരുമാറിയത്. തങ്ങൾ ശരിക്കും വീട്ടിലാണ് എന്ന തോന്നലുണ്ടാക്കി.
ബന്ധുക്കൾ തങ്ങളെ കുറിച്ച് നിരന്തരം അന്വേഷിക്കുകയും പുറത്തുപോകാൻ ക്ഷണിക്കുകയും ആത്മാർത്ഥമായി ഇടപെടുകയും ചെയ്തു. ഞങ്ങളെ കൂടി അവർ പരിഗണിക്കുന്നു, അവരിൽ ഞങ്ങളും ഉൾപ്പെടുന്നു എന്ന് തോന്നിച്ച കാര്യങ്ങളായിരുന്നു അത് എന്നാണ് യുവതി പറയുന്നത്. ഇന്ത്യയിലെ തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ എന്തുകൊണ്ടാണ് മറ്റുള്ളവർ ഇന്ത്യയെ ഇങ്ങനെ വെറുക്കുന്നത് എന്ന് തനിക്ക് മനസിലാകുന്നില്ല എന്നാണ് യുവതി കുറിച്ചിരിക്കുന്നത്.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. യുവതിയുടെ സത്യസന്ധമായ വാക്കുകളെ അഭിനന്ദിച്ചുകൊണ്ടുള്ളതാണ് ഏറെ കമന്റുകളും.
