Opinion : കിടപ്പറയില്‍ സ്ത്രീ ആഗ്രഹിക്കുന്ന ചിലതുണ്ട്, അവിടെയും സമയമില്ല എന്ന് പറഞ്ഞാല്‍...!

Published : Mar 30, 2022, 03:13 PM IST
Opinion :  കിടപ്പറയില്‍ സ്ത്രീ ആഗ്രഹിക്കുന്ന ചിലതുണ്ട്, അവിടെയും സമയമില്ല എന്ന് പറഞ്ഞാല്‍...!

Synopsis

എനിക്കും ചിലത് പറയാനുണ്ട്. സ്ത്രീ ആഗ്രഹിക്കുന്നത് എന്ത്? ഡോ. മായ രവീന്ദ്രന്‍ എഴുതുന്നു

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

Read more : ആണുങ്ങള്‍ക്ക് അറിഞ്ഞുകൂടാത്ത ചില പെണ്‍രഹസ്യങ്ങള്‍...!

.........................................


പുരുഷനില്‍ നിന്ന് ഒരു സ്ത്രീ ആഗ്രഹിക്കുന്നതെന്ത്  എന്ന ചോദ്യം കേള്‍ക്കുമ്പോള്‍ തന്നെ ഇതില്‍  എന്ത് ചോദിക്കാന്‍ ഇരിക്കുന്നു എന്ന മറുചോദ്യമാണ് എന്റെ മനസ്സില്‍ നിറഞ്ഞത്. ഒരല്പം സ്‌നേഹം,കരുതല്‍ ഇതില്‍ കൂടുതല്‍ എന്ത് ആഗ്രഹിക്കാന്‍. എന്നാല്‍ പല പുരുഷന്മാര്‍ക്കും അറിയാത്തതും ഇതുതന്നെ. 

അപ്പോഴും ഞാന്‍ ചിന്തിക്കുകയാണ്, പുരുഷന്മാര്‍ക്ക് അറിയില്ലേ, അതോ ഇത്രയൊക്കെ മതി എന്ന് വിചാരിക്കുന്നതാണോ. 

പണ്ടൊക്കെ അമ്മമാര്‍ പറയുന്നത് കേട്ടിട്ടുണ്ട്, ഒരുപാട് അങ്ങ് കൊഞ്ചിക്കല്ലേ തലയില്‍ കയറി ഇരിക്കും എന്ന്. എന്നാല്‍ ഒരു സ്ത്രീക്ക് കൊഞ്ചാന്‍ അവന്റെ പുരുഷന്‍ അല്ലാതെ വേറെ ആരാണ് ഉള്ളത്. നെഞ്ചില്‍ ചാഞ്ഞു അല്പം നേരം നില്‍ക്കാന്‍,നെറ്റിയില്‍  അമര്‍ത്തി ഒരു ചുംബനം  കിട്ടാന്‍ ഇതൊക്കെ ആഗ്രഹിക്കാത്ത ഏത് സ്ത്രീയാണ് ഉണ്ടാവുക. 

പുരുഷനില്‍നിന്നും സ്ത്രീയെ വേര്‍തിരിക്കുന്ന സവിശേഷമായ ഒരു സ്വഭാവ ഗുണമുണ്ട്. തന്റെ ആഗ്രഹങ്ങള്‍ എല്ലാം തന്നെ തന്റെ പുരുഷനില്‍ നിന്ന് തന്നെ  ലഭിക്കണം എന്ന് ഭൂരിപക്ഷ സ്ത്രീകളും ആശിക്കുന്നു. 'ഒരു ചെമ്പനീര്‍ പൂവിരിഞ്ഞു ഞാന്‍ ഓമലേ' എന്ന ഗാനം പോലെ എല്ലാം മനസ്സില്‍ ഒതുക്കി സഹിക്കണം   എന്നാലേ 'കുലസ്ത്രീ' ആകു എന്ന സങ്കല്പം  മാറിയിരിക്കുന്നു, അവളും തുറന്നു പറയാന്‍ ആഗ്രഹിക്കുന്നു. ഏതു കാര്യത്തിലും തന്റെ അഭിപ്രായം കൂടി പരിഗണിക്കാന്‍.

വാട്‌സ്ആപ്പില്‍ ആണെങ്കില്‍ പോലും  വീട്ടിലെത്തിയോ, എന്തെടുക്കുന്നു എന്ന് ഒന്ന് ചോദിച്ചിരുന്നെങ്കില്‍ എന്നോര്‍ത്ത് നെടുവീര്‍പ്പിടുന്നവര്‍  എത്രയോ ഉണ്ടാവും നമുക്കിടയില്‍. എല്ലാവരുടെയും കാര്യങ്ങള്‍ കഴിഞ്ഞു അവസാന പ്രയോറിറ്റി ലിസ്റ്റില്‍ ഒതുങ്ങുന്നു ഇന്ന് ഭാര്യ. എന്നാല്‍ അവളുടെ ആഗ്രഹങ്ങള്‍ അത്രയ്ക്ക് വിലപിടിപ്പുള്ളവയാണോ? ഒരിക്കലും അല്ല ചുരുക്കത്തില്‍ സ്ത്രീ പുരുഷനില്‍ നിന്നും ആഗ്രഹിക്കുന്നത്  ഒന്ന് മാത്രം അവന്റെ സമയം!


എന്നാല്‍ എന്ന് ആര്‍ക്കും ഇല്ലാത്തതും അതുതന്നെയാണ് -സമയം. തിരക്കാണ് എല്ലാവര്‍ക്കും എന്തിനൊക്കെയോ വേണ്ടി ഉള്ള പരക്കംപാച്ചില്‍. ചിലര്‍ ലക്ഷങ്ങള്‍ സമ്പാദിച്ച് മണിമാളിക തീര്‍ക്കുന്നു ചിലര്‍ക്ക് വാഹനങ്ങളോട് ആണ് കമ്പം. എന്നാല്‍ ഇവര്‍ ചിന്തിക്കാത്ത ഒന്നാണ് ഇതൊക്കെ ആര്‍ക്കുവേണ്ടിയാണോ, അവര്‍ക്ക് ഇതാണോ ഇപ്പോള്‍ വേണ്ടത് എന്ന്. സമ്പാദ്യം വേണ്ട എന്നല്ല അതിന്റ പുറകെ മാത്രം പോകുമ്പോള്‍ പലതും നമ്മള്‍ അറിയാതെ പോകുന്നു. 

ഈ തിരക്കുകള്‍ക്കിടയില്‍ നമ്മളറിയാതെ കൊഴിഞ്ഞുവീഴുന്ന ദളങ്ങള്‍ പോലെയാണ് ഓരോ ദിവസവും കടന്നു പോകുന്നത് ഈ പ്രായത്തില്‍ നമ്മുടെ യൗവനത്തില്‍ നമ്മള്‍ ചിലവിടുന്ന സമയം വര്‍ഷങ്ങള്‍ കഴിഞ്ഞു തിരിച്ചുകിട്ടുമോ. ഒരിക്കലുമില്ല.

ഓരോ സ്ത്രീയും ഓരോ പ്രതീകങ്ങളാണ് ക്ഷമയുടെ, സഹനത്തിന്റെ കണ്ണീരിന്റെ. 

എല്ലാം വിരല്‍തുമ്പില്‍ കിട്ടുന്ന കാലമാണ് കയ്യില്‍ സമ്പത്ത് ഉണ്ടെങ്കില്‍ എല്ലാം വാങ്ങാം എന്നാല്‍ നഷ്ടപ്പെട്ട സമയം തിരിച്ചു നല്‍കുവാന്‍ പുരുഷന് കഴിയുമോ. അവന്റെ കൂടെ ചിലവഴിക്കാന്‍ ആഗ്രഹിക്കുന്ന നിമിഷങ്ങള്‍, കൈകോര്‍ത്തു നടക്കാന്‍ ആഗ്രഹിക്കുന്ന കാലം. ഒന്നും വേണ്ട നിശബ്ദമായി  അടുത്തിരിക്കാന്‍ കൊതിക്കുന്ന മനസ്സ്.  ഇതൊക്കെയല്ലേ ഒരു പുരുഷനില്‍ നിന്നും സ്ത്രീക്ക് ലഭിക്കേണ്ടത്.

ചെറിയ കാര്യങ്ങളില്‍ പോലും ഒരുപാട് ആഹ്ലാദിക്കുന്നവളാണു സ്ത്രീ. അവള്‍ക്ക് ഒരു മിഠായി വാങ്ങി കൊടുത്തു നോക്കൂ അപ്പോള്‍ കാണും അവളുടെ കണ്ണുകളില്‍ തെളിയുന്ന സന്തോഷത്തിന്റെ വെളിച്ചം. ചെറിയ ചെറിയ സമ്മാനങ്ങള്‍ ഒരു കരുതലാണ്.  ഞാന്‍ നിന്നെ ഓര്‍ക്കുന്നു എന്നതിന്റെ കരുതല്‍. അതില്‍ സ്‌നേഹമുണ്ട് കരുതല്‍ ഉണ്ട്. ആ മിഠായിക്ക് മധുരം അല്പം കൂടുതലായിരിക്കും. തീര്‍ച്ച.

ഇന്ന് ഭക്ഷണത്തിന് ബുദ്ധിമുട്ടുള്ള കാലമല്ല. എന്നാലും തന്റെ പ്രിയതമയുടെ അടുത്തുനിന്ന് ഭക്ഷണം കഴിക്കുന്ന എത്രപേര്‍ ഉണ്ടാകും. അവള്‍ക്ക് ഒരു ഉരുള ചോറ് വാരി കൊടുക്കാന്‍ നിങ്ങള്‍ക്ക് തോന്നാറുണ്ടോ. എന്നാല്‍ അവള്‍ അത് ആഗ്രഹിക്കുന്നുണ്ടാകും.  പറയാന്‍ മനസ്സ് അനുവദിക്കുന്നില്ല എന്നതാവാം സത്യം. എന്നാല്‍ ഇതറിഞ്ഞ് അവളെ സ്‌നേഹിക്കുന്നവരും ഇല്ലേ ഉണ്ടാകും. വിരലിലെണ്ണാവുന്നവര്‍ മാത്രം.

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സിനിമയില്‍ പറയുന്ന പോലെ കിടപ്പറയിലും സ്ത്രീ ആഗ്രഹിക്കുന്ന ചിലതുണ്ട്. അവിടെയും സമയമില്ല എന്ന് പറയുന്ന പുരുഷന്മാരോട് സ്ത്രീകള്‍ക്ക് എന്താകും പറയാനുള്ളത്.

സ്‌നേഹം അത് മനസ്സില്‍ നിന്നും വരുന്നതാണ് അല്ലാതെ സ്വിച്ചിട്ടാല്‍ ഉടന്‍ കറങ്ങാന്‍ ഇത് ഫാന്‍ അല്ല. സ്ത്രീകളെ പറ്റി കവികള്‍ പല രീതിയില്‍ വര്‍ണിച്ചിട്ടുണ്ട്. പൂക്കളോടാണ് അധികവും ഉപമിച്ചിരിക്കുന്നത്. വാടി കരിഞ്ഞു പോകാതെ വെള്ളവും വളവും നല്‍കി പരിപാലിച്ചാല്‍, ഒന്ന് തൊട്ടു തലോടിയാല്‍ വിരിഞ്ഞുനില്‍ക്കുന്ന  നന്ത്യാര്‍വട്ട പൂവുകള്‍ പോലെ ആകും ഓരോ സ്ത്രീയും. എന്നാല്‍ അവളെ അറിയാന്‍ അവളുടെ ഉള്ളറിയാന്‍ ശ്രമിക്കണം എന്ന് മാത്രം.

തന്റെ പുരുഷനോട് മനസ്സു തുറക്കാന്‍ ഓരോ സ്ത്രീയും കാത്തിരിക്കുന്നുണ്ടാകും എന്നെങ്കിലും അതിനായി അവന്‍ തന്റെ അടുത്തേക്ക് വരുന്നതും കാത്ത്.
 

PREV
click me!

Recommended Stories

വിവാഹ വസ്ത്രത്തിൽ സോഫ്റ്റ്‌വെയർ പ്രശ്നം പരിഹരിച്ച വധുവിന് വിമ‍‍ർശനം; പിന്നാലെ ചുട്ട മറുപടി, വൈറൽ
വല്ലപ്പോഴും കിട്ടുന്ന ശമ്പളം, കടുത്ത അവഗണന; യുവതിയുടെ കുറിപ്പ് ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളെ വെളിപ്പെടുത്തുന്നു