എന്നാലും ഇതെന്തൊരു തീറ്റ; പഞ്ചായത്തിലെ ചെറുയോ​ഗത്തിൽ ഭക്ഷണബില്ല് 85000 രൂപ, വൻ വിമർശനം, സംഭവം മധ്യപ്രദേശിൽ

Published : Jul 11, 2025, 09:02 PM IST
food bill

Synopsis

‘ഞാൻ ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കാറില്ല, യോ​ഗത്തിൽ വച്ചും ഞാൻ അവ കഴിച്ചിട്ടില്ല. ഞാൻ നേരത്തെ യോ​ഗത്തിൽ നിന്നും മടങ്ങിയിരുന്നു’ എന്നാണ് ഷാഹ്‌ഡോൾ ജില്ലാ കളക്ടർ കേദാർ സിംഗ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്.

മധ്യപ്രദേശിലെ ഒരു പഞ്ചായത്തിൽ 24 പേർ പങ്കെടുത്ത ഒരു യോ​ഗത്തിൽ ഭക്ഷണത്തിന്റെ ബില്ല് 85000 രൂപ. യോ​ഗത്തിലെ ഈ ഭക്ഷണ ബില്ല് കണ്ടതോടെ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാണ് ഇതേ കുറിച്ച് നടക്കുന്നത്.

മധ്യപ്രദേശിലെ ഭദ്വാഹി ഗ്രാമത്തിൽ ജൽ ഗംഗാ സംവർദ്ധൻ മിഷന്റെ കീഴിലാണ് യോ​ഗം നടന്നത്. സ്നാക്സ്, പഴങ്ങൾ, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവയെല്ലാം വാങ്ങിയിരിക്കുന്നതാണ് ബില്ലിൽ കാണുന്നത്. അതോടെ സംഭവം വലിയ വിവാദവുമായി. മെയ് 25 -ന് നടന്ന യോഗത്തിൽ ഷാഹ്‌ഡോൾ ജില്ലാ കളക്ടർ, മുതിർന്ന ഉദ്യോഗസ്ഥർ, പഞ്ചായത്ത് പ്രതിനിധികൾ, ഗ്രാമവാസികൾ എന്നിവരുൾപ്പെടെ ഇരുപത്തിനാലോളം പേരാണ് പങ്കെടുത്തത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

റീഇംബേഴ്‌സ്‌മെന്റിനായി സമർപ്പിച്ച ബില്ലുകൾ പ്രകാരം, ഇതിൽ വാങ്ങിയിരിക്കുന്നത് 6 കിലോ കശുവണ്ടി, 3 കിലോ ഉണക്കമുന്തിരി, 3 കിലോ ബദാം, 9 കിലോ പഴങ്ങൾ, 5 ഡസൻ വാഴപ്പഴം, 30 കിലോ സ്നാക്സ് എന്നിവയാണ്. സം​ഗതി ബില്ല് പുറത്ത് വന്നതോടെ ആളുകൾ അന്തംവിട്ടുപോയി എങ്ങനെയാണ് ഇത്രയും ആഡംബരം ഒരു യോ​ഗത്തിൽ വന്നത് എന്നായിരുന്നു പലരും ചോദിച്ചത്. ഇതൊക്കെ ആര് കഴിച്ചു എന്ന സംശയവും ആളുകൾ പങ്കുവച്ചു.

സംസ്ഥാന സർക്കാർ ചെലവ് ചുരുക്കൽ നടപടികൾക്ക് ആഹ്വാനം ചെയ്യുകയും അതിനായി വായ്പ തേടുകയും ചെയ്യുന്ന ഈ സമയത്ത് ഇത് കടുപ്പം തന്നെ എന്നായിരുന്നു മറ്റ് ചിലരുടെ പ്രതികരണം.

‘ഞാൻ ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കാറില്ല, യോ​ഗത്തിൽ വച്ചും ഞാൻ അവ കഴിച്ചിട്ടില്ല. ഞാൻ നേരത്തെ യോ​ഗത്തിൽ നിന്നും മടങ്ങിയിരുന്നു’ എന്നാണ് ഷാഹ്‌ഡോൾ ജില്ലാ കളക്ടർ കേദാർ സിംഗ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്.

‘ഈ ബില്ലുകൾ തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഗോപഹരു ജൻപാഡ് പഞ്ചായത്ത് സിഇഒയുടെ നേതൃത്വത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാരാണെന്ന് കണ്ടെത്തിയവർക്കെതിരെ നടപടിയെടുക്കും’ എന്നും അദ്ദേഹം പറഞ്ഞു. ‘നാട്ടുകാർക്ക് ഭക്ഷണം വിളമ്പുന്നതൊക്കെ നല്ലതാണ്, പക്ഷേ ഇത്രയധികം ഡ്രൈ ഫ്രൂട്ട്‌സ് എങ്ങനെ കഴിക്കാൻ കഴിയും’ എന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, ബില്ലിൽ സാധനം വാങ്ങിയിരിക്കുന്ന കടയായി കാണിച്ചിരിക്കുന്ന കടയുടെ ഉടമ തന്റെ കടയിൽ നിന്നും ഈ സാധനങ്ങളൊന്നും വാങ്ങിയിട്ടില്ല എന്നും വെളിപ്പെടുത്തിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!