
ആനക്കുട്ടികളുടെ വീഡിയോ കാണാൻ ഇഷ്ടമില്ലാത്തവർ വളരെ വളരെ ചുരുക്കമായിരിക്കും. മിക്കവാറും സോഷ്യൽ മീഡിയയിലൂടെ ആളുകളുടെ ഹൃദയം കവരാറുണ്ട് പല വീഡിയോകളും. അതുപോലെ അതിമനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ ആളുകളെ ആകർഷിച്ചു കൊണ്ടിരിക്കുന്നത്. ഒരു കുട്ടിയാനയാണ് ഈ വീഡിയോയിലെ താരം.
വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത് draroobabatool എന്ന യൂസറാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ചുംബനം എന്നെഴുതിയിരിക്കുന്ന ഒരു വീഡിയോയാണ് യുവതി പങ്കുവച്ചിരിക്കുന്നത്. വീഡിയോയുടെ കാപ്ഷനിൽ പറഞ്ഞിരിക്കുന്നത്, 'ഞാൻ ഒരു ഹലോ പറയാൻ പോയതാണ്, പക്ഷേ തിരിച്ചൊരു ചുംബനം തീരെ പ്രതീക്ഷിച്ചില്ല. അവളുടെ പേര് അമേലിയ എന്നാണ്, ആനക്കുട്ടിയുടെ പ്രായം മൂന്ന് വയസാണ്' എന്നാണ്.
വീഡിയോയിൽ യുവതി വീഡിയോ എടുക്കുന്നതിനായി ആനക്കുട്ടിയുടെ തൊട്ടടുത്ത് പോയി നിൽക്കുന്നത് കാണാം. അവൾ അതിനെ തൊടുന്നുമുണ്ട്. അപ്പോൾ ആനക്കുട്ടി തന്റെ തുമ്പിക്കൈ എടുത്ത് അവളുടെ കവിളിൽ മെല്ലെ തൊടുന്നതാണ് കാണുന്നത്. യുവതി ഈ അപ്രതീക്ഷിത നീക്കത്തിൽ ആകെ അമ്പരന്നു പോയി. എന്നാൽ, അവൾ ചിരിച്ചുകൊണ്ട് അതിന്റെ അടുത്ത് തന്നെ നിൽക്കുന്നത് കാണാം. ഒരിക്കൽ കൂടി ആനക്കുട്ടി തുമ്പിക്കൈ എടുത്ത് അവളുടെ കവിളിൽ തൊടുന്നതാണ് കാണുന്നത്. യുവതി ചിരിക്കുന്നുണ്ട്. ആനക്കുട്ടി മെല്ലെ പിന്തിരിഞ്ഞ് നടന്നു പോകുന്നതും കാണാം.
വളരെ ക്യൂട്ട് ആയ ഈ വീഡിയോയ്ക്ക് അനേകം പേരാണ് കമന്റുകളുമായി എത്തിയത്. യുവതി സുന്ദരിയാണ് എന്നും ആനക്കുട്ടിക്കും അവരെ ഇഷ്ടമായി എന്നും പറഞ്ഞവരുണ്ട്. യുവതിയെ ഉമ്മ വച്ചപ്പോൾ ആനക്കുട്ടിക്ക് നാണം വന്നു എന്നും അതുകൊണ്ടാണ് അപ്പോൾ തന്നെ തിരിഞ്ഞ് നടന്നത് എന്നുമായിരുന്നു മറ്റ് ചിലരുടെ കമന്റുകൾ.