
ചെറുപ്പത്തിൽ ഷവർ ജെൽ കുപ്പി അബദ്ധത്തിൽ പൊട്ടിയതിനെത്തുടർന്ന്, വീട്ടുകാരെ ഭയന്ന് ഓടിപ്പോയ ഒൻപതുകാരി 22 വർഷങ്ങൾക്ക് ശേഷം സ്വന്തം കുടുംബവുമായി ഒന്നിച്ചു. കിഴക്കൻ ചൈനയിലാണ് സംഭവം. ജിയാങ്‌സി പ്രവിശ്യയിലെ ഗാൻഷൗവിലുള്ള ഒരു സാധാരണ ഗ്രാമീണ കുടുംബത്തിലെ അംഗമായിരുന്നു ലിയു സിയുഹോങ്. വർഷങ്ങൾക്ക് ശേഷം അവളിപ്പോൾ തന്റെ ജന്മനാട്ടിൽ തിരിച്ചെത്തിയിരിക്കുകയാണ്. ചൈനീസ് മാധ്യമമായ 'ഷിചെങ് മീഡിയ'യുടെ റിപ്പോർട്ട് പ്രകാരം, ഒൻപതാം വയസ്സിലാണ് ലിയു തന്റെ മാതാപിതാക്കളോടൊപ്പം ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ ജിയായാങ്ങിലേക്ക് താമസം മാറി എത്തിയത്. അവിടെ വളരെ ചെറിയൊരു വാടകമുറിയിലായിരുന്നു ഇവർ താമസിച്ചിരുന്നത്.
2004 -ൽ ഒരു കൂട്ടുകാരന്റെ വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ ലിയുവിന്റെ കൈയിൽ നിന്ന് അബദ്ധത്തിൽ ഒരു ഗ്ലാസ് ഷവർ ജെൽ കുപ്പി താഴെ വീണു പൊട്ടി. അന്ന് അതിന്റെ വില ഏകദേശം 10 യുവാൻ ആയിരുന്നു. ഇന്നത്തെ കാലത്ത് ഇത് ചെറിയൊരു തുകയാണെങ്കിലും, അന്നത്തെ ഒരു സാധാരണ ഗ്രാമീണ കുടുംബത്തിന് അത് വലിയൊരു ബാധ്യതയായിരുന്നു. തനിക്ക് പറ്റിയ പിഴവ് അമ്മയും അച്ഛനും അറിഞ്ഞാൽ വഴക്കുപറയുകയോ തല്ലുകയോ ചെയ്യുമെന്ന ഭയത്താൽ ലിയു വീട്ടിൽ നിന്നും ഓടിപ്പോയി. ദൗർഭാഗ്യകരം എന്ന് പറയട്ടെ ഒരു പച്ചക്കറി മാർക്കറ്റിൽ വെച്ച് അവൾക്ക് വഴിതെറ്റുകയും ചെയ്തു. അവിടെ വെച്ച് പിന്നീട് ഒരാൾ അവളെ ദത്തെടുക്കുകയായിരുന്നു. എന്നാൽ ഈ വ്യക്തിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
മകളെ കാണാതായതിനെത്തുടർന്ന് ലിയുവിന്റെ മാതാപിതാക്കൾ ഒരു പ്രാദേശിക ടെലിവിഷൻ ചാനൽ വഴി മൂന്ന് ദിവസത്തോളം സഹായം അഭ്യർത്ഥിച്ചെങ്കിലും അവളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. എന്നാൽ, ഗ്വാങ്‌ഡോങ്ങിലെ വളർത്തുകുടുംബത്തിൽ ലിയു സുരക്ഷിതയായിരുന്നുവെന്നും, പിന്നീട് മാതാപിതാക്കളെ കണ്ടെത്താൻ അവർ തന്നെയാണ് ലിയുവിനെ സഹായിച്ചതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഒടുവിൽ, വോളന്റിയർമാരുടെയും പോലീസിന്റെയും സഹായത്തോടെ 31-കാരിയായ ലിയു ജിയാങ്‌സിയിലുള്ള തന്റെ സ്വന്തം കുടുംബത്തെ കണ്ടെത്തുകയായിരുന്നു.
നാട്ടിലെത്തിയ ലിയുവിനെ സ്വീകരിക്കാൻ ബന്ധുക്കൾ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്നു. വർഷങ്ങൾക്ക് ശേഷം തന്റെ അനുജനെയും അനുജത്തിയെയും കെട്ടിപ്പിടിച്ച് അവൾ പൊട്ടിക്കരഞ്ഞു. ഗ്രാമത്തിലെ വീട്ടിലെത്തിയ ലിയുവിനെ പടക്കം പൊട്ടിച്ചും ബാനറുകളും പൂക്കളും നൽകിയുമാണ് മാതാപിതാക്കൾ സ്വീകരിച്ചത്. ഇത്രയും വർഷം മകളെ സംരക്ഷിക്കാൻ കഴിയാത്തതിൽ സ്വയം കുറ്റപ്പെടുത്തിക്കൊണ്ട് അമ്മ കണ്ണീരോടെ അവളോട് ക്ഷമ ചോദിച്ചു.
തന്റെ പെട്ടെന്നുള്ള തീരുമാനം മാതാപിതാക്കൾക്ക് വർഷങ്ങളുടെ വേദനയാണ് സമ്മാനിച്ചതെന്ന് പറഞ്ഞ് ലിയുവും അവരോട് ക്ഷമ ചോദിച്ചു. ലിയു ഇനി കുടുംബത്തോടൊപ്പം ജിയാങ്‌സിയിൽ തന്നെ സ്ഥിരതാമസമാക്കുമോ എന്ന കാര്യം വ്യക്തമല്ല. ഈ അപൂർവ്വ പുനഃസമാഗമം ചൈനീസ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.