
പല പ്രവാസികളും അനുഭവിക്കുന്ന പ്രധാന പ്രശ്നമാണ് നാട്ടിലുള്ള പ്രായമുള്ള മാതാപിതാക്കൾ. അവർക്ക് ചിലപ്പോൾ വിദേശത്ത് താമസം സെറ്റാകില്ല. എന്നാൽ, മക്കൾക്ക് നല്ല ജോലിയും ജീവിതസാഹചര്യവും ഉപേക്ഷിച്ച് നാട്ടിലേക്ക് വരുന്നതും ബുദ്ധിമുട്ടായിരിക്കും. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്. ജർമ്മനിയിൽ സ്ഥിരതാമസമാക്കിയ ഒരു ഇന്ത്യൻ യുവാവാണ് പോസ്റ്റ് ഷെയർ ചെയ്തത്. യൂറോപ്പിൽ മികച്ച ജീവിതസാഹചര്യമുണ്ടായിട്ടും, വരും വർഷങ്ങളിൽ ഇന്ത്യയിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായാണ് പോസ്റ്റിൽ പറയുന്നത്.
ജർമ്മനിയിലെ ജീവിതം എല്ലാ അർത്ഥത്തിലും നല്ലതാണ്. മികച്ച ജോലിയും നല്ല സഹപ്രവർത്തകരും, കുറഞ്ഞ യാത്രാസമയവും, കൃത്യമായ വർക്ക്-ലൈഫ് ബാലൻസും എല്ലാം അവിടെയുണ്ടെന്നും യുവാവ് പറയുന്നു. എന്നാൽ, നാട്ടിലുള്ള പ്രായമായ മാതാപിതാക്കൾക്കൊപ്പം ജീവിക്കണം എന്ന് ആഗ്രഹമുണ്ട്. അതിനാലാണ് നാട്ടിലേക്ക് മടങ്ങി വരണം എന്ന് ആഗ്രഹിക്കുന്നത്. എന്നാൽ, അത് അത്ര എളുപ്പമല്ല, നാട്ടിലെ വ്യക്തിപരമായാലും പ്രൊഫഷണലായാലും പുതിയ സാഹചര്യങ്ങളുമായി പൊരുത്ത്പപെടുന്നത് വെല്ലുവിളി ആയിരിക്കും എന്നും യുവാവ് സമ്മതിക്കുന്നുണ്ട്.
ജർമ്മനിയിൽ മികച്ച സാഹചര്യത്തിലാണ് ജോലി ചെയ്തത്. അതിനാൽ നാട്ടിൽ വന്ന് ഏതെങ്കിലും കമ്പനിയിൽ ജോലി ചെയ്യാൻ താല്പര്യമില്ല. പകരം നാട്ടിലെത്തിയാൽ ബിസിനസ്സ് ഇൻഫർമേഷൻ മോഡലിംഗ് അല്ലെങ്കിൽ ആർക്കിടെക്ചർ ഔട്ട്സോഴ്സിംഗ് മേഖലയിൽ സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിക്കാനാണ് പദ്ധതി. ഇന്ത്യയിൽ സ്വന്തമായി വീടുണ്ട്, വാടക അതിനാലൊരു പ്രശ്നമല്ല. എങ്കിലും കുടുംബം, സമ്പാദ്യം, ആരോഗ്യം, ബിസിനസ്സിലെ റിസ്ക്, ജീവിതനിലവാരം എന്നിവയെല്ലാം കണക്കിലെടുക്കുമ്പോൾ നാട്ടിൽ വരുന്നത് ബുദ്ധിപരമായ തീരുമാനമാണോ അതോ ഖേദിക്കേണ്ടി വരുമോ എന്നാണ് യുവാവിന്റെ ആശങ്ക. നാട്ടിലേക്ക് മടങ്ങുന്നതിന് മുൻപ് സുരക്ഷിതമായി എത്ര തുക കയ്യിൽ കരുതണമെന്നും യുവാവ് ചോദിക്കുന്നു.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇന്ത്യയിൽ തിരിച്ചെത്തിയാൽ നല്ല ബുദ്ധിമുട്ടായിരിക്കും എന്ന് അഭിപ്രായപ്പെട്ടവർ ഒരുപാടുണ്ട്. സ്ഥിരമായി മടങ്ങുന്നതിനെ കുറിച്ച് ആലോചിക്കാതെ വേറെ എന്തെങ്കിലും പ്രാക്ടിക്കലായ വഴികളുണ്ടോ എന്ന് നോക്കാനും ആളുകൾ യുവാവിനെ ഉപദേശിച്ചു.