മകൻ തട്ടിപ്പുകേസിൽ അറസ്റ്റിൽ, 90 -കാരിയായ അമ്മ സ്വയം നിയമം പഠിച്ച് കോടതിയിൽ, മകനെ കണ്ട് പൊട്ടിക്കരഞ്ഞു

Published : Aug 11, 2025, 09:00 AM IST
Court/ Representative image

Synopsis

പുസ്തകം വാങ്ങി നിയമം പഠിക്കുക മാത്രമല്ല, ഹി ദിവസേന കോടതിയിൽ പോയി സമാനമായ കേസുകൾ കേൾക്കുകയും കാണുകയും ചെയ്യുമായിരുന്നത്രെ.

തട്ടിപ്പുകേസിൽ പെട്ട മകനെ രക്ഷിക്കാനായി നിയമം പഠിച്ച് അമ്മ. ചൈനയിലെ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുകയാണ് അങ്ങനെ ഒരു 90 -കാരി. 2023 ഏപ്രിലിലാണ് ഹി എന്ന സ്ത്രീയുടെ മകൻ തട്ടിപ്പുകേസിൽ അറസ്റ്റിലായത്.

ഹുവാങ് എന്ന സംരംഭകനിൽ നിന്നും ഹിയുടെ മകനായ 57 -കാരൻ ലിൻ ബ്ലാക്ക് മെയിൽ ചെയ്ത് 141 കോടി രൂപ (117 ദശലക്ഷം യുവാൻ) തട്ടി എന്നതായിരുന്നു കേസ്. ഷെജിയാങ് പ്രവിശ്യയിലെ ഷൗഷാൻ മുനിസിപ്പൽ ഇന്റർമീഡിയറ്റ് കോടതിയിലാണ് കേസ് നടപടികൾ നടക്കുന്നത്. അവിടെ ഹിയാണ് തന്റെ മകനു വേണ്ടി കേസ് വാദിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അവസാനത്തെ ഹിയറിം​ഗ് ജൂലൈ 30 -നാണ് നടന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു.

സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, തന്റെ മകനെ വളരെയധികം മിസ് ചെയ്തതിനാലാണത്രെ കഴിഞ്ഞ വർഷം ഹി നിയമം പഠിക്കാനും മകന് വേണ്ടി വാദിക്കാനും തീരുമാനിച്ചത്. ഹിയുടെ പ്രായം കാരണം കുടുംബം ഈ തീരുമാനത്തെ എതിർത്തെങ്കിലും, ഹി അതിനൊന്നും വഴങ്ങാൻ തയ്യാറായില്ല. പകരം അവർ നിയമം പഠിച്ച് മുന്നോട്ട് പോവുക തന്നെ ചെയ്യുകയായിരുന്നു.

'എന്റെ മുത്തശ്ശി ഒരു വാശിക്കാരിയാണ്. അവർ മറ്റുള്ളവരുടെ ഉപദേശം കേൾക്കാൻ തയ്യാറാവില്ല' എന്നാണ് ഹിയുടെ കൊച്ചുമകൾ മാധ്യമങ്ങളോട് പറഞ്ഞത്. ക്രിമിനൽ നടപടിക്രമങ്ങളും ക്രിമിനൽ നിയമങ്ങളുമടങ്ങുന്ന പുസ്തകങ്ങൾ വാങ്ങി അവർ സ്വയം നിയമം പഠിക്കുകയായിരുന്നു എന്നും അവർ പറയുന്നു. പുസ്തകം വാങ്ങി നിയമം പഠിക്കുക മാത്രമല്ല, ഹി ദിവസേന കോടതിയിൽ പോയി സമാനമായ കേസുകൾ കേൾക്കുകയും കാണുകയും ചെയ്യുമായിരുന്നത്രെ.

അതേസമയം, ലിന്നും ഹുവാങ്ങും നേരത്തെ ബിസിനസ് പങ്കാളികളായിരുന്നു. എന്നാൽ, ഹുവാങ് പലപ്പോഴും ലിന്നിന് പണം നൽകിയില്ല. 2009 -ൽ ചൈനയിലെ ഏറ്റവും ധനികരായ 100 പേരിൽ ഒരാളായിരുന്നിട്ടുപോലും, ഹുവാങ് കൃത്യസമയത്ത് പണം നൽകാൻ തയ്യാറായില്ല. ഇത് ലിന്നിന്റെ ബിസിനസ് നഷ്ടത്തിലാകുന്നതിലേക്കും കടബാധ്യതകളിലേക്കും നയിച്ചു.

2014 -നും 2017 -നും ഇടയിൽ ലിന്നും അക്കൗണ്ടന്റും ഹുവാങ്ങിന്റെ തട്ടിപ്പുകൾ ടാക്സ് ഏജൻസികളെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. 2023 -ൽ ഹുവാങ് ലിന്നിനെതിരെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടിയതായി കാണിച്ച് പൊലീസിനെ സമീപിക്കുകയായിരുന്നു.

മകനെ കോടതിയിൽ കണ്ടപ്പോൾ ഹി തകർന്നുപോയി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഡോക്ടർ അവരെ പരിശോധിക്കുകയും വീട്ടിൽ പോയി വിശ്രമിക്കാൻ നിർദ്ദേശിക്കുകയും ചെയ്തെങ്കിലും ഹി അതിന് തയ്യാറായില്ല.

PREV
Read more Articles on
click me!

Recommended Stories

യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്
'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?