
ഇന്ത്യയിൽ നിന്നും പല യുവാക്കളും ഇപ്പോൾ പഠിക്കാനായും ജോലിക്കുവേണ്ടിയും ഒക്കേ വിദേശത്തേക്ക് കുടിയേറുന്നവരാണ്. അതിന് പല കാരണങ്ങളും ഉണ്ടാകും. അതിൽ തന്നെ പലരും തിരികെ നാട്ടിലേക്ക് വന്ന് ജോലി ചെയ്യാനോ ജീവിക്കാനോ ഇഷ്ടപ്പെടുന്നില്ല എന്നതാണ് സത്യം. അതുപോലെ, ഇന്ത്യക്കാരനായ ഒരു യുവാവ് തനിക്ക് കാനഡ വളരേയെറെ ഇഷ്ടമാണ്, അത് എന്തുകൊണ്ടാണ് എന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് ഒരു പോസ്റ്റിലൂടെ.
സാഹിൽ നാരംഗ് എന്ന യുവാവാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. 'കാനഡയിൽ ജീവിക്കാൻ ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നതിന്റെയും ഈ രാജ്യം വിടാൻ ഇപ്പോഴും തയ്യാറാകാത്തതിന്റെയും പ്രധാന കാരണങ്ങൾ ഇവയാണ്' എന്ന് പറഞ്ഞുകൊണ്ടാണ് സാഹിൽ വീഡിയോ തുടങ്ങുന്നത് തന്നെ.
'ഹായ്, എന്റെ പേര് സാഹിൽ, മൂന്ന് കൊല്ലത്തിലധികമായി ഞാൻ കാനഡയിലാണ് താമസിക്കുന്നത്. കാനഡയിൽ, ഓരോ പ്രവിശ്യയിലും അവിടുത്തേതായ മിനിമം വേതനമുണ്ട്. നിങ്ങൾ എന്ത് ജോലി ചെയ്തോട്ടെ, കുറഞ്ഞത് ആ തുകയെങ്കിലും നിങ്ങൾക്ക് ലഭിക്കുമെന്നത് ഉറപ്പാണ്. എന്നെ വിശ്വസിക്കാം, നിങ്ങൾ കഴിവുള്ളൊരു ആളാണെങ്കിൽ, ഒരു നല്ല മേഖലയിൽ നല്ല എക്സ്പീരിയൻസ് ഉണ്ടെങ്കിൽ, നിങ്ങൾക്ക് ഇവിടെ ധാരാളം സമ്പാദിക്കാൻ സാധിക്കും' എന്നും വീഡിയോയിൽ യുവാവ് പറയുന്നത് കേൾക്കാം.
'ഇവിടെ പാവപ്പെട്ടവനായാലും പണക്കാരനായാലും ഒരു വ്യത്യാസവുമില്ലാതെ ഒരുപോലെ നിയമങ്ങൾ പാലിക്കുന്നവരാണ്. മാത്രമല്ല, ആ നിയമങ്ങൾ പാലിക്കാൻ അവരെ ആരും നിർബന്ധിക്കുന്നതല്ല, അവർ സ്വയമേവ അങ്ങനെ ചെയ്യുന്നതാണ്' എന്നും സാഹിൽ വീഡിയോയിൽ പറയുന്നുണ്ട്.
ഇതൊക്കെ കൂടാതെ, കാനഡ ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യങ്ങളിലൊന്നാണ് എന്നും സർക്കാർ ഇവിടെ കഴിയുന്നവർക്കായി ഒരുപാട് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട് എന്നും യുവാവ് പറയുന്നു. 'അത് നിങ്ങളെ ഇത് നിങ്ങളുടെ സ്വന്തം നാടാണ് എന്ന് തോന്നിപ്പിക്കും. നന്നായി സമ്പാദിക്കുകയും നന്നായി ജീവിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ഇവിടുത്തെ ദിവസങ്ങൾ നിങ്ങളുടെ ഏറ്റവും നല്ല ദിവസങ്ങളായിരിക്കും' എന്നും യുവാവ് പറയുന്നു.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി വന്നിരിക്കുന്നത്. അതിൽ യുവാവിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റ് ചെയ്തവരുണ്ട്.