
ഭൂമിയിൽ മനുഷ്യർക്ക് ഇനിയും അറിയാത്ത 9,200 വൃക്ഷയിനങ്ങളുണ്ട്(Undiscovered tree species) എന്ന കണ്ടെത്തലുമായി ഗ്ലോബൽ അർബോറിയൽ ഡൈവേഴ്സിറ്റി സെൻസസ്(census of global arboreal diversity). അറിയപ്പെടുന്ന വൃക്ഷയിനങ്ങളുടെ ആകെ എണ്ണത്തേക്കാൾ 14 ശതമാനം കൂടുതലാണ് ഇത്. മരം മുറിക്കൽ, തീപ്പിടിത്തങ്ങൾ, ആവാസവ്യവസ്ഥയുടെ നാശം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ കാരണങ്ങളാൽ കണ്ടെത്തുന്നതിന് മുൻപ് തന്നെ ഈ കണ്ടെത്താത്ത വൃക്ഷയിനങ്ങളിൽ മൂന്നിലൊന്ന് അപ്രത്യക്ഷമാകുന്നു.
ഇറ്റലിയിലെ ബൊലോഗ്ന സർവകലാശാലയിലെ ജൈവവൈവിധ്യത്തിന്റെയും സംരക്ഷണത്തിന്റെയും അസോസിയേറ്റ് പ്രൊഫസറായ റോബർട്ടോ കാസോള ഗാട്ടി പറഞ്ഞു, "2022 -ൽ, മാത്രം 9,000 ഇനം വൃക്ഷങ്ങൾ കണ്ടെത്തി. അപ്പോൾ തന്നെ നമുക്ക് അറിയാത്ത എത്ര ഇനങ്ങളുണ്ടാകുമെന്ന് സങ്കല്പിക്കാവുന്നതല്ലേയുള്ളൂ” അദ്ദേഹം പറയുന്നു. നിലവിൽ ഭൂമിയിൽ ഏകദേശം 73,300 വൃക്ഷ ഇനങ്ങളുണ്ടെന്ന് ഗാട്ടിയും സംഘവും കണക്കാക്കി. അതിൽ 64,100 എണ്ണം മനുഷ്യർക്ക് മുൻപ് അറിയാവുന്നതാണ്.
അജ്ഞാത ഇനങ്ങളെ തിരിച്ചറിയുക മാത്രമല്ല അവയുടെ സംരക്ഷണം കൂടിയാണ് പഠനം ലക്ഷ്യമിടുന്നത്. തെക്കേ അമേരിക്കയിലെ ഉഷ്ണമേഖലാ, ഉപ ഉഷ്ണമേഖലകളിൽ ഇനിയും കണ്ടെത്താത്ത 3,000 -ത്തോളം ഇനങ്ങളെ കണ്ടെത്താൻ സാധ്യതയുണ്ടെന്ന് ഗാട്ടി അഭിപ്രായപ്പെട്ടു. “നമ്മൾ ഈ പ്രദേശങ്ങളെയും ഈ വനങ്ങളെയും വളരെ വേഗത്തിൽ നശിപ്പിക്കുകയാണ്. അവ കണ്ടെത്തുന്നതിന് മുമ്പ് തന്നെ നശിപ്പിക്കപ്പെടുന്നു" ഗാട്ടി പറഞ്ഞു. പ്രാദേശിക വനങ്ങളിൽ ഏകദേശം 10,000 ഫീൽഡ് പഠനങ്ങൾ നടത്തിയും, കണ്ടെത്തിയ 40 ദശലക്ഷം മരങ്ങളുടെ ആഗോള ഡാറ്റ ഒരുമിച്ച് ചേർത്തുമാണ് ഗാട്ടിയും സഹപ്രവർത്തകരും പുതിയ കണക്കുകൾ തയ്യാറാക്കിയത്. പർഡ്യൂ യൂണിവേഴ്സിറ്റിയുടെ ഫോറസ്റ്റ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഫ്എസിഎഐ) ലബോറട്ടറിയിലെ സൂപ്പർ കമ്പ്യൂട്ടർ വഴി സംഘം സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ച് ഡാറ്റ തയ്യാറാക്കി. ഇതുവഴി അജ്ഞാതമായ 9,200 വൃക്ഷ ഇനങ്ങളുണ്ടെന്ന് അവർ കണ്ടെത്തി.
ലോകമെമ്പാടും കാണാതാകുന്ന ജീവജാലങ്ങളിൽ മൂന്നിലൊന്ന് അപൂർവ ഇനങ്ങളാണ്. ഇത് മനുഷ്യരുടെ കടന്നുകയറ്റത്തിന്റെ ഫലമായി വംശനാശത്തിന് ഇരയാകുന്നു. ഈ ജീവിവർഗങ്ങളുടെ നഷ്ടം ജൈവവൈവിധ്യത്തെ കുറയ്ക്കുന്നു. ഇത് വന ആവാസവ്യവസ്ഥയുടെ നാശത്തിന് കാരണമാകുന്നു. "വനത്തെ ഈ രീതിയിൽ നശിപ്പിക്കുകയാണെങ്കിൽ, ആവാസവ്യവസ്ഥയെ സജീവമായി നിലനിർത്തുന്ന ജൈവവൈവിധ്യം ഇല്ലാതാകും” ഗാട്ടി വിശദീകരിച്ചു. “അപൂർവ ജീവിവർഗങ്ങൾ ഇല്ലാതായാൽ വളരെ അനാരോഗ്യകരമായ ഒരു ആവാസവ്യവസ്ഥ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് കാടിനെ നശിപ്പിക്കും. അത് കാലാവസ്ഥാ വ്യതിയാനം പോലുള്ള കാര്യങ്ങൾക്ക് കാരണമാകും" അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള വൃക്ഷസമൃദ്ധിയുടെ ഏറ്റവും ശക്തമായ കണക്കാണ് പുതിയ പഠനമെങ്കിലും, ഭാവിയിൽ കൂടുതൽ കൃത്യമായ കണക്കുകൾ കണ്ടെത്താൻ കൂടുതൽ പഠനങ്ങൾ ആവശ്യമായി വരുമെന്ന് ഗവേഷകർ പറയുന്നു. ഈ പുതിയ മരങ്ങളുടെ സെൻസസ് ഭൂമിയിലെ വനങ്ങളിൽ എത്രമാത്രം കണ്ടെത്താനുണ്ടെന്ന് അടിവരയിടുന്നു. കൂടാതെ മനുഷ്യരുടെ പ്രവർത്തനത്തിന്റെ ദോഷഫലങ്ങളിൽ നിന്ന് ഈ പ്രദേശങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഇത് ഊന്നിപ്പറയുന്നു. ലോകമെമ്പാടുമുള്ള ആവാസവ്യവസ്ഥയുടെ അടിത്തറയായി വർത്തിക്കുന്നതിനു പുറമേ, മരങ്ങൾ മനുഷ്യസംസ്‌കാരത്തിന്റെയും സ്വത്വത്തിന്റെയും അവിഭാജ്യഘടകമാണ്. അതിനായി, വനങ്ങൾ കഴിയുന്നത്ര പരിപാലിക്കേണ്ടത് ജൈവവൈവിധ്യം നിലനിർത്തുന്നതിന് അനിവാര്യമാണ്. നാഷണൽ അക്കാദമിയുടെ പ്രൊസീഡിംഗ്സിൽ തിങ്കളാഴ്ചയാണ് ഇത് പ്രസിദ്ധീകരിച്ചത്.