
എന്ത് തന്നെ ജോലിയാണ് ചെയ്യുന്നത് എങ്കിലും ആളുകള്‍ക്ക് ആഗ്രഹങ്ങളെല്ലാം ഏകദേശം ഒരുപോലെയായിരിക്കും. കാശുണ്ടാക്കണം, നേരത്തെ വിരമിക്കണം, യാത്ര ചെയ്യണം, നന്നായി ജീവിക്കണം... തുടങ്ങി അതങ്ങനെ പോകുന്നു. ഏതായാലും നമ്മളൊക്കെ അങ്ങനെ കഷ്ടപ്പെടുമ്പോള്‍ ഇവിടെ ഒരു പത്തുവയസുകാരി ആവശ്യത്തിന് പണം സമ്പാദിക്കുകയാണ്. പതിനഞ്ചാം വയസില്‍ വിരമിക്കലാണ് ആളുടെ ലക്ഷ്യം.
എലിമെന്ററി സ്‌കൂളിൽ പഠിക്കുന്ന പിക്‌സി കർട്ടിസ്(Pixie Curtis) 15 -ാം വയസ്സിൽ കോടീശ്വരിയായി വിരമിക്കുന്നതിലേക്കുള്ള യാത്രയിലാണ് എന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്തു. ഈ ഓസ്‌ട്രേലിയൻ പെൺകുട്ടിയുടെ ഉടമസ്ഥതയിലുള്ള പിക്‌സി ബോസ് എന്ന കമ്പനി കുട്ടികൾക്കുള്ള ഹെയർ ആക്സസറി കമ്പനിയാണ്. അത് വലിയ ലാഭം കൊയ്യുന്നു. എന്നാല്‍, അതിനുള്ള ക്രെഡിറ്റിന്റെ ഭൂരിഭാഗവും തീർച്ചയായും അവളുടെ പിആർ പവർഹൗസ് ആയ അമ്മയ്ക്കാണ്.
ആദ്യത്തെ 48 മണിക്കൂറിനുള്ളിൽ തന്നെ വിറ്റുപോയ പിക്‌സി ഫിഡ്‌ജറ്റ്‌സ് എന്ന രണ്ടാമത്തെ ബിസിനസ്സ് സജ്ജീകരിക്കാൻ അവളുടെ അമ്മ റോക്‌സി ജാസെങ്കോ തന്നെയാണ് പിക്സിയെ സഹായിച്ചത്. പിക്‌സിക്ക് '15 -ാം വയസ്സിൽ വിരമിക്കാം' എന്ന് ജാസെങ്കോ വെളിപ്പെടുത്തിയപ്പോൾ അത് വാര്‍ത്തകളിലിടം നേടി. തുടര്‍ന്ന്, ഈ യുവ സംരംഭകയെക്കുറിച്ച് കൂടുതലറിയാൻ ആളുകള്‍ ആഗ്രഹിച്ചു. അവളുടെ സോഷ്യൽ മീഡിയ ഫോളോവേഴ്‌സിന്‍റെ എണ്ണം പലമടങ്ങായി വർദ്ധിച്ചു.
'എന്‍റെ തൊപ്പി ഞാന്‍ മകള്‍ക്ക് കൈമാറി. അവള്‍ മിടുക്കിയാണ്. കാര്യങ്ങളെല്ലാം അറിയാം. ബീച്ച് സൈഡിലൊരു വീട്, ലംബോര്‍ഗിനി തുടങ്ങി ഒരുപാട് സ്വപ്നങ്ങള്‍ അവള്‍ക്കുണ്ട്. അതിനായി അവള്‍ കഠിനമായി പരിശ്രമിക്കുന്നുണ്ട്. അവിടേക്കുള്ള വഴിയിലാണവള്‍. ഞാനിപ്പോള്‍ അവള്‍ക്ക് പഠിപ്പിച്ചു കൊടുക്കുന്നത് നല്ല നിക്ഷേപം നടത്താനും പണം നശിപ്പിച്ച് കളയരുതെന്നുമാണ്' എന്ന് ജസെങ്കോ പറയുന്നു.
സ്വന്തം ബിസിനസിന് പുറമെ മകളുടെ ബിസിനസും ജസെങ്കോ ശ്രദ്ധിക്കുന്നുണ്ട്. പിക്സിയുടെ ഏഴു വയസുള്ള സഹോദരനും ബിസിനസിലേക്ക് കടക്കാനുള്ള പദ്ധതിയിലാണത്രെ. ഏതായാലും 'താനും എല്ലാ അമ്മമാരെപ്പോലെയും തന്നെയാണ്. മക്കളുടെ ആരോഗ്യവും സന്തോഷവുമാണ് തനിക്കും വലുത്' എന്നാണ് ജസെങ്കോ പറയുന്നത്.