
ജീവിതത്തിൽ ഒരു കാര്യം ചെയ്ത് പരാജയപ്പെട്ടാൽ വീണ്ടും എത്ര തവണ കൂടി അതേ കാര്യത്തിനായി പരിശ്രമിക്കാൻ നിങ്ങൾ മെനക്കെടും? രണ്ടോ അതോ മൂന്നോ? ചിലപ്പോൾ ആദ്യ പരാജയത്തിൽ തന്നെ പരിശ്രമം ഉപേക്ഷിച്ചെന്നും വരാം അല്ലേ. എങ്കിൽ സൗത്ത് കൊറിയയിൽ നിന്നുള്ള ഈ സ്ത്രീയെ നിങ്ങൾ പരിചയപ്പെടുന്നത് നന്നായിരിക്കും.
2005 -ൽ വാർത്താ മാധ്യമങ്ങളുടെ തലക്കെട്ടുകളിൽ നിറഞ്ഞ ഈ വനിത സ്വന്തമായി ഡ്രൈവിംഗ് ലൈസൻസ് നേടിയെടുക്കാൻ പരിശ്രമം നടത്തിയത് 960 തവണയാണ്. 959 തവണ പരാജയപ്പെട്ടപ്പോഴും അവർ പിന്മാറാൻ തയ്യാറായില്ല. ഒടുവിൽ 960 -ാം തവണ അവൾ തൻറെ ലക്ഷ്യം നേടിയെടുത്തു. 18 വർഷങ്ങൾക്കു മുൻപ് നടന്ന സംഭവമാണെങ്കിലും സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ വീണ്ടും ചാ സ സൂൺ എന്ന സ്ത്രീയുടെ ദൃഢനിശ്ചയത്തിന്റെ കഥ വൈറലാവുകയാണ്.
2005 ഏപ്രിലിൽ ആണ് ചാ സ സൂൺ ആദ്യമായി ഡ്രൈവിംഗ് ലൈസൻസിനുള്ള എഴുത്ത് പരീക്ഷയിൽ പങ്കെടുക്കുന്നത്. പക്ഷേ, അവർ പരാജയപ്പെട്ടു. തുടർന്നുവന്ന മൂന്നുവർഷം ആഴ്ചയിൽ അഞ്ചു ദിവസം വീതം വീണ്ടുമവർ പരീക്ഷ എഴുതി കൊണ്ടേയിരുന്നു. പക്ഷേ ജയിച്ചില്ല. എങ്കിലും പരീക്ഷ എഴുതുന്നത് നിർത്തിയില്ല. പിന്നീട് വന്ന ആഴ്ചകളിലും രണ്ടുതവണ വീതം പരീക്ഷ എഴുതുന്നത് തുടർന്നു. ഒടുവിൽ 860 എഴുത്ത് പരീക്ഷകൾക്ക് ശേഷം അവർ വിജയിച്ചു.
അടുത്തഘട്ടം കൂടുതൽ ദുഷ്കരമായ പ്രാക്ടിക്കൽ പരീക്ഷ വിജയിക്കുക എന്നയിരുന്നു. 10 തവണത്തെ നിരന്തരമായ പരിശ്രമത്തിനുശേഷം അവർ പ്രാക്ടിക്കൽ പരീക്ഷ വിജയിച്ചു. അങ്ങനെ തുടർച്ചയായി അഞ്ചുവർഷം കൊണ്ട് 960 പരീക്ഷകളിൽ പങ്കെടുത്ത് ഡ്രൈവിംഗ് ലൈസൻസ് നേടുമ്പോൾ ചാ സ സൂണിന് പ്രായം 69 ആയിരുന്നു. ഈ ടെസ്റ്റുകളിൽ വിജയിക്കാനായി അവർ ചെലവഴിച്ചത് 11,000 പൗണ്ട് ആണ്. അതായത് 11,15,273 രൂപ.
ചാ സാ-സൂണിന്റെ കഥ അവളെ ഒരു ദേശീയ സെലിബ്രിറ്റിയാക്കി മാറ്റി. ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കളായ ഹ്യുണ്ടായ് അന്ന് അവർക്ക് ഒരു പുതിയ വാഹനം സമ്മാനമായി നൽകി.
റെഡ്ഡിറ്റിൽ ചാ സാ-സൂണിന്റെ കഥ വീണ്ടും വൈറലായതോടെ നിരവധി പേരാണ് അവരെ അഭിനന്ദിച്ചുകൊണ്ട് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. 959 തവണ വീണതിനുശേഷം ഉള്ള അവളുടെ ഉയർത്തെഴുന്നേൽപ്പ് ഏറെ പ്രചോദനാത്മകമാണ് എന്നാണ് ഒരു ഉപയോക്താവ് എഴുതിയത്. അവരുടെ ദൃഢനിശ്ചയത്തെയും ലക്ഷ്യത്തിനു വേണ്ടിയുള്ള ആത്മസമർപ്പണത്തെയും അഭിനന്ദിക്കുന്നുവെന്നും ചിലർ കുറിച്ചു.