'98% കുഴി, 2% റോഡ്'; ബെംഗളൂരുവിലെ റോഡുകളുടെ ദുരവസ്ഥ, വൈറലായി പോസ്റ്റ്

Published : Oct 20, 2025, 01:58 PM IST
Varthur Gunjur road

Synopsis

പരിഹാസം കലർന്ന ഈ പോസ്റ്റ് ഓൺ‌ലൈനിൽ വളരെ വേ​ഗത്തിലാണ് വൈറലായത്, ഇത് ബെംഗളൂരുവിലെ ദിവസേനയുള്ള യാത്രക്കിടയിലെ ദുരിതത്തിൻ്റെ കൃത്യമായൊരു ചിത്രം ആണെന്ന് പലരും അഭിപ്രായപ്പെട്ടു.

ബെംഗളൂരുവിലെ തകർന്ന റോഡുകൾ വീണ്ടും ചർച്ചയാകുന്നു. വർത്തൂർ-ഗുഞ്ചൂറിനടുത്ത് കുണ്ടും കുഴിയുമായിക്കിടക്കുന്ന റോഡിനെക്കുറിച്ച് ഒരു പ്രദേശവാസി പങ്കുവെച്ച പരിഹാസ പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ നിരവധിപ്പേരിൽ നിന്ന് രൂക്ഷമായ പ്രതികരണങ്ങളും പ്രതിഷേധവും ഉയർന്നു.

ഒരു ചെറിയ തടാകം പോലെ തോന്നിക്കുന്ന റോഡിലെ വലിയ കുഴിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്: 'സാധാരണയായി, റോഡിന്റെ വലുപ്പം 98% ഉം കുഴിയുടെ വലുപ്പം 2% ഉം ആയിരിക്കും. ഒക്ടോബർ 17 -ന് ബെംഗളൂരുവിൽ എടുത്ത ഈ ചിത്രത്തിൽ, റോഡ് വെറും 2% മാത്രമാണ്, ബാക്കി 98% 'കുഴിയാണ്' . @GBAChiefComm ജി, നമുക്ക് വർത്തൂർ-ഗുഞ്ചൂർ കുഴിയില്ലാത്തതാക്കി മാറ്റാൻ കഴിയുമോ?'. 

പരിഹാസം കലർന്ന ഈ പോസ്റ്റ് ഓൺ‌ലൈനിൽ വളരെ വേ​ഗത്തിലാണ് വൈറലായത്, ഇത് ബെംഗളൂരുവിലെ ദിവസേനയുള്ള യാത്രക്കിടയിലെ ദുരിതത്തിൻ്റെ കൃത്യമായൊരു ചിത്രം ആണെന്ന് പലരും അഭിപ്രായപ്പെട്ടു. 'ഹ്യൂമനോയിഡുകളാണ് ഏക പ്രതീക്ഷ' എന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്. മറ്റൊരാൾ തമാശയായി കുറിച്ചത് ഇങ്ങനെ: 'ബെംഗളൂരുവിലെ റോഡുകൾ തടാകങ്ങളായി മാറുന്നത് തുടർന്നാൽ, യാത്രക്കാർ കാറുകൾക്ക് പകരം ഉടൻ തന്നെ ബോട്ടുകളുമായി ഇറങ്ങാൻ തുടങ്ങും'. 'ബെംഗളൂരുവിലെ പുതിയ അടിസ്ഥാന സൗകര്യ വിസ്മയം, നാഷണൽ അക്വാറ്റിക് ഹൈവേ! ഇവിടെ കാറുകൾ ബോട്ടുകളായി മാറുന്നു, ഹെൽമറ്റുകൾക്ക് പകരം ലൈഫ് ജാക്കറ്റുകൾ ഉപയോഗിക്കുന്നു, ഗൂഗിൾ മാപ്‌സ് പറയുന്നത്, 'നേരെ 500 മീറ്റർ നീന്തുക' എന്നാണ്' എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്.

വൈറലായ ഈ പ്രതികരണങ്ങൾ, വൈറ്റ്ഫീൽഡ്, വർത്തൂർ, ബെല്ലന്തൂർ തുടങ്ങിയ പ്രദേശങ്ങളിലെ മോശം റോഡടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ രോഷം വ്യക്തമാക്കുന്നതാണ്.

 

 

PREV
Read more Articles on
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം