
കൊച്ചുമകനെ പരിചരിച്ച മുത്തശ്ശിക്ക് കുട്ടിയുടെ അച്ഛനും അമ്മയും 9.4 ലക്ഷം രൂപ നൽകണമെന്ന വിധിയുമായി ചൈനയിലെ കോടതി. കുട്ടിയെ അഞ്ച് വർഷമാണ് കുട്ടിയുടെ അമ്മയുടെ അമ്മ നോക്കിയത്. ഏതായാലും സംഭവം ചൈനയിലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.
തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ഗ്വാംഗൻ സിറ്റിയിൽ നിന്നുള്ള ഡുവാൻ എന്ന സ്ത്രീയാണ് തന്റെ മകളായ ഹൂ, മരുമകൻ, ഷു എന്നിവർക്കെതിരെ കേസ് കൊടുത്തത്. കുട്ടിയെ സംരക്ഷിച്ചതിനാൽ തനിക്ക് 192,000 യുവാൻ അതായത് ഏകദേശം 22 ലക്ഷം രൂപ തരണം എന്ന് ആവശ്യപ്പെട്ടാണ് സ്ത്രീ കേസ് കൊടുത്തത്. ജിയുപായ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്, 2018 ഫെബ്രുവരി മുതൽ 2023 ജൂലൈ വരെ ഡുവാനാണ് മകളുടെ കുട്ടിക്ക് സംരക്ഷണം നൽകിയത് എന്നാണ്.
ഹൂവും ഭർത്താവും ചെങ്ഡുവിൽ ജോലി ചെയ്യുകയായിരുന്നു. അതിനാൽ തന്നെ പ്രായപൂർത്തിയാകാത്ത തങ്ങളുടെ മകനെ പരിപാലിക്കാൻ സമയം കണ്ടെത്താൻ ഇരുവർക്കും കഴിഞ്ഞിരുന്നില്ല. അങ്ങനെ, 2018 മുതൽ, തന്റെ കൊച്ചുമകനെ നോക്കാനുള്ള ഉത്തരവാദിത്തം ഡുവാൻ ഏറ്റെടുക്കുകയായിരുന്നു. ഈ സമയത്ത്, മകളും മരുമകനും അവർക്ക് പ്രതിമാസം 1,000 യുവാൻ അതായത് 11,000 രൂപ സ്‌റ്റൈപ്പൻഡും കൂടാതെ 2,000 യുവാൻ (22,000 രൂപ) കുട്ടിയെ നോക്കാനുള്ള അധിക ചെലവിനും അയച്ചു നൽകിയിരുന്നു.
അഞ്ച് വർഷത്തോളം യാതൊരു പരാതിയുമില്ലാതെ കുട്ടിയെ ഡുവാൻ നന്നായി നോക്കി. എന്നാൽ, ജൂലൈയിൽ, തന്റെ ശ്രമങ്ങൾക്ക് മതിയായ പ്രതിഫലം ലഭിച്ചില്ലെന്ന് അവർക്ക് തോന്നുകയായിരുന്നു. ഇത് അവർ മകളോടും ഭർത്താവിനോടും പറയുകയും ചെയ്തു. കുട്ടിയെ നോക്കിയതിന്റെ ഭാഗമായി തനിക്ക് 22 ലക്ഷം രൂപ തരണം എന്നും അവർ അഭ്യർത്ഥിച്ചു.
എന്നാൽ, അമ്മയുടെ അഭ്യർത്ഥന അൽപം കടന്നതാണ് എന്ന് ഹു വിശ്വസിച്ചു. പക്ഷേ, ഭർത്താവുമായി കൂടിയാലോചിക്കാതെ തന്നെ അമ്മയ്ക്ക് 50,000 യുവാൻ (ഏകദേശം 5.6 ലക്ഷം രൂപ) നൽകാനും ഹു തയ്യാറായി. അത് നൽകുമെന്ന ഉറപ്പിനായി അവർ ഒപ്പിട്ട ഒരു രേഖയും ഉണ്ടാക്കി. എന്നാൽ, അമ്മ നിരന്തരം ഓർമ്മിപ്പിച്ചിട്ടും ഹൂവിന് ആ പണം നൽകാൻ സാധിച്ചില്ല.
ഇതേത്തുടർന്ന് ഡുവാൻ ദമ്പതികൾക്കെതിരെ നിയമനടപടി സ്വീകരിക്കുകയായിരുന്നു. തന്റെ കൊച്ചുമകനെ പരിപാലിക്കാൻ ഡുവാന് നിയമപരമായ ബാധ്യതയില്ലെന്നായിരുന്നു ഇക്കാര്യത്തിൽ കോടതിയുടെ നിരീക്ഷണം. അതുകൊണ്ട് തന്നെ ഡുവാന്റെ ആവശ്യം ന്യായമാണ് എന്നും കോടതി പറഞ്ഞു. പക്ഷേ, ഡുവാൻ ചോദിച്ചിരിക്കുന്ന തുക കുറച്ച് അധികമാണ് എന്നും കോടതി പറഞ്ഞു. അങ്ങനെയാണ് 9.4 ലക്ഷം രൂപ നൽകാൻ കോടതി ഉത്തരവിടുന്നത്.
അതേസമയം, താൻ ഡിവോഴ്സിന് വേണ്ടി നിൽക്കുകയാണ് അതിനാലാണ് ഡുവാൻ ഈ കേസ് നൽകിയത് എന്നാണ് മകളുടെ ഭർത്താവ് പറയുന്നത്. എന്നാൽ, സോഷ്യൽ മീഡിയയിൽ ഭൂരിഭാഗം പേരും ഡുവാൻ ചെയ്തതിനെ അഭിനന്ദിച്ചു. മകളെയും കുട്ടിയെയും സംരക്ഷിക്കുന്നതിന് വേണ്ടിയുമാകാം അവർ കേസ് നൽകിയത് എന്നും പലരും അഭിപ്രായപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: