
കൊവിഡ് 19 ഇന്ത്യയെ അപ്രതീക്ഷിത ലോക്ക് ഡൗണിലേക്ക് തള്ളി വിട്ടപ്പോൾ ആദ്യത്തെ നാലാഴ്ച രാജ്യത്ത് ഒരു മദ്യശാല പോലും തുറന്നു പ്രവർത്തിച്ചിരുന്നില്ല. പിന്നീട്, ലോക്ക് ഡൗണിന്റെ അടുത്ത ഘട്ടങ്ങളിൽ പല സംസ്ഥാനങ്ങളും അവരുടെ പ്രധാന നികുതിവരുമാന മാർഗ്ഗങ്ങളായ മദ്യവില്പന ശാലകൾ തുറന്നു പ്രവർത്തിക്കാൻ തീരുമാനമെടുത്തപ്പോൾ അവയെ അനുകൂലിച്ചും പ്രതികൂലിച്ചും സ്വരങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ഇരു പക്ഷത്തേയും അതിശയിപ്പിക്കുന്ന കാഴ്ചകളാണ് ആ ദിനങ്ങളിൽ പല സംസ്ഥാനങ്ങളിലെയും മദ്യശാലകൾക്ക് മുന്നിൽ ഉണ്ടായത്. പെരുമഴയെയും, പൊരിവെയിലിനെയും, ആലിപ്പഴം വീഴ്ചയെയും ഒക്കെ തൃണവൽഗണിച്ചുകൊണ്ട് മധുശാലകൾക്കു മുന്നിൽ വരി നിന്നത് നൂറുകണക്കിന് മദ്യാന്വേഷികളാണ്.
ചിലയിടങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ പൊലീസിന് ലാത്തി വീശേണ്ടിവന്നത് വാർത്തയായെങ്കിൽ, മറ്റു ചിലയിടങ്ങളിൽ കൗതുകമായത് അരലക്ഷത്തിലധികം രൂപയുടെ മദ്യം വാങ്ങിയതിന്റെ ഒറ്റ ബില്ലാണ്.
ആ തിരക്ക് അത്ഭുതാവഹമാണെങ്കിലും, ഒട്ടും അപ്രതീക്ഷിതമല്ലായിരുന്നു. കാരണം, ദിനേന മദ്യപിച്ചുകൊണ്ടിരുന്ന ഒരു പറ്റം ആളുകൾ ഒരൊറ്റ രാത്രികൊണ്ടാണ് ഒരു തുള്ളി പോലും മണക്കാൻ കിട്ടാത്ത അവസ്ഥയിലേക്ക് മാറിയത്. അങ്ങനെ ആഴ്ചകൾ പിന്നിട്ടശേഷം സംസ്ഥാന സർക്കാരുകൾ മദ്യഷാപ്പുകൾ വീണ്ടും തുറക്കുമ്പോൾ മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്? ഇത് ഇന്ത്യയിലെ മാത്രം ട്രെൻഡല്ലായിരുന്നു. മദ്യവില്പനയുടെ കണക്കുകളിൽ അമേരിക്ക 55 ശതമാനവും, യുകെ 22 ശതമാനവും വർദ്ധനവ് രേഖപ്പെടുത്തി. എന്നാൽ, യുകെ, അമേരിക്ക എന്നീ രാജ്യങ്ങളും ഇന്ത്യയും തമ്മിൽ പ്രകടമായ ഒരു അന്തരമുണ്ട്. മദ്യം എന്നത് ആ രാജ്യങ്ങളിൽ എന്നുമെന്നും അവശ്യസാധനങ്ങളുടെ കൂട്ടത്തിൽ സുലഭമായി ലഭിച്ചിരുന്ന ഒന്നായിരുന്നുവെങ്കിൽ, ഇന്ത്യയിൽ സാധാരണഗതിക്കുപോലും അത്ര എളുപ്പത്തിൽ വിറ്റഴിക്കാവുന്ന ഒരു ഉത്പന്നമായിരുന്നില്ല മദ്യം. ഇപ്പോൾ കൊവിഡ് ഭീതി കൂടി വന്നതോടെ മദ്യം വിൽക്കുക കുറേക്കൂടി ദുഷ്കരമായ ഒരു പ്രക്രിയയായി മാറി.
മദ്യവില്പന എന്ന ദുഷ്കരമായ പ്രക്രിയ
ഇന്ത്യയിൽ ഒരിടത്തും മദ്യത്തിന്റെ ഹോം ഡെലിവറിക്ക് വേണ്ട സംവിധാനമുണ്ടായിരുന്നില്ല. ഓൺലൈൻ വില്പന എന്ന സങ്കല്പമേ വ്യാപകമല്ലായിരുന്നു. വോട്ടുബാങ്കുകളെ ലക്ഷ്യമിട്ട് മദ്യ വില്പന പാടെ നിരോധിച്ച സംസ്ഥാനങ്ങൾ പോലുമുണ്ട്. മദ്യം എങ്ങനെ വിൽക്കണം എന്നത് സംബന്ധിച്ച് ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങൾക്കും അവരവരുടേതായ നയങ്ങൾ വെവ്വേറെയുണ്ടായിരുന്നു. വിപരീത സാഹചര്യങ്ങൾ ഇത്രയൊക്കെ ഉണ്ടായിരുന്നിട്ടും , ആഗോള തലത്തിൽ മദ്യഉപഭോഗത്തിന്റെ കണക്കെടുക്കുമ്പോൾ, ഇന്ത്യ ലോകത്തിൽ തന്നെ രണ്ടാം സ്ഥാനത്താണ്. ചൈന മാത്രമാണ് ഇക്കാര്യത്തിൽ ഇന്ത്യക്ക് മുകളിലായി ഉള്ളത്. ഇന്ത്യയിൽ വർഷാവർഷം 66 കോടി ലിറ്ററിൽ പരം മദ്യം വിറ്റുപോകുന്നുണ്ട് എന്നാണ് IWSR ഡ്രിങ്ക്സ് മാർക്കറ്റ് അനാലിസിസ് എന്ന ലണ്ടൻ അധിഷ്ഠിത മാർക്കറ്റ് റിസർച്ച് സ്ഥാപനത്തിന്റെ പഠനം സൂചിപ്പിക്കുന്നത്. മദ്യത്തിന്റെ പ്രതിശീർഷ ഉപഭോഗവും വർഷം ചെല്ലുന്തോറും ഏറി വരിക തന്നെയാണ് ഇന്ത്യയിൽ.
ലോകത്തിലെ മറ്റേതൊരു രാജ്യത്തെക്കാളും അധികമായി വിസ്കി കഴിക്കുന്നവർ ഇന്ത്യക്കാരാണ്. അമേരിക്കയിലെ കുടിയന്മാർ അകത്താക്കുന്നതിന്റെ മൂന്നിരട്ടിയോളം വിസ്കി ഇന്ത്യയിലെ മദ്യപർ കഴിക്കുന്നുണ്ട്. 'രണ്ടു കുപ്പിക്ക് ഒന്നെ'ന്ന കണക്കിനാണ് ലോകത്തെ വിസ്കി കുടിയിൽ ഇന്ത്യയുടെ പ്രാതിനിധ്യം. 2018 -ൽ ആഗോള മദ്യ ഉപഭോഗം ഇടിഞ്ഞപ്പോഴും ഇന്ത്യ അക്കാര്യത്തിൽ 7 ശതമാനം വളർച്ച രേഖപ്പെടുത്തി.
മദ്യപാനത്തിന്റെ തെക്കൻ കമ്പം
ഇനി ഇന്ത്യയുടെ മാത്രം കണക്കെടുത്താൽ, രാജ്യം മുഴുവൻ സേവിക്കുന്നതിന്റെ 45 ശതമാനം മദ്യവും കുടിച്ചു തീർക്കുന്നത് കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കർണാടകം, തെലങ്കാന എന്നീ അഞ്ചു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ചേർന്നാണ്. ക്രിസിലിന്റെ റിപ്പോർട്ട് പ്രകാരം, ആ സംസ്ഥാനങ്ങളുടെ നികുതിവരുമാനത്തിന്റെ പത്തു ശതമാനത്തിലധികവും ഖജനാവിൽ വന്നു ചേരുന്നതും മദ്യവില്പനയിലൂടെത്തന്നെയാണ്. ഈ അഞ്ചു സംസ്ഥാനങ്ങൾക്ക് പുറമെ പഞ്ചാബ്, മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ എന്നിവയും മദ്യത്തിന്റെ ഉപഭോഗം കൂടുതലുള്ള സംസ്ഥാനങ്ങളാണ്.
ഈ പ്രദേശങ്ങളിൽ ഒന്നും തന്നെ ഏപ്രിൽ മാസത്തിൽ ഒരു തുള്ളി മദ്യം നേരായ മാർഗത്തിലൂടെ വിറ്റുപോയിരുന്നില്ല. അതുകൊണ്ട് നികുതിയിനത്തിൽ കടുത്ത നഷ്ടവും അവർക്ക് സഹിക്കേണ്ടി വന്നിട്ടുണ്ട്. അത് അവരുടെ ചെലവുകൾ നടത്തുന്നതിനെപ്പോലും ബാധിക്കുന്ന സാഹചര്യമുണ്ടാക്കി എന്നതാണ് സത്യാവസ്ഥ. അതാണ് ഒടുവിൽ ആദ്യം കിട്ടിയ അവസരത്തിൽ തന്നെ മഹാരാഷ്ട്രയും, തമിഴ്‌നാടും അടക്കമുള്ള പല സംസ്ഥാനങ്ങളും മദ്യവില്പന പുനരാരംഭിച്ചത്.
മദ്യത്തിന്റെ അമിതമായ ഉപഭോഗമാണ് പ്രശ്നം
ഇത് സംസ്ഥാനങ്ങളുടെ അവസ്ഥ. എന്നാൽ കുടിയന്മാരെ സംബന്ധിച്ച യാഥാർത്ഥ്യങ്ങൾ ഇതിലും ഏറെ ഭയാവഹമാണ്. സാമൂഹ്യ നീതി വകുപ്പിന്റെ 2019 ലെ പഠനം പ്രകാരം, 10 വയസിനും 75 വയസ്സിനും ഇടയിൽ പ്രായമുള്ള ഇന്ത്യൻ ജനതയുടെ 14 ശതമാനത്തിലധികം പേർ മദ്യപിക്കുന്നവരാണ്. 11 ശതമാനവും അമിതമദ്യപാനികൾ ആണെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിഗമനം. മദ്യപിക്കുന്നവരിൽ 19 ശതമാനത്തിനും മദ്യമില്ലാതെ ഒരു ദിവസം പോലും സ്വൈര്യമായി ഇരിക്കാൻ സാധിക്കില്ല. ഇന്ത്യയിൽ മൂന്നു കോടിയോളം പേർ വളരെ അപകടകരമായ രീതിയിലാണ് മദ്യപാനം നടത്തുന്നത് എന്നും ഒരു പഠനത്തിൽ വെളിപ്പെട്ടിട്ടുണ്ട്.
സർക്കാർ സംവിധാനത്തിലൂടെ താങ്ങാവുന്ന വിലക്ക് നല്ല മദ്യം കിട്ടുന്നില്ല എന്ന പരാതിയുള്ള പലരും, ആകെ കുടിയന്മാരുടെ നല്ലൊരു ശതമാനത്തിനും വിദേശ മദ്യത്തേക്കാൾ പ്രിയം, പ്രാദേശികമായി നിർമ്മിച്ചെടുക്കുന്ന വീര്യമേറിയ നാടൻ വാറ്റാണ്. കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലെ മദ്യത്തിന്റെ ശരാശരി ഉപഭോഗവും ഏകദേശം 38 ശതമാനത്തോളം വർധിച്ചിട്ടുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. ഇന്ത്യൻ പൗരന്മാരുടെ മദ്യത്തിന്റെ ശരാശരി വാർഷിക ഉപഭോഗം 4.3 ലിറ്ററിൽ നിന്ന് 5.9 ലിറ്റർ ആയി വർദ്ധിച്ചിട്ടുണ്ടത്രെ. മദ്യം ജനങ്ങൾക്ക് താങ്ങാവുന്ന വിലയിൽ രാജ്യത്ത് ലഭ്യമായിട്ടുണ്ട് എന്നതാണ് ഇങ്ങനെ ഉപഭോഗത്തിന്റെ അളവ് കൂടാനുള്ള കാരണം എന്ന് ഗവേഷകർ പറയുന്നു.
എത്ര ഫലപ്രദമാണ് നിരോധനം?
"മദ്യത്തിന്റെ ഉപഭോഗമല്ല, അതിന്റെ അമിതമായ ഉപഭോഗമാണ് യഥാർത്ഥ വില്ലൻ. നമ്മൾ തിരിച്ചറിയേണ്ടത് മദ്യം കഴിക്കുന്നവരും മദ്യാസക്തരും തമ്മിലുള്ള വ്യത്യാസമാണ് " എന്ന് 1948 -ൽ, സഭാതലത്തിൽ വെച്ച് ഉറക്കെ പ്രഖ്യാപിച്ചത് ബി എച്ച് ഖാർഡേക്കർ എന്ന കൊൽഹാപൂർ എംപി ആയിരുന്നു. മദ്യത്തിന്റെ നിരോധനമോ വിലക്കോ ഒക്കെ വഴിവെക്കുക അതിന്റെ കള്ളക്കടത്തിനും, കരിഞ്ചന്തയ്ക്കും അനുബന്ധ കുറ്റകൃത്യങ്ങൾക്കും ആണെന്ന് അദ്ദേഹം അന്ന് ശക്തിയുക്തം വാദിച്ചു. മദ്യം കരിഞ്ചന്തയിൽ വിൽക്കപ്പെടുകയും, മദ്യപർ അത് വാങ്ങി സേവിക്കുകയും ഒക്കെ ചെയ്യും. സംസ്ഥാനങ്ങൾക്ക് നികുതിപ്പണം ചെന്ന് ചേരില്ല എന്ന ഒരു മാറ്റം മാത്രമേ നിരോധനത്താൽ സമൂഹത്തിൽ ഉണ്ടാകൂ എന്ന് ഖാർഡേക്കർ അന്ന് പറഞ്ഞു.
ഇക്കാര്യത്തിൽ മദ്യം നിരോധിതമായിട്ടുള്ള ഗുജറാത്ത് സംസ്ഥാനം ഏറ്റവും നല്ല ഉദാഹരണമാണ്. നിരോധനം ഉണ്ടായിരുന്നിട്ടും, അനധികൃത മദ്യ വില്പനയുടെ നിർബാധം തുടരുന്നുണ്ട് അവിടെ. അതിന്റെ ഗുണം കിട്ടിയിരിക്കുന്നത് അയല്വക്കത്ത് കിടക്കുന്ന ദാമൻ എന്ന കേന്ദ്ര ഭരണപ്രദേശത്തിനാണ്. ഗുജറാത്തിൽ മദ്യം നിരോധിച്ച ശേഷം ദാമനിലെ ശരാശരി മദ്യ ഉപഭോഗം 56 ലിറ്ററായി ഉയർന്നു. ഇന്ത്യയുടെ ശരാശരി ആളോഹരി ഉപഭോഗമായ 4.6 ലിറ്ററിന്റെ പത്തിരട്ടിയിലധികമുണ്ട് അതെന്നോർക്കുക. നിരോധനം കാരണം ഗുജറാത്തിന് വർഷാവർഷം നഷ്ടപ്പെടുന്ന നികുതി വരുമാനം ചുരുങ്ങിയത് പതിനായിരം കോടിയെങ്കിലും വരുമെന്നാണ് കണക്ക്. ആദ്യം സമ്പൂർണ നിരോധനമായിരുന്നു ഗുജറാത്തിലെങ്കിൽ പിന്നീട് വ്യാവസായിക, ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിരോധനത്തിൽ വെള്ളം ചേർത്ത്, നികുതിച്ചോർച്ച തടയാൻ ശ്രമിക്കേണ്ട ഗതികെണ്ടുണ്ടായി സംസ്ഥാനത്തിന്.
ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ കേന്ദ്ര നികുതി വിഹിതം ഒരു ലക്ഷം കോടിയിൽ പരം രൂപയാണ്. പെട്ടെന്ന് ഒരു ദിവസം മദ്യം നിരോധിക്കുകയോ, മദ്യത്തിന്റെ ലഭ്യത തീർത്തും ഇല്ലാതാക്കുകയോ ചെയുന്നത് മദ്യപാനം നിമിത്തം സമൂഹത്തിനുണ്ടാകുന്ന ദോഷങ്ങൾ ഒറ്റയടിക്ക് ഇല്ലാതാക്കുകയില്ല. ഉത്തരവാദിത്തത്തോടെ മദ്യം ഉപയോഗിക്കാൻ വേണ്ട ബോധവൽക്കരണങ്ങളും, അതിനെ സഹായിക്കുന്ന നിയമങ്ങളും ഉണ്ടാകണം. ചുരുങ്ങിയ പ്രായത്തിന്റെ കാര്യത്തിലുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കണം. പൊതു ഇടങ്ങളിൽ മദ്യപിച്ച് ബഹളമുണ്ടാക്കുന്നതും, മദ്യപിച്ച് വണ്ടിയോടിക്കുന്നതും ഒക്കെ കടുത്ത കുറ്റമായി കണ്ടുകൊണ്ട് കടുത്ത ശിക്ഷകൾ നൽകണം, മദ്യത്തിന്റെ ഉപഭോഗം നിമിത്തമുണ്ടാകുന്ന ഗാർഹികപീഡനങ്ങളും നിയന്ത്രിക്കണം, ശിക്ഷാർഹമാക്കണം.
മദ്യത്തിന്റെ ആളോഹരി ഉപഭോഗം വർഷാവർഷം ഘട്ടം ഘട്ടമായി കുറച്ചു കൊണ്ടുവരാൻ വേണ്ടത് ഗവൺമെന്റുകൾ തന്നെ ചെയ്യണം. അതിനുവേണ്ട ബോധവൽക്കരണ പരിപാടികൾക്കായി വിറ്റുകിട്ടുന്ന നികുതിപ്പണം നീക്കിവെക്കണം. മദ്യത്തിന്റെ ദൂഷ്യഫലങ്ങളിൽ നിന്ന് സ്വന്തം പൗരന്മാരെ രക്ഷിക്കാൻ വേണ്ട നടപടികൾ സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടായേ തീരൂ..!