ആ ലോക്ക്ഡൗണ്‍ ചിത്രം പിറന്നതെങ്ങനെ; ഫോട്ടോഗ്രാഫര്‍ പറയുന്നു

By Web TeamFirst Published May 18, 2020, 2:50 PM IST
Highlights

ലോക്ക്ഡൗണ്‍ കാലത്തെ കുടിയേറ്റത്തൊഴിലാളികളുടെ പലായനങ്ങളുടെ ഐക്കണ്‍ ആയി മാറിയ ആ ഫോട്ടോ. പിടിഐ ഫോട്ടാഗ്രാഫര്‍ അതുല്‍ യാദവ് പകര്‍ത്തിയ ഫോട്ടോയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ക്യാമറാമാന്‍ രാജീവ് സോമശേഖരന്‍ എഴുതുന്നു. 

ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ തനിക്ക് ഒരു ഉദ്ദേശവും ഉണ്ടായിരുന്നില്ലെന്ന് അതുല്‍ യാദവ് പറയുമ്പോഴും റാം പുകാറിന്റെ ചിത്രം ഈ കൊറാണ കാലത്ത് കുടിയേറ്റതൊഴിലാളികള്‍ അനുഭവിക്കുന്ന സമാനതകളില്ലാത്ത പ്രതിസന്ധിയെ അതിന്റെ എല്ലാ അനിശ്ചിതത്വത്തോടും കൂടി രേഖപ്പെടുത്തിയിരിക്കുന്നു എന്ന് നിസ്സംശയം പറയാം. 

 

 

'ബ്രേക്ക് ദ റൂള്‍' എന്നൊരു നിയമം ഉണ്ട് ഫോട്ടോഗ്രഫിയില്‍. റൂള്‍ ഓഫ് തേഡ്, ലീഡിങ്ങ് ലൈന്‍സ് തുടങ്ങി ഒരു പിടി നിയമങ്ങളില്‍ ഏറ്റവും അവസാനത്തേത്. ഒരു ചിത്രം സകല നിയമങ്ങളും തെറ്റിച്ചുകൊണ്ട് പ്രേക്ഷകരുമായി സംവേദിക്കുന്ന ഫോട്ടോഗ്രാഫിയിലെ പുതിയ ഒരു നിയമം.

സന്ദര്‍ഭങ്ങളാണ് നിയമങ്ങള്‍. സാങ്കേതികതയുടെ ഭാരം ചിലപ്പോള്‍ ആ സന്ദര്‍ഭം ഒരു ഫോട്ടോഗ്രാഫര്‍ക്ക് നഷ്ടപ്പെടുത്തിയേക്കാം.  ദുരന്തമുഖങ്ങള്‍ പലപ്പോഴും അങ്ങനെയാണ്. ഇത്തരം അസന്ദിഗ്ധമായ അവസ്ഥകളില്‍  ബര്‍സ്റ്റ് ഷോട്ടുകള്‍ എടുക്കാന്‍ ഫോട്ടോഗ്രാഫര്‍ തീരുമാനിക്കും. ഒരൊറ്റ ക്ലിക്കില്‍ 10 ചിത്രങ്ങള്‍ വരെ ക്യാമറയില്‍ പതിക്കും.  അതില്‍ നിന്ന് തിരഞ്ഞെടുക്കുന്ന ഒരെണ്ണം, ഫോട്ടോഗ്രാഫറുടെ ആദ്യ കാഴ്ച  ചിലപ്പോള്‍ ചരിത്രത്തിന്റെ ഭാഗമാവും. ഫ്രെയിമിങ്ങിനോ ലൈറ്റിങ്ങിനോ ഒരു പ്രാധാന്യവും ഇല്ലാതെ നിയമങ്ങള്‍ കാറ്റില്‍ പറത്തി പിറക്കുന്ന ഒരു 'ബ്രേക്ക് ദി റൂള്‍' ചിത്രം.

അത്തരത്തിലൊരു ചിത്രമാണ് ഈ ലോക്ഡൗണ്‍ കാലത്ത് ദില്ലിയിലെ യമുനാ പാലത്തിന് അടുത്ത് നിന്ന് പിടിഐ ഫോട്ടാഗ്രാഫര്‍ അതുല്‍ യാദവ് പകര്‍ത്തിയ റാം പുകാര്‍ പണ്ഡിറ്റ് എന്ന കുടിയേറ്റ തൊഴിലാളിയുടെ മുഖം.  ഇങ്ങനെയല്ലാതെ എങ്ങനെ കൊറോണക്കെടുതിയുടെ തീവ്രത സംവേദനം ചെയ്യാനാവും എന്ന് നമ്മെ അത്ഭുതപ്പെടുത്തുന്ന ചിത്രം.

 

റാം പുകാര്‍ പണ്ഡിറ്റ്

അതുല്‍ യാദവ് രാംപുകാര്‍ പണ്ഡിറ്റിനെ കാണുന്നത് ഒരു തിങ്കളാഴ്ച വൈകുന്നേരമാണ്. വൈകിട്ട് അഞ്ചുമണിയോടെ കാറോടിച്ച് പോകവേയാണ് യമുന പാലത്തിന് അടുത്തുള്ള വഴിയരികില്‍ ഫോണ്‍ ചെവിയില്‍ വെച്ച് സംസാരിക്കാന്‍ നന്നേ കഷപ്പെടുന്ന ഒരു മനുഷ്യനെ കണ്ടത്. അദ്ദേഹത്തിനടുത്തേയ്ക്ക് പോകുന്നതിനു മുമ്പ് അതുല്‍ കാറില്‍ ഇരുന്നുകൊണ്ട് അയാളുടെ ചിത്രം പകര്‍ത്തുകയായിരുന്നു.

'മകന്‍ മരിച്ചുപോയി, എനിക്ക് അവന്റെ അടുത്തെത്തണം,' അടുത്തെത്തി സംസാരിച്ചു തുടങ്ങിയപ്പോള്‍ റാം പുകാറിന് ഇത്രമാത്രമേ പറയാന്‍ ഉണ്ടായിരുന്നുള്ളു.

എവിടേക്കാണ് പോവേണ്ടത് എന്ന അതുലിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് പാലത്തിന്റെ അപ്പുറത്തേയ്ക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട്, 'അവിടെ' എന്ന് മാത്രമായിരുന്നു അയാളുടെ മറുപടി.

അതുല്‍ യാദവ്

 

ഉത്തര്‍പ്രദേശില്‍ എവിടെയോ ആണ് അയാള്‍ക്ക് പോകേണ്ടതെന്ന് അതുല്‍ ഊഹിച്ചു. റാം പുകാറിനെ അതിര്‍ത്തി കടക്കാന്‍ സഹായിക്കാം എന്ന ഉറപ്പും നല്‍കി. എന്നാല്‍ റാം പുകാറിന് ശരിക്കും പോകേണ്ടിയിരുന്നത് ബീഹാറിലെ ബരിയാര്‍പൂരിലായിരുന്നു. കാറില്‍ അതിര്‍ത്തി കടക്കാന്‍ കഴിയില്ലെന്നും, എന്നാല്‍, അയാളെ നാട്ടിലെത്തിക്കാന്‍ സഹായിക്കാം എന്ന ഉറപ്പും പൊലീസുകാര്‍ നല്‍കിയിരുന്നു. പക്ഷെ മൂന്ന് ദിവത്തോളം യുപി ഗേറ്റില്‍ റാം പുകാര്‍ തടയപ്പെട്ടു.

 

 

മനുഷ്യരുടെ നിസ്സഹായ അവസ്ഥയും ദുരിതങ്ങളും ചിത്രങ്ങളാക്കുന്നത് ശ്രമകരമാണ്. വിയറ്റ്‌നാമീസ് ഫോട്ടോഗ്രാഫര്‍ നിക് ഉട്ടിന്റെ 'ദി ടെറര്‍ ഓഫ് വാര്‍', അസോസിയേറ്റ് പ്രസ്സ് ഫോട്ടോഗ്രാഫര്‍ റിച്ചാര്‍ഡ് ഡ്ര്യൂവിന്റെ 'ഫാളിങ്ങ് മാന്‍', ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍ രഘു റായിയുടെ 'ബറിയല്‍ ഓഫ് ആന്‍ അണ്‍നോണ്‍ ചൈല്‍ഡ്', റോയിറ്റേഴ്‌സ് ഫോട്ടോജേണലിസ്റ്റ് ആര്‍ക്കോ ദത്തയുടെ ഖുതുബുദ്ദീന്‍ അന്‍സാരിയുടെ ഗുജറാത്ത് കലാപ കാല ചിത്രം ഒക്കെയാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഓര്‍മ്മ വന്നതെന്ന് അതുല്‍ പറയുന്നു. വിയറ്റ്‌നാം യുദ്ധവും, സെപ്റ്റംബര്‍ 11 ഭീകരാക്രമണവും, ഭോപ്പാല്‍ വിഷവാതക ദുരന്തവും ,ഗുജറാത്ത് കലാപഭീകരതയും എല്ലാം ഈ ഒറ്റ ചിത്രത്തിലൂടെ വ്യക്തമാവുന്നു.

2004ല്‍ ആന്‍ഡമാന്‍ നിക്കോബാര്‍  ദ്വീപുകളില്‍ ആഞ്ഞടിച്ച സുനാമിയും അതേ വര്‍ഷം  ജമ്മു കശ്മീരില്‍ ഉണ്ടായ വെള്ളപ്പൊക്കവും ഭൂകമ്പവും അതുല്‍ യാദവിന്റെ ജീവിതത്തിലെ മറക്കാനാവാത്ത സംഭവങ്ങളാണ്. പക്ഷെ ഈ കൊറോണ ദുരിതം ഇതില്‍ നിന്നെല്ലാം വിഭിന്നമാണെന്ന് അതുല്‍ സോഷ്യല്‍ മീഡിയാ പോസ്റ്റില്‍ പറയുന്നു.

 

Photo: Atul Yadav

കൊറോണ ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. മുന്‍കാല ദുരന്തങ്ങളില്‍നിന്ന് അതിനെ വ്യത്യസ്തമാക്കുന്ന രണ്ട് പ്രധാന കാരണങ്ങള്‍ ഇവയാണ്. ഒന്ന്, മറ്റ്  പ്രകൃതിദുരന്തങ്ങളുടെ ആഘാതങ്ങള്‍ക്കെല്ലാം ഒരു കാലപരിധിയുണ്ട്. അതിജീവിക്കാന്‍ അധിക കാലം എടുക്കില്ല എന്ന ഉറപ്പ് ജനങ്ങള്‍ക്ക് ഉണ്ടായിരുന്നു. രണ്ട്, സഹായിക്കാന്‍ ആളുണ്ടാവാത്ത അവസ്ഥ. ഒരു ഭൂകമ്പത്തിനിടയിലോ വെള്ളപ്പൊക്കത്തിനിടയിലോ ആളുകള്‍ക്ക് തങ്ങളാലാവുന്ന വിധത്തില്‍ മറ്റുള്ളവരെ സഹായിക്കാന്‍ കഴിയുമായിരുന്നു. ഇവിടെ അതല്ല അവസ്ഥ. 

 

Photo: Atul Yadav

 

കൊറോണ വൈറസിന്റെ വ്യാപനം എത്രകാലത്തേക്ക് തുടരും എന്ന കാര്യത്തില്‍ ഇപ്പോഴും ഒരു വ്യക്തതയുമില്ല. എത്ര കാലം കൊണ്ട് ഈ അവസ്ഥ മാറുമെന്നുമറിയില്ല. ആര്‍ക്കും ആരെയും സഹായിക്കാനാവാത്ത ഒരവസ്ഥയാണ് ലോകം നേരിടുന്നത്. വിശപ്പകറ്റാന്‍ ഒരു പായ്ക്കറ്റ് ബിസ്‌ക്കറ്റ് കൊടുക്കാന്‍ പോലും സാമൂഹിക അകലം പാലിക്കേണ്ട അവസ്ഥ. വഴിയില്‍ ഉപേക്ഷിക്കപ്പെട്ടത് പോലെ കാണപ്പെടുന്ന ഭക്ഷപ്പൊതികള്‍ ആളുകള്‍ എടുത്തുകൊണ്ട് പോകുന്ന കാഴ്ച ഹൃദയഭേദകമാണെന്ന് മുകളില്‍ പറഞ്ഞ റാം പുകാറിന്റെ പടമെടുത്ത ഫോട്ടോഗ്രാഫറായ അതുല്‍ യാദവ് ട്വിറ്ററില്‍ പറയുന്നു.

 

Photo: Atul Yadav

 

ലോക്ക്ഡൗണ്‍ കാലത്തെ മറ്റനേകം കാഴ്ചകളും  അതുല്‍ യാദവ് പകര്‍ത്തിയിട്ടുണ്ട്. പൂര്‍ണഗര്‍ഭിണിയായ ഒരു സ്ത്രീ തന്റെ കുടുംബത്തോടൊപ്പം വഴിയരികിലൂടെ നടന്നു പോകുന്നതാണ് ഒരു ചിത്രത്തില്‍. ശ്വാസമെടുക്കാന്‍ കൂടി കഷ്ടപ്പെടുകയായിരുന്നു ആ സ്ത്രീ. തന്നെയും തോളത്ത് എടുക്കാന്‍ വേണ്ടി വാവിട്ട് കരയുന്ന അവരുടെ ചെറിയ മകനെയും ചിത്രത്തില്‍ കാണാം.

 

Photo: Atul Yadav

 

എന്നാല്‍ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഹൈവേയിലൂടെ കാറോടിച്ചു പോകുമ്പോള്‍ കുറച്ച് മനുഷ്യര്‍ ഇരുട്ടില്‍ റോഡരികിലൂടെ തങ്ങളുടെ വീടുകളിലേക്ക് കാല്‍ നടയായി പോകുന്ന ചിത്രവും അക്കൂട്ടത്തിലുണ്ട്. മിക്കവര്‍ക്കും ചെരുപ്പുകള്‍ പോലും ഉണ്ടായിരുന്നില്ല.

വിഭജനത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ മനുഷ്യ പലായനങ്ങളില്‍ ഒന്നാണ് ലോക്ഡൗണ്‍ പ്രഖ്യാപനത്തിന് ശേഷമുണ്ടായത്. പതിനായിരക്കണക്കിന് മനുഷ്യര്‍ ഇന്ത്യടെ കുറുകേ കാല്‍നടയായി ഇപ്പോഴും യാത്ര തുടരുകയാണ്.

 

Photo: Atul Yadav

ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ തനിക്ക് ഒരു ഉദ്ദേശവും ഉണ്ടായിരുന്നില്ലെന്ന് അതുല്‍ യാദവ് പറയുമ്പോഴും റാം പുകാറിന്റെ ചിത്രം ഈ കൊറാണ കാലത്ത് കുടിയേറ്റതൊഴിലാളികള്‍ അനുഭവിക്കുന്ന സമാനതകളില്ലാത്ത പ്രതിസന്ധിയെ അതിന്റെ എല്ലാ അനിശ്ചിതത്വത്തോടും കൂടി രേഖപ്പെടുത്തിയിരിക്കുന്നു എന്ന് നിസ്സംശയം പറയാം. 

click me!