പ്രണയിനി നേരത്തെ ലൈം​ഗികത്തൊഴിലാളിയായിരുന്നു എന്നറിഞ്ഞപ്പോൾ യുവാവ് പറഞ്ഞത്; ആ പ്രണയകഥ...

By Web TeamFirst Published Feb 21, 2021, 4:41 PM IST
Highlights

ആ വേശ്യാലയത്തില്‍ നിന്നും രക്ഷപ്പെട്ടുവെങ്കിലും ആ അനുഭവങ്ങളുടെ ആഘാതവും വേദനയും ദുസ്വപ്നങ്ങളും അത്രയെളുപ്പമൊന്നും അവളെ വിട്ട് പോയിരുന്നില്ല. 

കല്‍ക്കത്തയിലുള്ള സര്‍ജോ ആ യുവതിയുമായി പ്രണയത്തിലാവുമ്പോള്‍ അവളുടെ ഇന്നലകളോ ഒന്നും തന്നെ അയാളെ അലട്ടിയിരുന്നില്ല. ഫാക്ടറിയില്‍ ഒരുമിച്ച് ജോലി ചെയ്യവെയാണ് അയാള്‍ സുലേഖയെ കണ്ടുമുട്ടിയത്. എല്ലാത്തരം ദുരന്തങ്ങളോടും ഭീകരതയോടും പടവെട്ടിയാണ് അവള്‍ അവളുടെ ജീവിതം തിരിച്ചുപിടിച്ചത്. വളരെ ചെറുപ്പത്തില്‍ തന്നെ ലൈംഗികത്തൊഴിലാളിയായി മാറേണ്ടി വന്നയാളാണ് സുലേഖ. സ്വന്തം കുടുംബം ഉപേക്ഷിച്ചവളാണവള്‍, അവൾ നേരത്തെ കഴിയേണ്ടി വന്നയിടങ്ങളിലൊക്കെ അവളെ ക്രൂരമായിട്ടാണ് ഉപദ്രവിച്ചത്. ആരെയെങ്കിലും വിശ്വസിക്കാന്‍ പോലും അവള്‍ക്ക് പ്രയാസമായിരുന്നു. എന്നാല്‍ ഒരുവര്‍ഷം സര്‍ജോ അവള്‍ക്ക് വേണ്ടി ക്ഷമയോടെ കാത്തിരുന്നു. 2015 -ല്‍ അവള്‍ അവനിലേക്ക് വന്നു. അവര്‍ വിവാഹം കഴിച്ചു. നാല് വയസുള്ള ഒരു മകനുമുണ്ട്. 

വെസ്റ്റ് ബംഗാളിലെ മേദിനിപൂരിലെ നന്ദകുമാര്‍ എന്ന ഗ്രാമത്തിലാണ് സുലേഖ വളര്‍ന്നത്. അവളുടെ അച്ഛന്‍ എപ്പോഴും അവളുടെ അമ്മയെ ഉപദ്രവിക്കുമായിരുന്നു. തടയാന്‍ ചെല്ലുന്ന അവള്‍ക്കും കിട്ടും പൊതിരെ തല്ല്. അവളെപ്പോഴും സ്നേഹത്തിന് വേണ്ടി കൊതിച്ചു. പക്ഷേ, തല്ലും വഴക്കുമായിരുന്നു കിട്ടിയിരുന്നത്. പത്താമത്തെ വയസില്‍ അങ്ങനെ അവള്‍ വീട്ടില്‍ നിന്നും ഓടിപ്പോകാന്‍ തന്നെ തീരുമാനിച്ചു. ഏതെങ്കിലും നഗരത്തിലെത്തി എന്തെങ്കിലും ഒരു ജോലി കണ്ടെത്താന്‍ അവള്‍ ആഗ്രഹിച്ചു. അങ്ങനെ അവള്‍ അടുത്തുള്ള റെയില്‍വേ സ്റ്റെഷനിലെത്തി. അവള്‍ തനിച്ചു നില്‍ക്കുന്നത് കണ്ട രണ്ട് ആണുങ്ങള്‍ അവള്‍ക്കരികിലെത്തി അവളോട് ഭക്ഷണം വാഗ്ദ്ധാനം ചെയ്തു. പകരം അവര്‍ക്ക് വേണ്ടി ജോലി ചെയ്യാമോ എന്നും ചോദിച്ചു. 

എന്നാല്‍ അവരുദ്ദേശിച്ച ആ ജോലി എന്തായിരുന്നുവെന്ന് അവള്‍ക്ക് മനസിലായിരുന്നില്ല. എന്നാല്‍, പേടിയും വിശപ്പും കൊണ്ട് തളര്‍ന്നു പോയിരുന്നതിനാല്‍ തന്നെ അവരെ കണ്ണുമടച്ച് വിശ്വസിച്ച സുലേഖ അവര്‍ക്കൊപ്പം ചെന്നു. അവരവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി, സ്വാദിഷ്ടമായ ഭക്ഷണം തന്നെ നല്‍കി. എന്നാല്‍, അത് കഴിച്ചയുടനെ അവളുടെ ബോധം പോയി. ബോധം തെളിച്ചപ്പോള്‍ അവളൊരു വേശ്യാലയത്തില്‍ ചങ്ങലക്കിട്ടിരിക്കുകയാണ്. അപ്പോഴവള്‍ക്ക് അതൊന്നും അറിയില്ലായിരുന്നു. പിന്നീടാണ് അവള്‍ക്കതെല്ലാം മനസിലായത്. അത് ഹാല്‍ദിയ ജില്ലയിലായിരുന്നു. അവളുടെ വീട്ടില്‍ നിന്നും ഏതാനും മണിക്കൂറുകളുടെ ദൂരമേ അങ്ങോട്ടുണ്ടായിരുന്നുള്ളൂ. 

പിന്നീടുള്ള ഓരോ രാത്രിയും അവള്‍ക്ക് ഓരോ പുരുഷന്മാരോടൊപ്പം ചെലവഴിക്കേണ്ടി വന്നു. പ്രതിരോധിക്കുമ്പോഴെല്ലാം സിഗരറ്റ് വച്ച് ദേഹം മൊത്തം പൊള്ളിച്ചു. ഓരോ രാത്രിയും ഉറക്കം കിട്ടാതെ നിലവിളിച്ചുകൊണ്ടേയിരുന്നു അവള്‍. അവസാനം 2009 -ല്‍ അവിടെ നടന്ന ഒരു റെയിഡില്‍ അവളെ പൊലീസ് രക്ഷിച്ചു. എന്നാല്‍, പുറത്തിറങ്ങിയപ്പോള്‍ അവളെ പലരും മോശക്കാരിയാക്കി മാറ്റിനിര്‍ത്തി. ഇന്‍റര്‍നാഷണല്‍ ജസ്റ്റിസ് മിഷന്‍ അവളെ തിരികെ അവളുടെ വീട്ടിലെത്തിച്ചു. എന്നാല്‍, വീട്ടുകാര്‍ അവളെ കയ്യൊഴിഞ്ഞു കളഞ്ഞു. അവരവളെ മരിച്ചതായി കണക്കാക്കിയിരുന്നു. അവളുടെ അമ്മ പോലും അവളെ നോക്കുകയോ ഒരു ഗ്ലാസ് വെള്ളം പോലും കൊടുക്കുകയോ ചെയ്തില്ല. വേറെവിടെയും പോകാനൊരിടമില്ലാതിരുന്ന സുലേഖയ്ക്ക് ഇന്‍റര്‍നാഷണല്‍ ജസ്റ്റിസ് മിഷന്‍ കല്‍ക്കത്തയില്‍ അഭയം നല്‍കി. ബേക്കിംഗില്‍ പരിശീലനം നല്‍കി. പിന്നീട് മധുരപലഹാരങ്ങളുണ്ടാക്കുന്ന ഒരിടത്തും അതിനുശേഷം ഒരു ബാഗ് ഫാക്ടറിയിലും അവള്‍ ജോലിക്ക് പോയി. ബാഗ് ഫാക്ടറിയില്‍ വച്ചാണ് അവള്‍ സര്‍ജോയെ കണ്ടുമുട്ടുന്നത്. 

ആ വേശ്യാലയത്തില്‍ നിന്നും രക്ഷപ്പെട്ടുവെങ്കിലും ആ അനുഭവങ്ങളുടെ ആഘാതവും വേദനയും ദുസ്വപ്നങ്ങളും അത്രയെളുപ്പമൊന്നും അവളെ വിട്ട് പോയിരുന്നില്ല. അവള്‍ക്ക് പുതിയ ഫാക്ടറിയിലെ  സഹപ്രവര്‍ത്തകരെയടക്കം ആരേയും വിശ്വസിക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല. ബേക്കറിയിലൊക്കെ ആരോടെങ്കിലും മിണ്ടുന്നത് പോലും അവള്‍ക്ക് വലിയ ജോലി പോലെയായിരുന്നു. അവളുടെ എല്ലാ മാനസികാരോഗ്യവും ആ വേശ്യാലയത്തില്‍ കഴിഞ്ഞ കാലത്ത് നഷ്ടമായിരുന്നു. പിന്നീട് ഐജെഎമ്മില്‍ നിന്നും കൌണ്‍സലിംഗ് കിട്ടിയെങ്കില്‍ പോലും അതൊന്നും അവളെ സഹായിച്ചില്ല. പലപ്പോഴും അവള്‍ ആത്മഹത്യക്ക് വരെ ശ്രമിച്ചിരുന്നു. വര്‍ഷങ്ങളെടുത്തിട്ടാണ് സംഭവിച്ചതൊന്നും തന്‍റെ തെറ്റല്ല എന്ന് അവള്‍ക്ക് ഉള്‍ക്കൊള്ളാനായത്. 

ബാഗ് ഫാക്ടറിയില്‍ ജോലി ചെയ്യുമ്പോഴാണ് സര്‍ജോ അവളെ ശ്രദ്ധിക്കുന്നത്. ഒരു നാണക്കാരിയായ ചെറുപ്പക്കാരി കഠിനാധ്വാനം ചെയ്യുന്നുവെന്നത് മാത്രമേ അയാള്‍ക്ക് അവളെ കുറിച്ച് അറിയാമായിരുന്നുള്ളൂ. അങ്ങനെ മൂന്നാമത്തെ ഒരു സുഹൃത്ത് വഴി സര്‍ജോ സുലേഖയോട് ഇഷ്ടമാണ് എന്ന് പറഞ്ഞയച്ചു. എന്നാല്‍, സുലേഖയ്ക്ക് വിശ്വാസമുണ്ടായിരുന്നില്ല സ്വന്തം വീട്ടുകാര്‍ പോലും ഉപേക്ഷിച്ചവളാണ്. തന്‍റെ ഇന്നലകളറിഞ്ഞാല്‍ ഒരാളും തന്നെ വിവാഹം ചെയ്യില്ല എന്ന് തന്നെ അവള്‍ വിശ്വസിച്ചു. 

അങ്ങനെ ഒരു ദിവസം തന്നെ കുറിച്ച് എല്ലാം അവള്‍ സര്‍ജോയോട് പറഞ്ഞു, എല്ലാം. എന്നാല്‍, സര്‍ജോയ്ക്ക് ആദ്യകാഴ്ചയില്‍ തന്നെ തോന്നിയ പ്രണയമായിരുന്നു. അവളെ കുറിച്ചറിഞ്ഞപ്പോള്‍ അവളെത്രമാത്രം ധൈര്യമുള്ള സ്ത്രീയാണ് എന്നാണ് സര്‍ജോയ്ക്ക് തോന്നിയത്. അവള്‍ക്കൊപ്പം ഒരു നല്ല ജീവിതം നയിക്കണമെന്നും തോന്നി. അതുവരെ അവള്‍ക്ക് കിട്ടാത്ത മുഴുവന്‍ സ്നേഹവും കൊടുക്കണമെന്ന് അവളുടെ കഥ കേട്ടപ്പോള്‍ തന്നെ അയാള്‍ തീരുമാനിച്ചിരുന്നു. സര്‍ജോ അവളെ വീട്ടുകാര്‍ക്ക് പരിചയപ്പെടുത്തി. കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഇരുവരും വിവാഹിതരായി. 

കുട്ടിക്കാലത്ത് താനാഗ്രഹിച്ചിരുന്ന സന്തോഷവും സമാധാനവും ഇപ്പോഴാണ് തനിക്ക് കിട്ടിയത് എന്ന് സുലേഖ ബെറ്റര്‍ ഇന്ത്യയോട് പറഞ്ഞു. ഇരുവരും ഒരുമിച്ച് വീട്ടുകാര്യങ്ങളെല്ലാം നോക്കി പിണങ്ങിയും അതിനേക്കാള്‍ തീവ്രമായി ഇണങ്ങിയും ഒരുമിച്ച് കഴിയുന്നു.

(കടപ്പാട്: ബെറ്റര്‍ ഇന്ത്യ. ചിത്രം പ്രതീകാത്മകം, പേരുകൾ സാങ്കൽപികം)

click me!