ഒരൊറ്റ ദിവസം കൊണ്ട് ചൈനയുടെ  വീരനായകനായി മാറി, ഈ ആട്ടിടയന്‍

By Web TeamFirst Published May 26, 2021, 6:00 PM IST
Highlights

ഇന്നലെ വരെ സാധാരണക്കാരനായ ഒരു ആട്ടിടയനായിരുന്നു, ഴൂ കെമിംഗ്. എന്നാല്‍ ഇന്ന് ചൈനയുടെ ധീരനായകനാണ് അദ്ദേഹം. ചൈനയുടെ സോഷ്യല്‍ മീഡിയ സൈറ്റായ വെയ്ബോയില്‍ അദ്ദേഹത്തിന്റെ കഥ വൈറലാവുകയാണ്. മറുപടി.  

ഇന്നലെ വരെ സാധാരണക്കാരനായ ഒരു ആട്ടിടയനായിരുന്നു, ഴൂ കെമിംഗ്. എന്നാല്‍ ഇന്ന് ചൈനയുടെ ധീരനായകനാണ് അദ്ദേഹം. ചൈനയുടെ സോഷ്യല്‍ മീഡിയ സൈറ്റായ വെയ്ബോയില്‍ അദ്ദേഹത്തിന്റെ കഥ വൈറലാവുകയാണ്.

എങ്ങനെയാണ് ഒരൊറ്റ ദിവസത്തില്‍ അദ്ദേഹം ഒരു രാജ്യത്തിന്റെ മുഴുവന്‍ അഭിമാനമായി മാറിയത്? ചൈനയിലെ മലയോര മാരത്തണില്‍ പങ്കെടുത്ത ആറു പേരെ മരംകോച്ചുന്ന മഞ്ഞിലും, മഴയത്തും സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷിച്ചു, അദ്ദേഹം. ആ മത്സരത്തില്‍ പങ്കെടുത്ത മറ്റ് 21 പേരും മരണപ്പെട്ടു എന്നറിയുമ്പോഴാണ് സംഭവത്തിന്റെ തീവ്രത ഒരുപക്ഷേ നമുക്ക് കൂടുതല്‍ വ്യക്തമാകുന്നത്.  

കഴിഞ്ഞ ശനിയാഴ്ച വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഗാന്‍സുവില്‍ നടന്ന 100 കിലോമീറ്റര്‍ ക്രോസ്-കണ്‍ട്രി പര്‍വത മല്‍സരത്തിനിടെയാണ് ശക്തമായ മഴയും, കാറ്റും ഉണ്ടാകുന്നത്. 172 പേരാണ് ആ മത്സരത്തില്‍ പങ്കെടുത്തത്. എന്നാല്‍ താപനില കുറഞ്ഞതോടെ പലര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. ചിലര്‍ മരണപ്പെട്ടു, ബാക്കി ചിലരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ആ കഠിനമായ കാലാവസ്ഥയില്‍ ജീവിതത്തിനും മരണത്തിനും ഇടയില്‍പ്പെട്ട ആറുപേരെയാണ് കെമിംഗ് രക്ഷിച്ചത്.

സംഭവം നടന്ന അന്ന് ഉച്ചയ്ക്ക് കെമിംഗ് പതിവ്‌പോലെ തന്റെ ആടുകളെ മേയ്ക്കുകയായിരുന്നു. പെട്ടെന്നാണ് ശക്തമായ കാറ്റ് വീശാന്‍ തുടങ്ങിയത്, കൂടെ പെരുമഴയും. പെട്ടെന്ന് തന്നെ താപനില താഴാന്‍ തുടങ്ങി. ഇത്തരം അനുഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുള്ളത് കൊണ്ട് അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കാനുള്ള വസ്ത്രങ്ങളും ഭക്ഷണവും അടുത്തുള്ള ഒരു ഗുഹയില്‍ അദ്ദേഹം സൂക്ഷിച്ചിരുന്നു. മഴ കനത്തപ്പോള്‍ അദ്ദേഹം ആ ഗുഹയില്‍ അഭയം തേടി. എന്നാല്‍ ഗുഹയില്‍ പ്രവേശിച്ച അദ്ദേഹം പുറത്ത് ഒരാള്‍ അനങ്ങാന്‍ പോലുമാകാതെ മരവിച്ച നില്‍ക്കുന്നതാണ് കണ്ടത്. മഴ വകവയ്ക്കാതെ കെമിംഗ് പുറത്തേയ്ക്ക് ഓടി, ആ മത്സരാര്‍ത്ഥിയെ ഗുഹയിലേക്ക് കൂട്ടിക്കൊണ്ടുവന്നു.  

മത്സരാര്‍ത്ഥിയുടെ മരവിപ്പിച്ച കൈകാലുകള്‍ തിരുമ്മി ചൂട് പകരുകയും, തീ കത്തിച്ച് അതിനടുത്ത് ഇരുത്തുകയും, നനഞ്ഞൊട്ടിയ  വസ്ത്രങ്ങള്‍ മാറ്റികൊടുക്കുകയും ചെയ്തു. അയാള്‍ കുറച്ച് സുഖപ്പെട്ടപ്പോള്‍ കെമിംഗ് മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടങ്ങി. കൊടും തണുപ്പ് വകവയ്ക്കാതെ അദ്ദേഹം മറ്റ് അഞ്ചു പേരെ കൂടി രക്ഷപ്പെടുത്തി. ആകെ മൂന്ന് പുരുഷന്മാരെയും മൂന്ന് സ്ത്രീകളെയുമാണ് അദ്ദേഹം  രക്ഷപ്പെടുത്തിയത്. എന്നാല്‍ മറ്റെല്ലാരെയും പോലെ ചെയ്ത കാര്യത്തെ കുറിച്ച് വീമ്പു പറയാതെ അപ്പോഴും തനിക്ക് രക്ഷിക്കാന്‍ കഴിയാതിരുന്ന മറ്റുള്ളവരെ കുറിച്ച് ആകുലപ്പെടുകയാണ് അദ്ദേഹം. 

'എനിക്ക് രക്ഷിക്കാന്‍ സാധിക്കാതിരുന്ന അനേകം ആളുകള്‍ അവിടെ ബാക്കിയുണ്ട്. നിര്‍ജീവമായി കിടന്ന രണ്ടുപേരെ ഞാന്‍ കണ്ടു. അവര്‍ക്ക് വേണ്ടി എനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. എന്നോട് ക്ഷമിക്കൂ'-അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹത്തിന്റെ നിഷ്‌കളങ്കമായ മറുപടി എല്ലാവരുടെ ഹൃദയത്തെ നീറ്റി.    

കെമിംഗ് രക്ഷപ്പെടുത്തിയ ആറുപേരും സാമൂഹ്യമാധ്യങ്ങള്‍ വഴി അദ്ദേഹത്തോട് നന്ദി പറഞ്ഞു. 'എന്നെ രക്ഷിച്ച മനുഷ്യനോട് എനിക്ക് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്. അദ്ദേഹം എന്നെ രക്ഷിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ അവിടെ കിടന്ന് മരിച്ചെന്നെ,' അതിലൊരാളായ ഷാങ് സിയാവാവോ വെയ്ബോയില്‍ എഴുതി. 

എന്നാല്‍ താന്‍ ഒരു സാധാരണക്കാരനാണെന്നും, തീര്‍ത്തും സാധാരണമായ ഒരു കാര്യമാണ് താന്‍ ചെയ്തതെന്നുമായിരുന്നു കെമിംഗിന്റെ മറുപടി.

click me!