ബ്ലാക്ക് ഫംഗസ് മാത്രമല്ല, അകത്തെത്തിയാല്‍  കഞ്ചാവ് അടിച്ചതുപോലെ കിറുങ്ങുന്ന ഫംഗസുമുണ്ട്!

By Web TeamFirst Published May 26, 2021, 12:49 PM IST
Highlights

1903 -നും 1905 -നും ഇടയിലാണ് അലികുഡിയിലെ ആളുകള്‍ക്ക് ഈ വിഭ്രമങ്ങള്‍ തുടങ്ങുന്നത്. ബീച്ചുകളില്‍ മന്ത്രവാദികള്‍ വിരുന്നു വരുന്നതും, സ്ത്രീകള്‍ ചിറകു വിടര്‍ത്തി പറക്കുന്നതുമായ പലതരം ദര്‍ശനങ്ങള്‍ അവര്‍ക്കുണ്ടായി.
 

ജനസംഖ്യ തീരെ കുറവുള്ള, ലോകത്തെ ഒറ്റപ്പെട്ട കോണുകളിലൊന്നാണ് അലികുഡി ദ്വീപുകള്‍. തെളിഞ്ഞ ആകാശവും, നീല കടലും, അതിമനോഹരമായ മലഞ്ചെരിവുകളുമുള്ള ഇറ്റലിയിലെ ഈയിടം 'നിശ്ശബ്ദതതയുടെ ദ്വീപ്' എന്നാണ് അറിയപ്പെടുന്നത്. വന്യവും, പൗരാണികവുമായ ദ്വീപ്.  ഇവിടെ വാഹനങ്ങളോ, റോഡുകളോ, എടിഎം കൗണ്ടറുകളോ, ഹോട്ടലുകളോ ഇല്ല. ഇവിടെയുള്ള നിവാസികളില്‍ കൂടുതലും മത്സ്യത്തൊഴിലാളികളോ, ആട്ടിടയന്മാരോ ആണ്. എന്നാല്‍ ഈ ദ്വീപിനെ പ്രശസ്തമാക്കിയത് അതിന്റെ നിഗൂഢമായ സൗന്ദര്യമോ, ശാന്തതയോ ഒന്നുമല്ല, പകരം നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് അവിടത്തെ ആളുകളെ ഒന്നടങ്കം ബാധിച്ച മാനസിക വിഭ്രാന്തിയാണ്.  

നമുക്കറിയാം ചിലപ്പോള്‍ ചില ആളുകള്‍, ഇല്ലാത്തത് കണ്ടെന്നും, കേട്ടെന്നുമൊക്കെ ഇരിക്കും. അത്തരം മതിഭ്രമങ്ങള്‍ വ്യക്തിപരമാണ്. എന്നാല്‍, ഈ തോന്നലുകള്‍ ഒരു നാടിനെ ഒന്നാകെ ബാധിച്ചാലോ? കാലങ്ങളോളം അവരുടെ ജീവിതത്തെ അത് ഇരുട്ടിലാഴ്ത്തിയാലോ? അതാണ് അലികുഡിയെ പ്രശസ്തമാക്കിയത്. 

1903 -നും 1905 -നും ഇടയിലാണ് അലികുഡിയിലെ ആളുകള്‍ക്ക് ഈ വിഭ്രമങ്ങള്‍ തുടങ്ങുന്നത്. ബീച്ചുകളില്‍ മന്ത്രവാദികള്‍ വിരുന്നു വരുന്നതും, സ്ത്രീകള്‍ ചിറകു വിടര്‍ത്തി പറക്കുന്നതുമായ പലതരം ദര്‍ശനങ്ങള്‍ അവര്‍ക്കുണ്ടായി. ഇതിന്റെ ഒക്കെ കാരണം വ്യക്തമാക്കാതെ പകച്ച് പോയ അവര്‍ പ്രേതങ്ങളും, മന്ത്രവാദിനികളുമാണ് ഇതിന്റെ പിന്നില്‍ എന്ന് ആരോപിച്ചു. എന്നാല്‍ വാസ്തവത്തില്‍ ഈ പൊല്ലാപ്പുകളുടെയൊക്കെ പിന്നില്‍ അവര്‍ കഴിച്ചിരുന്ന റൊട്ടിയായിരുന്നു എന്നവര്‍ അറിഞ്ഞില്ല. 

ഒരു റൊട്ടി കഷ്ണം എന്ത് ജാലവിദ്യ കാണിക്കാനാണ്?  

അക്കാലത്ത്, അവരുടെ പ്രധാന ഭക്ഷണം ഈ റൊട്ടിയായിരുന്നു. റൊട്ടിയിലെ പ്രധാന ചേരുവയാകട്ടെ റൈ എന്ന ചെടിയും. എന്നാല്‍ കഷ്ടകാലത്തിന് റൈ ചെടികളില്‍ എര്‍ഗോട്ട് എന്ന ഫംഗസ് ബാധയുണ്ടായി. എര്‍ഗോട്ട് ലൈസര്‍ജിക് ആസിഡ് എന്ന ആല്‍ക്കലോയ്ഡ് ഉത്പാദിപ്പിക്കുന്നു. ഇത് മാരക ലഹരി വസ്തുവായ എല്‍എസ്ഡിയുടെ അടിസ്ഥാന ഘടകമാണ്. ചുരുക്കത്തില്‍, എര്‍ഗോട്ട് കഴിക്കുന്നത് മയക്ക് മരുന്നിന്റെ അതേ ഫലം ഉണ്ടാക്കി. അങ്ങനെ 1938 ല്‍ സ്വിസ് ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഹോഫ്മാന്‍ രാസപരമായി ഈ മരുന്ന് കണ്ടെത്തുന്നതിന് മുന്‍പ് തന്നെ, എല്‍എസ്ഡിയുടെ ഒരു പ്രകൃതി ലാബായി മാറി അലികുഡി. പാവം ജനങ്ങള്‍ കഥയൊന്നുമറിയാതെ എര്‍ഗോട്ട് ബാധിച്ച ചെടി ഉപയോഗിച്ച് ബ്രെഡ് ഉണ്ടാക്കി കഴിച്ചുക്കൊണ്ടിരുന്നു.

 

അലികുഡി

 

ഗ്രാമത്തിലെ സ്ത്രീകള്‍ എല്ലാ ദിവസവും രാവിലെ ഈ റൊട്ടി തയ്യാറാക്കുകയും കുട്ടികള്‍ക്കും ഭര്‍ത്താക്കന്മാര്‍ക്കും അത് നല്‍കുകയും ചെയ്യ്തു. ഇത് കഴിച്ച എല്ലാ ദ്വീപുവാസികള്‍ക്കും കഞ്ചാവ് ഉള്ളില്‍ ചെന്ന അവസ്ഥയായി. അതേസമയം കുറേകാലം സ്ഥിരമായി ഇത് കഴിച്ചാല്‍ കുറച്ചുകൂടി ഗുരുതരമായ എര്‍ഗോട്ടിസത്തിന് കാരണമാകും. ഇത് മതിഭ്രമം, ഭ്രാന്ത് തുടങ്ങിയ അവസ്ഥയിലേയ്ക്ക് ആളുകളെ നയിക്കും. പട്ടിണിയും, ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട അവസ്ഥയും കാരണം അവര്‍ വര്‍ഷങ്ങളോളം ഈ ഭക്ഷണം ശീലിച്ചു. അവര്‍ക്ക് ഭക്ഷണം വിലപ്പെട്ടതായിരുന്നു. പൂപ്പല്‍ ബാധിച്ചതായാലും, കളയാതെ അവര്‍ അത് കഴിക്കുമായിരുന്നു. ഇത് ഫംഗസിനെ കൂടുതല്‍ വളര്‍ത്തി.  

റൊട്ടി കഴിച്ച ആളുകള്‍ ശാന്തരായി. ചിലര്‍ക്ക് ബോധം നഷ്ടപ്പെട്ടു. ഏതാണ്ട് എല്ലാവരും ഉന്‍മാദികളായി. അതീതദര്‍ശനങ്ങളും, മതിഭ്രമങ്ങളും അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി. ഇതിന്റെ ചുവട് പിടിച്ച് മന്ത്രവാദിനികളെ കുറിച്ച് പുതിയ കഥകള്‍ ഉരുത്തിരിഞ്ഞു. രാത്രി കാലങ്ങളില്‍ കണ്ണാടിയില്‍ ഉറ്റുനോക്കുകയും ശരീരത്തില്‍ പ്രത്യേകതരം തൈലം പൂശുകയും കടലിനു കുറുകെ സിസിലിയിലെ പലേര്‍മോയിലേക്കും കാലാബ്രിയയിലേക്കും പറക്കുകയും ചെയ്യുന്ന മന്ത്രവാദിനികളുടെ കഥകള്‍ ആ മണ്ണില്‍ പിറന്നു. മനസ്സിലെ മതിഭ്രമങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്ന് അവര്‍ കരുതി. ക്രൂരയായ മന്ത്രവാദികള്‍ മത്സ്യബന്ധന ബോട്ടുകള്‍ തകര്‍ക്കുകയും, ആളുകളെ മുക്കിക്കൊല്ലുകയും ശത്രുക്കളെ ശപിക്കുകയും ചെയ്യുമെന്ന കഥകളും അവര്‍ വിശ്വസിച്ചു.  ചുരുക്കി പറഞ്ഞാല്‍ ആളുകള്‍ എല്‍എസ്ഡിയുടെ സ്വാധീനത്തില്‍ രാവും പകലും ഇല്ലാത്ത കാര്യങ്ങള്‍ കാണാനും കേള്‍ക്കാനും തുടങ്ങി. അവര്‍ പരസ്പരം സംസാരിക്കുകയും അവരുടെ വിചിത്രാനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. മനസ്സിലുള്ളത് സത്യമാണെന്ന് അവര്‍ വിശ്വസിച്ചു. ആ ദ്വീപ് മൊത്തം ഒരു പ്രേതസിനിമയുടെ പ്രതീതിയുണര്‍ത്തി.

1950 -കളില്‍ ദ്വീപില്‍ വിനോദ സഞ്ചാരികള്‍ എത്താന്‍ തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ മാറി തുടങ്ങിയത്. സഞ്ചാരികള്‍ നാട്ടുകാരുടെ കഥകള്‍ കേള്‍ക്കുകയും, സ്വന്തം അനുഭവത്തിലൂടെ എന്താണ് സംഭവിക്കുന്നതെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു. ഇത് വെറും ലഹരിയുടെ സ്വാധീനത്തില്‍ അനുഭവപ്പെടുന്ന മതിഭ്രമങ്ങള്‍ മാത്രമാണ് എന്ന് ആളുകള്‍ക്ക് ബോധ്യപ്പെടാന്‍ തുടങ്ങി. 

ഒടുവില്‍, സഭ ആ റൊട്ടി ''പിശാചിന്റെ അപ്പം'' ആയി പ്രഖ്യാപിക്കുകയും 1960- കളില്‍ അത് പൂര്‍ണ്ണമായും ഇല്ലാതാകുന്നതുവരെ ആളുകള്‍ അത് ഒഴിവാക്കുകയും ചെയ്തു. സംഭവം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും, ദ്വീപിലെ പ്രായമായവര്‍ ഇപ്പോഴും ആകാശത്ത് പറക്കുന്ന മന്ത്രവാദിനികളുടെ കഥകള്‍ സത്യമെന്ന് ഉറച്ച് വിശ്വസിക്കുന്നു. 

കടലിന്റെ ഇരമ്പലില്‍ രാത്രിയില്‍ മന്ത്രവാദിനികള്‍ അവിടെ വരുമെന്നും, അവരുടെ തൈലത്തിന്റെ സുഗന്ധം അവിടെയെങ്ങും പരക്കുമെന്നും, കടലിന് മീതെ തീപാറുന്നകണ്ണുകളുമായി അവര്‍ സഞ്ചരിക്കുന്നുവെന്നും അവര്‍ വിശ്വസിക്കുന്നു. 

 

click me!