ലൊക്കേഷന്‍ ഓണ്‍ ചെയ്തപ്പോഴതാ മുറ്റത്ത്  പൊലീസ്; കള്ളന് കിട്ടിയത് എട്ടിന്റെ പണി

By Web TeamFirst Published Sep 24, 2021, 1:01 PM IST
Highlights

അപ്പോഴാണ് തനിക്കു പറ്റിയ അബദ്ധം അയാള്‍ പൊലീസിനോട് പറഞ്ഞത്.  
 

നഴ്‌സറി സ്‌കൂളില്‍ മോഷണം നടത്തിയ കള്ളന് കിട്ടിയത് എട്ടിന്റെ പണി. കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കാനുള്ള ഒരു സ്മാര്‍ട്ട് സ്പീക്കര്‍ (Story Telling Box)' ആ മോഷണവസ്തുക്കള്‍ക്കിടയിലുണ്ടായിരുന്നു. വീട്ടിലെത്തിയപ്പോള്‍ അയാള്‍ക്ക് അതില്‍ പുതിയ കഥകള്‍ ഡൗണ്‍ലോഡ് ചെയ്യണമെന്ന് ഒരു തോന്നല്‍. അപ്പോള്‍ തന്നെ ലൊക്കേഷന്‍ ഓണായി. തൊട്ടുപിന്നാലെ പൊലീസ് അയാളെ തേടിയെത്തി. അയാള്‍ പിടിയിലായി. കഥപറയും പെട്ടി കുട്ടികള്‍ക്ക് തിരികെ കിട്ടുകയും ചെയ്തു. 

രസകരമായ ആ കഥ എ പി വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. 

കഴിഞ്ഞ ഏപ്രിലിലാണ് ജര്‍മനിയിലെ ഹാല്‍വറിലെ ഒരു നഴ്‌സറിയില്‍ 44 കാരനായ ഇയാള്‍ മോഷണത്തിനായി കയറിയത്. രാത്രി അതിക്രമിച്ച് കയറിയ അയാള്‍ കൈയില്‍ കിട്ടിയതെല്ലാം എടുത്ത് വീട്ടിലേക്കു പോന്നു. ഒരു ലാപ്ടോപ്പ്, ചിത്രപുസ്തകങ്ങള്‍, കപ്പുകള്‍, ഗ്ലാസുകള്‍, ഫിഷ് സ്റ്റിക്കുകള്‍, പാസ്ത എന്നിവയാണ് അയാള്‍ അടിച്ചുമാറ്റിയത്. ഒപ്പം, മറ്റൊരു സാധനവും. കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കുന്ന ഒരു സ്മാര്‍ട്ട് സ്പീക്കര്‍. 

ഒരു തെളിവും അവശേഷിക്കാതെയാണ് കള്ളന്‍ അവിടന്ന് പോന്നത്. കുട്ടികളുടെ സാധനങ്ങള്‍ മോഷ്ടിക്കുന്ന കള്ളനെ കിട്ടാതെ പൊലീസ് കുഴങ്ങി. അതിനിടെ, സ്മാര്‍ട്ട് സ്പീക്കര്‍ നിര്‍മാതാക്കളെ പൊലീസ് ഈ വിവരം അറിയിച്ചു. അന്വേഷണം അവിടെവെച്ചു നിന്നു.

ഒരു മാസത്തിനു ശേഷം സ്മാര്‍ട്ട് സ്പീക്കര്‍ കമ്പനി പൊലീസിനെ ഒരു വിവരമറിയിച്ചു. സ്പീക്കറിലെ ലൊക്കേഷന്‍ ഓണാണ്. ഇന്ന സ്ഥലത്ത് ഈ സമയത്ത് അയാളുണ്ട്. പൊലീസ് അപ്പോള്‍ തന്നെ അയാളെ തേടിയെത്തി. അപ്പോഴാണ് തനിക്കു പറ്റിയ അബദ്ധം അയാള്‍ പൊലീസിനോട് പറഞ്ഞത്.  

മോഷണ മുതലുകളുമായി വീട്ടിലെത്തിയ അയാള്‍ ഒരു മാസത്തോളം പിടിക്കപ്പെടാതെ നടന്നു. അതിനിടെ, അക്കൂട്ടത്തിലുള്ള സ്മാര്‍ട്ട് സ്പീക്കറിനോട് അയാള്‍ക്ക് കമ്പം തോന്നി. എന്നും അയാള്‍ അതിലെ കഥകള്‍ കേള്‍ക്കാന്‍ തുടങ്ങി.  കുറച്ചു കഴിഞ്ഞപ്പോള്‍ പുള്ളിക്ക് ആ കഥകള്‍ മടുത്തു. എന്നും ഒരേ കഥ കേട്ടാല്‍ ആരാണ് മടുക്കാത്തത്. അങ്ങനെ അയാള്‍ പുതിയ കഥകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ തീരുമാനിച്ചു. 

പുത്തന്‍ ടെക്‌നോളജികളെക്കുറിച്ച് വലിയ വശമില്ലാത്ത കള്ളന്‍ ലൊക്കേഷന്‍ ഓണ്‍ ചെയ്തതോടെ കാര്യങ്ങളില്‍ തീരുമാനമായി. പുതിയ കഥകള്‍ ഡൗണ്‍ലോഡ് ചെയ്തുകൊണ്ടിരിക്കെ, അയാളുടെ വീടിന്റെ ലൊക്കേഷന്‍ വിവരങ്ങള്‍ സീപീക്കര്‍ നിര്‍മിച്ച കമ്പനിക്ക് ലഭിച്ചു. അവരത് അപ്പോള്‍ തന്നെ പൊലീസിന് കൈമാറി. തുടര്‍ന്ന് പൊലീസ് താമസസ്ഥലം തിരഞ്ഞെത്തി കള്ളനെ കൈയോടെ പിടികൂടി. 

കഥപറയുന്ന പെട്ടി വീണ്ടും നഴ്‌സറിയിലേയ്ക്ക് തിരിച്ചെത്തി. കുട്ടികള്‍ക്ക് അതിലെ കഥകളേക്കാള്‍ ഇഷ്ടമായത് കള്ളനു കിട്ടിയ പണിയുടെ കഥയാണ്! 

കഥ കേള്‍ക്കാന്‍ ശ്രമിച്ച് പണി കിട്ടിയ കള്ളന്‍ ഇപ്പോള്‍ ക്രിമിനല്‍ കുറ്റങ്ങള്‍ നേരിടുകയാണെന്ന് ജില്ലാ പോലീസ് വക്താവ് ക്രിസ്റ്റോഫ് ഹ്യൂല്‍സ് എ പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

 

click me!