India@75 : ആരെയും ഭയക്കാത്ത അഭയറാണി -അബ്ബക്ക ചൗത

By Web TeamFirst Published Jul 23, 2022, 10:31 AM IST
Highlights

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ആരംഭിച്ച ഇന്ത്യ@75 കാമ്പെയിനിന്റെ ഭാഗമായി തയ്യാറാക്കുന്ന 'സ്വാതന്ത്ര്യസ്പര്‍ശം' പരിപാടിയില്‍ ഇന്ന് അബ്ബക്ക ചൗത.

വിദേശികൾക്കെതിരെ പോരാടിയ ആദ്യ ഇന്ത്യൻ വനിത ആരായിരിക്കും? സംശയമില്ല, കേരളത്തിന്റെ തൊട്ടടുത്ത് മംഗലാപുരത്തിനടുത്തുള്ള ഉള്ളാൾ എന്ന തുളുനാട്ടിലെ റാണി അബ്ബക്ക ചൗത. വടക്ക് ഗംഗാവലിപ്പുഴയ്ക്കും തെക്ക് ചന്ദ്രഗിരിപ്പുഴയ്ക്കും ഇടയിൽ കേരളത്തിന്റെ തുടർച്ചയെന്നോണം സുഗന്ധദ്രവ്യങ്ങൾ വിളയുന്ന ദേശം.  പോർച്ചുഗീസുകാർ  കോഴിക്കോട് വഴി എത്തി ഏതാനും വർഷങ്ങൾ ആയിട്ടേ ഉണ്ടായിരുന്നുള്ളൂ. അവരെ മറക്കാനാവാത്ത പാഠം പഠിപ്പിച്ചു ഈ ഐതിഹാസികയായ യുവറാണി.

പതിനാറാം നൂറ്റാണ്ടിന്റെ ആദ്യമാണ് കാലം.  പോർച്ചുഗീസുകാർക്ക് മുന്നിൽ കീഴടങ്ങാതെ നിന്ന കോഴിക്കോട് സാമൂതിരി രാജാവുമായി കൈകോർത്തുതന്നെ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും  ഒന്നിച്ചുനിർത്തി പോർച്ചുഗീസുകാർക്കെതിരെ പോരാടി ഈ  ധീരവനിത. വാസ്തവത്തിൽ സാമൂതിരിയേക്കാൾ പോർച്ചുഗീസുകാർക്ക് കനത്ത ശാരീരിക ആഘാതമേല്പിച്ചത് അബ്ബക്ക റാണിയാണ്. മാത്രമല്ല തന്നിൽ നിന്ന് പിരിഞ്ഞുപോകാൻ ചങ്കൂറ്റം കാണിച്ച അബ്ബക്കയോട് പകരം വീട്ടാൻ പോർച്ചുഗീസുകാർക്കൊപ്പം ചേർന്ന ഭർത്താവിനെതിരെയും പോരാടിയ സ്ത്രീശക്തി കൂടിയാണവർ. 

തെക്കേ ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്രാജ്യമായ വിജയനഗരസാമ്രാജ്യത്തിലെ ചക്രവർത്തി തിരുമലരായന്റെ അനന്തിരവളായിരുന്നു ജൈനവിഭാഗകാരിയായ അബ്ബക്ക. അബ്ബക്കയ്ക്ക് കുട്ടിയായിരുന്നപ്പോൾ തന്നെ യുദ്ധതന്ത്രങ്ങളിലും കായിക അഭ്യാസത്തിലും  പരിശീലനം നൽകിയത് അമ്മാവൻ. വിവാഹം ചെയ്തത് അയൽരാജ്യമായ ബംഗയിലെ ലക്ഷമണപ്പാ അരശു  ബംഗരാജ രണ്ടാമനെ. അല്പകാലം മാത്രമേ അബ്ബക്കയുടെ വിവാഹം നീണ്ടുള്ളൂ.  ഭർത്താവിനെ  ഉപേക്ഷിച്ച് ഉള്ളാളിലേക്ക് മടങ്ങി രാജ്യഭാരമേറ്റു അവൾ. കോഴിക്കോട് കയ്യടക്കാനാവാതെ ഗോവ കീഴടക്കി പോർച്ചുഗീസുകാർ. തുടർന്ന് കോഴിക്കോട് കഴിഞ്ഞാൽ പടിഞ്ഞാറൻ തീരത്തെ വൻ സുഗന്ധദ്രവ്യ കേന്ദ്രമായ മംഗലാപുരം തുറമുഖം ആക്രമിച്ച് പിടിച്ചു. തൊട്ടടുത്തായിരുന്നു ഉള്ളാൾ തുറമുഖം. പക്ഷെ അങ്ങോട്ടുനീങ്ങിയ പറങ്കികളെ  അപ്രതീക്ഷിതമായി അവിടെ റാണി അബ്ബക്ക തിരിച്ചടിച്ചു. 

ആരെയും ഭയക്കാത്ത അഭയറാണി-റാണി അബ്ബക്ക ചൗത|സ്വാതന്ത്ര്യസ്പർശം|India@75 pic.twitter.com/KOe7moiPTY

— Asianet News (@AsianetNewsML)

 

ഹിന്ദുക്കളും ബെയറി വിഭാഗക്കാരായ മുസ്ലിങ്ങളും ഉൾപ്പെട്ട വൻ പടയായിരുന്നു റാണിയുടെ ശക്തി. സാമൂതിരി രാജാവും ബിദ്‌ണൂർ രാജാവ് വെങ്കടപ്പാ നായകനും ബിജാപ്പൂർ സുൽത്താനും ആയി ചേർന്ന് റാണി വലിയ സഖ്യം സ്ഥാപിച്ചു. സാമൂതിയുടെ നാവിക മേധാവിയായ കുട്ടി പോക്കർ മരയ്ക്കാർ റാണിയുടെ നാവികപ്പടയെയും നയിച്ചു. 1555 -ൽ അഡ്‌മിറൽ ഡോം ആൽവേരോ ഡി സിൽവേരയുടെയും തുടർന്ന് ജോവോ പിക്സ്റ്റോയുടെയും നേതൃത്വത്തിൽ കടന്നാക്രമിച്ച പറങ്കിപ്പടയെ റാണി തുരത്തി. പക്ഷെ പിന്നീട് വൈസ്രോയി അന്തോണിയോ നൊറോണയുടെ നേതൃത്വത്തിൽ പറങ്കികൾ ഉള്ളാൾ കിഴടക്കി. പക്ഷെ രക്ഷപ്പെട്ട റാണി മുസ്ലിം പള്ളിയിൽ അഭയം തേടി. രാത്രി റാണി അപ്രതീക്ഷിതമായി വീണ്ടും പറങ്കികളുടെ കൂടാരങ്ങൾ ആക്രമിച്ചു പിക്സ്റ്റോയെയും അഡ്മിറൽ മസ്‌കരനാസിനെയും കൊന്നു. നൂറോളം പറങ്കികളെ തടവുകാരാക്കി. 

പക്ഷെ, അധികം വൈകാതെ റാണിയ്ക്ക് സാമൂതിരി നൽകിയ കുട്ടി പോക്കർ മരയ്ക്കാരെ 1570 ൽ യുദ്ധത്തിൽ പറങ്കികൾ കൊന്നു. റാണിയെയും അവർ തടവിൽ പിടിച്ചു. കാരാഗൃഹത്തിലും പോരാടിയ റാണി അവിടെ വീരമൃത്യു പ്രാപിച്ചു. ആരെയും ഭയക്കാത്ത അഭയറാണി എന്നവർ അറിയപ്പെട്ടു.

click me!