പാകിസ്ഥാനിലെ ആദ്യ നൊബേല്‍ ജേതാവ് മെഡലുമായി ഇന്ത്യയിലെ ആ അധ്യാപകന്‍റെ അടുത്തെത്തിയത് എന്തിനായിരുന്നു?

By Web TeamFirst Published Oct 20, 2019, 12:41 PM IST
Highlights

എന്നാല്‍, നൊബേല്‍ സമ്മാനം നേടി രണ്ട് വര്‍ഷത്തിനുശേഷം 1981 ജനുവരി 19 -ന് കൊല്‍ക്കത്തയിലെ വീട്ടിലെത്തി ഡോ. സലാം തന്‍റെ പ്രിയപ്പെട്ട ഗുരുനാഥനെ കണ്ടു. പക്ഷേ, എന്തിനായിരുന്നു ഡോ. സലാം ഈയൊരധ്യാപകനെത്തന്നെ അന്വേഷിച്ചത്? 

പാകിസ്ഥാനിലെ ആദ്യത്തെ നൊബേല്‍ ജേതാവ് ഡോ. അബ്ദുസലാം ആ നോബേല്‍ മെഡലുമായി ഇന്ത്യയിലെ ഒരു അധ്യാപകന്‍റെ അടുത്തെത്തിയത് എന്തിനായിരുന്നു? ആ അധ്യാപകനെ കണ്ടെത്താന്‍ തന്നെ സഹായിക്കണമെന്ന് ഇന്ത്യന്‍ ഗവണ്‍മെന്‍റിനോട് അപേക്ഷിച്ചത് എന്തിനായിരുന്നു?

അടിസ്ഥാന ബലങ്ങളെ ആസ്‍പദമാക്കി നടത്തിയ ഗവേഷണത്തിന് ഭൗതിക ശാസ്ത്ര നൊബേല്‍ പുരസ്‍കാരം നേടിയ പാകിസ്ഥാനി ശാസ്ത്രജ്ഞനാണ് അബ്‍ദുസലാം. അടിസ്ഥാന ബലങ്ങളായ വൈദ്യുത്കാന്തതയും ദുർബല അണു കേന്ദ്രബലവും ഏകവൽക്കരിക്കുന്നത് സംബന്ധിച്ച പഠനങ്ങൾക്കാണ് ഷെല്‍ഡണ്‍ ഗ്ലാഷോ, സ്റ്റീവന്‍ വെയിന്‍ബര്‍ഗ് എന്നിവരോടൊപ്പം 1979 -ലെ നൊബേൽ സമ്മാനം അദ്ദേഹം പങ്കിട്ടത്. തീര്‍ന്നില്ല, നൊബേല്‍ സമ്മാനം നേടുന്ന ആദ്യം മുസ്ലിം, ആദ്യ പാകിസ്ഥാന്‍കാരന്‍ എന്നീ ബഹുമതിയും അദ്ദേഹത്തിനുള്ളത് തന്നെ. 

നോബേല്‍ സമ്മാനം നേടി നാല് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ഏറെക്കുറെ പാകിസ്ഥാന്‍ അദ്ദേഹത്തെ മറന്ന മട്ടാണ്. കാരണം, ഇസ്ലാമിക വിഭാഗമായ അഹ്മദിയ സമുദായത്തിൽ നിന്നുള്ളയാളാണ് അദ്ദേഹമെന്നത് തന്നെ. അടുത്തിടെ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ Salam, The First ****** Nobel Laureate എന്നുപേരായ ഡോക്യുമെന്‍ററി അദ്ദേഹത്തിന്‍റെ കണ്ടുപിടിത്തങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒന്നാണ്. 

അബ്ദുസലാമിന്‍റെ സംഭാവനയ്ക്കൊപ്പം നിര്‍ബന്ധമായും പരാമര്‍ശിക്കേണ്ട ഒരു കാര്യത്തെ കുറിച്ചാണിനി. 1979 ഡിസംബറിലാണ്. അദ്ദേഹം ഇന്ത്യന്‍ ഗവണ്‍മെന്‍റിന് ഒരു അപേക്ഷ നല്‍കി. അദ്ദേഹത്തിന്‍റ ഗുരുവായിരുന്ന പ്രൊഫ. അനിലേന്ദ്ര ഗാംഗുലി എവിടെയാണെന്ന് കണ്ടെത്താന്‍ സഹായിക്കണമെന്നായിരുന്നു അപേക്ഷ. ലാഹോറിലെ സനാതന്‍ ധര്‍മ്മ കോളേജില്‍ അബ്ദുസലാമിനെ ഗണിതം പഠിപ്പിച്ച അധ്യാപകനായിരുന്നു അനിലേന്ദ്ര ഗാംഗുലി. എന്നാല്‍, വിഭജനത്തിനുശേഷം ഗാംഗുലി ഇന്ത്യയിലേക്ക് കുടിയേറി. എന്നാല്‍, നൊബേല്‍ സമ്മാനം നേടി രണ്ട് വര്‍ഷത്തിനുശേഷം 1981 ജനുവരി 19 -ന് കൊല്‍ക്കത്തയിലെ വീട്ടിലെത്തി ഡോ. സലാം തന്‍റെ പ്രിയപ്പെട്ട ഗുരുനാഥനെ കണ്ടു. പക്ഷേ, എന്തിനായിരുന്നു ഡോ. സലാം ഈയൊരധ്യാപകനെത്തന്നെ അന്വേഷിച്ചത്? 

കാരണമുണ്ട്, ഗണിതത്തിലുള്ള തന്‍റെ താല്‍പര്യത്തിന് വളംവെച്ചുതന്നത് ഗാംഗുലിയാണെന്ന് തന്നെയാണ് ഡോ. സലാം വിശ്വസിക്കുന്നത്. സലാം സന്ദര്‍ശിക്കുമ്പോള്‍ ഗാംഗുലിക്ക് പ്രായത്തിന്‍റെ അവശത കാരണം ഇരിക്കാനോ അദ്ദേഹത്തെ അഭിവാദ്യം ചെയ്യാനോ കഴിയുന്നുണ്ടായിരുന്നില്ല. സലാം തന്‍റെ നൊബേല്‍ മെഡല്‍ കയ്യില്‍ കരുതിയിട്ടുണ്ടായിരുന്നു. അതുകാണിച്ചുകൊടുത്തുകൊണ്ട് തന്‍റെ പ്രിയപ്പെട്ട അധ്യാപകനോട് ആ നൊബേല്‍ ജേതാവ് പറഞ്ഞത്, 'മിസ്റ്റര്‍ അനിലേന്ദ്ര ഗാംഗുലി ഈ മെഡല്‍ താങ്കളെന്നില്‍ ഗണിതത്തോട് ജനിപ്പിച്ച ഇഷ്ടത്തിന്‍റെ, താങ്കളെന്നെ പഠിപ്പിച്ച പാഠത്തിന്‍റെ ഫലമാണ്' എന്നാണ്. ആ മെഡല്‍ തന്‍റെ പ്രിയപ്പെട്ട അധ്യാപകന്‍റെ മുഖത്തിനടുത്തേക്ക് അദ്ദേഹം അടുപ്പിച്ച് പിടിച്ചു. ആ അധ്യാപകനെ പുണര്‍ന്നു.

അനിലേന്ദ്ര ഗാംഗുലിയുടെ മകന്‍ നെറ്റ്ഫ്ലിക്സിലെ ഡോക്യുമെന്‍ററിയില്‍ ഡോ. സലാമിന്‍റെ സന്ദര്‍ശനത്തെ കുറിച്ച് വിവരിക്കുന്നത് ഇങ്ങനെയാണ്, ''അബ്ദുസലാം തന്‍റെ മെഡലുമായി ഇന്ത്യയിലുള്ള തന്‍റെ അധ്യാപകന്‍റെ അടുത്തെത്തുകയായിരുന്നു. അച്ഛന്‍ അപ്പോഴേക്കും വളരെ അവശനായിരുന്നു. കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല അദ്ദേഹത്തിന്. അച്ഛന്‍ അദ്ദേഹത്തിന്‍റെ കയ്യില്‍ ആ മെഡല്‍ പിടിച്ചിരിക്കുന്നതിന്‍റെ ചിത്രമുണ്ട്. ഡോ. സലാം അദ്ദേഹത്തോട് പറഞ്ഞത്, ഇത് താങ്കള്‍ക്കുള്ള പുരസ്കാരമാണ് സാര്‍, എന്‍റേതല്ല എന്നാണ്.'' 

രാജ്യത്തിന്‍റെയും മതത്തിന്‍റെയും എല്ലാ അതിര്‍ത്തിയും കടന്ന് ആ ശിഷ്യന്‍ തന്‍റെ അധ്യാപകനോടുള്ള സ്നേഹവും ആദരവും നന്ദിയും അറിയിക്കാനെത്തുകയായിരുന്നു അന്ന്. ചുറ്റുമുള്ളവര്‍ കണ്ണ് നിറഞ്ഞുകൊണ്ട് ആ രംഗം കണ്ടുനിന്നു. പക്ഷേ, കഥ അവിടെത്തീര്‍ന്നില്ല. 

ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനായ സനോബര്‍ ഫത്മ ട്വിറ്ററിലെഴുതിയിരുന്നത്, 1981 -ല്‍ കല്‍ക്കത്ത യൂണിവേഴ്‍സിറ്റി ഡോ. സലാം നല്‍കിയ സംഭാവനകള്‍ക്കുള്ള ആദരവായി ഡോ. അബ്ദുസലാമിന് ഒരു ഗോള്‍ഡ് മെഡല്‍ (Debaprasad Sarbadhikary Gold Medal) നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഡോ. സലാം അദ്ദേഹത്തിന് നല്‍കിയ അവാര്‍ഡ് നിരസിക്കുകയായിരുന്നു. കാരണമായി പറഞ്ഞത് ആ അവാര്‍ഡിന് അര്‍ഹന്‍ താനല്ല. തന്‍റെ അധ്യാപകനായ അനിലേന്ദ്ര ഗാംഗുലിയാണെന്നതായിരുന്നു. ഒടുവില്‍ യൂണിവേഴ്സിറ്റി അനിലേന്ദ്രനാഥിന്‍റെ വീട്ടില്‍ ഒരു അവാര്‍ഡ് നല്‍കല്‍ ചടങ്ങ് സംഘടിപ്പിച്ചു. 1981 -ലായിരുന്നു ഇത്. താനെറെ ബഹുമാനിക്കുന്ന അധ്യാപകന് ഒടുവിൽ ആദരവ് ലഭിക്കുന്നത് കാണാൻ ഡോ. അബ്ദുസലാം സന്നിഹിതനായിരുന്നു. സംതൃപ്തനായ അനിലേന്ദ്ര 1982 -ൽ താമസിയാതെ മരിക്കുകയും ചെയ്‍തു എന്നും ട്വിറ്ററിലെഴുതിയിരുന്നു. 

ലോകത്തെല്ലായിടത്തും ഗുരു-ശിഷ്യബന്ധത്തിന്‍റെ ആഴത്തെ കുറിച്ച് പരാമര്‍ശിക്കാന്‍ ഈ കഥ പറയാറുണ്ട്. പക്ഷേ, ഒരിക്കലും ഡോ. അബ്ദുസലാമിന് അങ്ങനെയൊരു ആദരവ് ചിലരില്‍ നിന്നല്ലാതെ തന്‍റെ എല്ലാ ശിഷ്യരില്‍ നിന്നും ലഭിച്ചിരുന്നില്ല. അതിനുകാരണമായത് അദ്ദേഹത്തിന്‍റെ മതം തന്നെയായിരുന്നു. എങ്കിലും ഡോ. അബ്ദുസലാമിന്‍റേയും അദ്ദേഹമേറെ ആദരിച്ചിരുന്ന അനിലേന്ദ്ര ഗാംഗുലി എന്ന അധ്യാപകന്‍റെയും കഥ എല്ലാക്കാലവും ഓര്‍മ്മിക്കപ്പെടേണ്ടത് തന്നെയാണ്. 

click me!