Latest Videos

43 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‍കൗട്ട് മാസ്റ്റര്‍ പീഡിപ്പിച്ചു, ഇന്ന് നീതിക്കുവേണ്ടി കോടതിയില്‍; സഹായിയായി പുതിയ നിയമം

By Web TeamFirst Published Jan 8, 2020, 3:35 PM IST
Highlights

അറസ്റ്റുചെയ്‍ത വാർത്ത പത്രത്തിൽ കണ്ടപ്പോഴാണ് ടർലി കാര്യങ്ങൾ അറിയുന്നത്. കുറ്റാന്വേഷണത്തിനിടയിൽ എഫ്ബിഐ അദ്ദേഹത്തെ സ്‍കൂളിലെ പ്രിൻസിപ്പാളിന്‍റെ ഓഫീസിലേക്ക് വിളിപ്പിച്ചു. അഭിമുഖം നടത്താൻ എഫ്ബിഐ ടര്‍ലിയുടെ അമ്മയിൽനിന്ന് നേരത്തെ അനുമതി വാങ്ങിയിരുന്നു. 

1977 -ൽ പോൾ ടർലിക്ക് വെറും 11 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ വർഷം അദ്ദേഹത്തിന് ഒരിക്കലും മറക്കാൻ കഴിയില്ല. അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു വലിയ ദുരന്തം നടന്ന വർഷമായിരുന്നു അത്. ജീവിതകാലം മുഴുവൻ വേട്ടയാടുന്ന ഒരു ദുസ്വപമായിരുന്നു അത്. വർഷങ്ങൾക്ക് മുമ്പ് ഒരു ബോയ് സ്‍കൗട്ട് ആയിരുന്നപ്പോൾ തനിക്ക് സംഭവിച്ച കാര്യങ്ങൾ 42 വർഷം കഴിയുമ്പോൾ ടർലി ലോകത്തോട് വെളിപ്പെടുത്താൻ ഒരുങ്ങുകയാണ്. തനിക്കു നീതി ലഭിക്കാൻ വേണ്ടി മാത്രമല്ല, തന്നെപ്പോലെയുള്ള അനേകായിരം കുട്ടികൾക്ക് കൂടി നീതി ലഭിക്കാനായിട്ടാണ് ഇതെന്ന് അദ്ദേഹം  പറഞ്ഞു.

1977 -ൽ, ടർലിയുടെ പ്രിയപ്പെട്ട സിനിമ 'പ്ലാനറ്റ് ഓഫ് ദ ഏപ്‍സ്' ആയിരുന്നു. ബി‌എം‌എക്സ് ബൈക്ക് ഓടിക്കുന്നതും തെരുവിലിറങ്ങുന്നതുമായിരുന്നു അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വിനോദം. കാലിഫോർണിയയിലെ സാന്താ മോണിക്കയിലെ അയൽക്കാരനായിരുന്ന സ്റ്റീവ് ആയിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും നല്ല സുഹൃത്ത്. ബോയ് സ്‍കൗട്ടിൽ ഉണ്ടായിരുന്ന സ്റ്റീവ്, അദ്ദേഹത്തോടൊപ്പം സ്‍കൗട്ടിൽ ചേരാൻ ടർലിയെയും നിർബന്ധിച്ചു. ടർലി നിർബന്ധത്തിന് വഴങ്ങി ഒടുവിൽ അതില്‍ ചേരുകയും ചെയ്‍തു. അവിടെ വച്ച് മൈക്കൽ റോസ് എന്ന് വിളിക്കുന്ന സ്‍കൗട്ട് മാസ്റ്ററെ അദ്ദേഹം കണ്ടുമുട്ടി.

ടർലിക്ക് യൂണിഫോം ആവശ്യമായിരുന്നു. ടർലിയുടെ മാതാപിതാക്കൾ അദ്ദേഹത്തിന് യൂണിഫോം വാങ്ങിക്കൊടുത്തില്ല. അതിനാൽ ഉപയോഗിച്ച ചിലത് ലഭ്യമാണെന്ന് സ്‍കൗട്ട് മാസ്റ്റർ പറഞ്ഞപ്പോൾ അദ്ദേഹത്തിന് ആശ്വാസം തോന്നി. എന്നാൽ, ഒരു മുന്നറിയിപ്പുകൂടി ഉണ്ടായിരുന്നു. “ആ യൂണിഫോം  ലഭിക്കാനായി മാസ്റ്റരുടെ അപ്പാർട്ട്മെന്റിൽ പോകണമായിരുന്നു" ടർലി പറഞ്ഞു. ലജ്ജിക്കരുതെന്ന് സ്‍കൗട്ട് മാസ്റ്റർ തന്നോട് പറഞ്ഞതായും അദ്ദേഹം ഓർക്കുന്നു. പിന്നീട്, അപ്പാർട്മെൻറിൽ എത്തിയ അദ്ദേഹത്തോട്  "നമ്മൾ ആണുങ്ങൾ മാത്രമല്ലേ ഉള്ളൂ ഇവിടെ. നീ ധൈര്യമായി വസ്ത്രം മാറിക്കോ" എന്ന് സ്‍കൗട്ട് മാസ്റ്റർ പറഞ്ഞതായും ടർലി ഓർമിച്ചു.  ടർലിയെ അയാൾ ശരീരികമായി പീഡിപ്പിക്കാൻ തുടങ്ങി. പല പ്രാവശ്യം അദ്ദേഹത്തിന് ആ അപമാനത്തിലൂടെയും, വേദനയിലൂടെയും, ഭയത്തിലൂടെയും കടന്നുപോകേണ്ടി വന്നു.

1977 -ൽ സാന്താ മോണിക്ക പൊലീസ് തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം, ന്യൂയോർക്കിലെ ഒരു കടയിൽനിന്ന് ഒളിച്ചോടിയ ആളായിരുന്നു സാന്താ മോണിക്കയിലെ ട്രൂപ്പിന്റെ ആ സ്‍കൗട്ട് മാസ്റ്റർ. 1960 -നും 1971 -നും ഇടയിൽ ഇതേ വ്യക്തിയെ ന്യൂയോർക്കിൽ 'ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട ഒൻപത് കുറ്റങ്ങൾക്ക് അറസ്റ്റുചെയ്തിട്ടുണ്ട്.' മൈക്കൽ റോസിന്റെ പേര് പ്രാദേശിക പേപ്പറില്‍ വരുന്നതുവരെ ടർലിക്ക് അയാളെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു.

അറസ്റ്റുചെയ്‍ത വാർത്ത പത്രത്തിൽ കണ്ടപ്പോഴാണ് ടർലി കാര്യങ്ങൾ അറിയുന്നത്. കുറ്റാന്വേഷണത്തിനിടയിൽ എഫ്ബിഐ അദ്ദേഹത്തെ സ്‍കൂളിലെ പ്രിൻസിപ്പാളിന്‍റെ ഓഫീസിലേക്ക് വിളിപ്പിച്ചു. അഭിമുഖം നടത്താൻ എഫ്ബിഐ ടര്‍ലിയുടെ അമ്മയിൽനിന്ന് നേരത്തെ അനുമതി വാങ്ങിയിരുന്നു. പക്ഷേ, അവർ ചോദിച്ചപ്പോൾ കുഞ്ഞായ ടർലിനു ഭയംതോന്നി  സത്യം പറയാൻ മടിച്ചു. അതിനാൽ എന്താണ് സംഭവിച്ചതെന്ന് തുറന്നുപറയാതെ അദ്ദേഹം എഫ്ബിഐയോട് കള്ളം പറഞ്ഞു. എന്നാൽ മറ്റുപല കുട്ടികളും പീഡനവിവരങ്ങളുമായി മുന്നോട്ടുവന്നു.

അങ്ങനെ നിരവധി കുട്ടികളെ പീഡിപ്പിച്ചുവെന്ന കുറ്റം ചുമത്തി 40 വയസ് പ്രായമുള്ള റോസിനെ ഒടുവിൽ 1977 -ൽ കോടതി ശിക്ഷിച്ചു. എന്നാൽ, 1981 -ൽ അയാൾക്ക് പരോൾ അനുവദിക്കുകയായിരുന്നു. അധികം താമസിയാതെ നിയമം ലംഘിച്ചതിന്, അയാളുടെ പരോൾ കോടതി സസ്പെൻഡ് ചെയ്‍തു. പിന്നീട്, വീണ്ടും 1995 -ൽ അറസ്റ്റു ചെയ്യുകയും, ജയിലിലേക്ക് അയയ്ക്കുകയും അതേവർഷം തന്നെ വിട്ടയക്കുകയും ചെയ്തു.  

കാലിഫോര്‍ണിയയിലെ പുതിയ നിയമം

കാലിഫോർണിയയിൽ നിലവിൽ വന്ന ഒരു പുതിയ നിയമത്തിന്‍റെ ആനുകുല്യത്തോടെയാണ് ടർലിക്ക് ഇപ്പോൾ ഈ കേസ് ഫയൽ ചെയ്യാൻ കഴിഞ്ഞത്. കുട്ടിക്കാലത്ത് ലൈംഗിക ചൂഷണത്തിന് ഇരയായവർക്ക് ആരോപണങ്ങൾ റിപ്പോർട്ടുചെയ്യാനും, കേസ് ഫയൽ ചെയ്യാനും കൂടുതൽ സമയം അനുവദിക്കുന്ന ഒരു നിയമഭേദഗതിയാണ് ഇത്. കുട്ടിക്കാലത്തെ ലൈംഗിക പീഡന ആരോപണങ്ങൾ റിപ്പോർട്ട് ചെയ്യാൻ അനുവദിക്കുന്ന ഇരയുടെ പ്രായം 26 മുതൽ 40 വയസ്സ് വരെ വിപുലീകരിക്കുകയും, ഒപ്പം ദുരുപയോഗം കണ്ടെത്തിയ സമയം മുതൽ അഞ്ച് വർഷം വരെ സിവിൽ കേസുകൾ കൊടുക്കാനുള്ള അവസരവും ഇതുവഴി ലഭിക്കുന്നു. ഇതിന്റെ ഭാഗമായി മുൻകാല ക്ലെയിമുകൾ  അവകാശപ്പെടാനായി മൂന്ന് വർഷത്തെ ഒരു സംവിധാനവും ഇതുവഴി ഉണ്ടാക്കിയിട്ടുണ്ട്. കൂടാതെ, മുൻകാല ആക്രമണങ്ങൾ മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഫലമായി ഒരു കുട്ടി ലൈംഗികാതിക്രമത്തിന് ഇരയാകുന്ന കേസുകളിൽ നാശനഷ്‍ടങ്ങൾ മൂന്നിരട്ടിയാകാമെന്നും ഇതിൽ പറയുന്നു. ഈ നിയമം വന്നതിനുശേഷം അനവധി കേസുകളാണ് കാലിഫോർണിയയിൽ രജിസ്റ്റർ ചെയ്‍തിട്ടുള്ളത്. സ്‍കൂളുകൾ, കത്തോലിക്കാ സഭ തുടങ്ങിയ സംഘടനകൾക്കെതിരെയും, ഇപ്പോൾ മരണമടഞ്ഞ മൾട്ടി മില്യണയറും നേരത്തെ കേസില്‍ ശിക്ഷിക്കപ്പെട്ടതുമായ പീഡോഫൈലായ ജെഫ്രി എപ്സ്റ്റൈൻ തുടങ്ങിയ വ്യക്തികൾക്കെതിരെയും നൂറുകണക്കിന് കേസുകളാണ് നിലവിലുള്ളത്. 

പുതിയ നിയമങ്ങൾ വഴി അദ്ദേഹത്തിനും മറ്റ് ഇരകൾക്കും അവരുടെ മുൻകാല ലൈംഗിക പീഡനങ്ങളിൽ നീതിലഭിക്കുമെന്ന വിശ്വാസത്തിലാണ് ടർലി. ബോയ് സ്‍കൗട്ടുകൾ പോലുള്ള സംഘടനകളിൽ ഒളിച്ചിരിക്കുന്ന ലൈംഗിക വേട്ടക്കാരിൽ നിന്ന് മറ്റുകുട്ടികളെ രക്ഷിക്കാൻ ഇതുവഴി സാധിക്കുമെന്നും ടർലി പ്രതീക്ഷിക്കുന്നു. 

click me!