ലണ്ടനിലെ തെരുവിൽ അബോധാവസ്ഥയിൽ രാജകുടുംബാംഗം; സമീപത്ത് മൂന്നുവയസ്സുകാരൻ! ഒടുവിൽ, കോടതിയിൽ കുറ്റസമ്മതം

Published : Oct 15, 2026, 11:20 AM IST
Mahra Al Nahyan

Synopsis

ലണ്ടൻ തെരുവിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അബുദാബി രാജകുടുംബാംഗം മഹ്റ അൽ നഹ്യാൻ കുട്ടിയെ അവഗണിച്ച കേസിൽ കുറ്റസമ്മതം നടത്തി. മൂന്ന് വയസ്സുകാരനായ കുട്ടിയെ അപകടകരമായ സാഹചര്യത്തിൽ ഉപേക്ഷിച്ചതിന് കോടതി ഇവർക്ക് പിഴയും ശിക്ഷയും വിധിച്ചു. ലഹരി ഉപയോഗത്തെ തുടർന്നുള്ള ക്ഷീണമാണ് അബോധാവസ്ഥയ്ക്ക് കാരണമെന്നാണ് റിപ്പോർട്ട്.

തിരക്കേറിയ ലണ്ടൻ തെരുവിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അബുദാബി രാജകുടുംബാംഗമായ മഹ്റ അൽ നഹ്യാൻ (32), കുട്ടിയെ അവഗണിച്ച കേസിൽ കോടതിയിൽ കുറ്റസമ്മതം നടത്തി. മഹ്റ അൽ നഹ്യാൻ റോഡരികിൽ അബോധാവസ്ഥയിൽ കിടക്കുമ്പോൾ തൊട്ടടുത്തായി ഒരു മൂന്നുവയസ്സുകാരൻ ചെരിപ്പില്ലാതെ വാഹനങ്ങൾ കടന്നുപോകുന്ന റോഡിന് സമീപം ആരാലും ശ്രദ്ധിക്കപ്പെടാതെ കളിക്കുകയായിരുന്നുവെന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ബോധമില്ലാതെ റോഡരികിൽ, ഒപ്പം ഒരു 3 വയസുകാരനും

ജൂൺ 13 -നാണ് സംഭവം. തെരുവിൽ മഹ്റയ്ക്കൊപ്പം മറ്റൊരു പുരുഷനെയും അബോധാവസ്ഥയിൽ കണ്ടെത്തിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കുട്ടി റോഡിലേക്ക് നീങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാർ ഇടപെട്ട് കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. പോലീസെത്തിയിട്ടും ഏകദേശം 30 മിനിറ്റോളം പ്രതികരിക്കാൻ പറ്റാത്ത നിലയിലായിരുന്ന നിലയിലായിരുന്നു മഹ്റ അൽ നഹ്യാൻ കിടന്നിരുന്നതെന്നാണ് കോടതിയിൽ അറിയിച്ചത്. പിന്നീട് ബോധം വീണ്ടെടുത്തപ്പോൾ അവർ അസ്വാഭാവികമായി പെരുമാറിയതായും റിപ്പോർട്ടുണ്ട്.

മയക്കുമരുന്നിന്‍റെ ക്ഷീണമെന്ന്

മഹ്റയുടെ ബാഗിൽ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ കണ്ടെത്തിയെങ്കിലും നിയമവിരുദ്ധ ലഹരിവസ്തുക്കൾ കണ്ടെത്താൻ കഴിഞ്ഞില്ല. സംഭവ ദിവസം അവർ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നില്ലെന്നും മുൻദിവസങ്ങളിൽ കൊക്കെയ്ൻ ഉപയോഗിച്ചതിനെത്തുടർന്നുള്ള ക്ഷീണമാണ് അബോധാവസ്ഥയ്ക്ക് കാരണമെന്നുമാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. മഹ്റ അൽ നഹ്യാൻ കഴിഞ്ഞ ജൂലൈ മുതൽ വോക്കിങ്ങിലെ പ്രയറി സെന്‍ററിൽ ലഹരിവിമുക്ത ചികിത്സ തേടിവരികയാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ശിക്ഷ വിധിച്ച് കോടതി

അതേസമയം മൂന്ന് വയസുള്ള ഒരു കുട്ടിയെ അപകടസാധ്യതയുള്ള സാഹചര്യത്തിൽ ഉപേക്ഷിച്ചത് ഗുരുതരമായ അശ്രദ്ധയാണെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. വഴിയാത്രക്കാർ ഇടപെട്ടില്ലായിരുന്നെങ്കിൽ കുട്ടിക്ക് പരിക്കേൽക്കുകയോ കാണാതാകുകയോ ചെയ്യാമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. മഹ്റയ്ക്ക് രണ്ട് വർഷത്തെ കമ്മ്യൂണിറ്റി ഓർഡറും പുനരധിവാസ വ്യവസ്ഥയുമാണ് കോടതി വിധിച്ചത്. കൂടാതെ 6,114 പൗണ്ട് (ഏകദേശം 7,69,000 ഇന്ത്യൻ രൂപ) പിഴയും അനുബന്ധ ചെലവുകളും അടയ്ക്കാനും കോടതി ഉത്തരവിട്ടു. വിവാഹബന്ധത്തിലൂടെ രാജകുടുംബവുമായി ബന്ധപ്പെട്ട മഹ്റയ്ക്ക് പ്രതിമാസം 8,000 പൗണ്ടാണ് രാജകുടുംബത്തിൽ നിന്നും ലഭിക്കുന്ന അലവൻസ് എന്നും റിപ്പോർട്ടിൽ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

'ഗ്യാസ് സിലിണ്ടറുമായി പോലീസ് പിടിച്ചു, 3 കൊല്ലം തടവ്, രക്ഷിക്കണം, 18,000 രൂപ വേണം!' പാചകക്കാരന്‍റെ വീഡിയോകൾ, പുതിയ തട്ടിപ്പെന്ന് കുറിപ്പ്
പഠനച്ചെലവിനായി ഡെലിവറി ജോലി, ആദ്യ ദിനം 508 രൂപ കിട്ടി; എൽ എൽ ബി വിദ്യാർത്ഥിയുടെ കുറിപ്പ്