Guatemala soldiers : ആഭ്യന്തരയുദ്ധസമയത്ത് മായൻ സ്ത്രീകളെ ബലാത്സം​ഗം ചെയ്തു, വിചാരണ നേരിട്ട് സൈനികർ

By Web TeamFirst Published Jan 7, 2022, 10:09 AM IST
Highlights

ഗ്വാട്ടിമാലയിൽ നടക്കുന്ന ഇത്തരത്തിലുള്ള ആദ്യ വിചാരണയല്ല ഇത്. 2016 -ൽ, തദ്ദേശീയരായ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ലൈംഗികമായി അടിമപ്പെടുത്തുകയും കൊലപ്പെടുത്തുകയും ചെയ്തതിന് രണ്ട് മുൻ സൈനികർക്ക് 360 വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. 

ഗ്വാട്ടിമാല(Guatemala)യിൽ സൈനിക സർക്കാരും ഇടതുപക്ഷ ​ഗറില്ലകളും തമ്മിൽ ആഭ്യന്തരയുദ്ധം കൊടുമ്പിരി കൊണ്ടുനിന്ന കാലമായിരുന്ന 1980 -കൾ. ആ സമയത്ത് തദ്ദേശീയരായ 36 മായൻ സ്ത്രീകളെ(36 indigenous Mayan women) ബലാത്സം​ഗം ചെയ്‍തതിന് മുൻ അർദ്ധസൈനികരായ(former paramilitary soldiers) അഞ്ചുപേരുടെ വിചാരണ നടക്കുകയാണ്. 

പീഡിപ്പിക്കപ്പെട്ട ആ സ്ത്രീകളുടെ ജീവിതം തകർന്നുവെന്നും പീഡനം നടക്കുന്ന സമയത്ത് ഒരാൾക്ക് 12 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും പ്രോസിക്യൂട്ടർമാർ പറയുന്നു. എന്നാൽ, ബലാത്സംഗക്കേസിൽ പ്രതികളായ അഞ്ചുപേരും കുറ്റം നിഷേധിച്ചു. ഗ്വാട്ടിമാലയിലെ സിവിൽ സെൽഫ് ഡിഫൻസ് പട്രോൾസിലെ (പിഎസി) മുൻ അംഗങ്ങളാണ് ഇവർ. 1960-1996 യുദ്ധസമയത്ത് നിരവധി ക്രൂരതകളാണ് ഈ പ്രാദേശികസൈന്യം കാണിച്ചത് എന്ന് ആരോപിക്കപ്പെടുന്നു. 

ജയിലിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെയാണ് അവർ വാദം കേൾക്കുന്നത്, വിധി പുറപ്പെടുവിക്കുന്നത് വരെ അവിടെ തുടരും. വിമതരെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് തദ്ദേശീയരെ പലപ്പോഴും സൈനിക ഭരണകൂടം ലക്ഷ്യമിട്ടിരുന്നു. തലസ്ഥാനമായ ഗ്വാട്ടിമാല സിറ്റിയുടെ വടക്കുള്ള ബജാ വെരാപാസ് ഡിപ്പാർട്ട്‌മെന്റിലെ റബിനാൽ എന്ന ചെറിയ പട്ടണത്തിന് ചുറ്റുമാണ് ബലാത്സംഗം നടന്നതെന്ന് ആരോപിക്കപ്പെടുന്നു. ഈ പ്രദേശത്തെ യുദ്ധസമയത്ത് വൻതോതിൽ ലക്ഷ്യമിട്ടിരുന്നു. 3,000 -ത്തിലധികം ആളുകളുടെ മൃതദേഹങ്ങൾ കിടക്കുന്ന ഒരു കൂട്ട ശവക്കുഴിയുടെ സ്ഥലമാണിത്. 

ഒട്ടുമിക്ക സ്ത്രീകളുടെയും ഐഡന്റിറ്റി മറച്ചുവെക്കുന്നത് അവരുടെ സുരക്ഷയ്ക്ക് വേണ്ടിയാണെന്ന് അവരുടെ അഭിഭാഷക ലൂസിയ സിലോജ് പറഞ്ഞു. പീഡനം നേരിട്ട 36 പേരിൽ അഞ്ച് പേർ മാത്രമാണ് ആദ്യ ദിവസം കോടതിയിൽ നേരിട്ട് ഹാജരാകാൻ തീരുമാനിച്ചത്. ഭര്‍ത്താക്കന്മാരെ നിര്‍ബന്ധിതമായി അപ്രത്യക്ഷമാക്കിയാണ് ശേഷമാണ് അർദ്ധസൈനികരും സൈനികരും നിരവധി മായൻ സ്ത്രീകളെ ബലാത്സംഗം ചെയ്‍തത് എന്ന് ഷിലോജ് പറഞ്ഞു. സ്ത്രീകളോടുള്ള ഐക്യദാർഢ്യ സൂചകമായി കോടതിക്ക് പുറത്ത് പുതപ്പുകളും പൂക്കളും സ്ഥാപിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. 

ഗ്വാട്ടിമാലയിൽ നടക്കുന്ന ഇത്തരത്തിലുള്ള ആദ്യ വിചാരണയല്ല ഇത്. 2016 -ൽ, തദ്ദേശീയരായ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ലൈംഗികമായി അടിമപ്പെടുത്തുകയും കൊലപ്പെടുത്തുകയും ചെയ്തതിന് രണ്ട് മുൻ സൈനികർക്ക് 360 വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ഗ്വാട്ടിമാലയുടെ 36 വർഷത്തെ പോരാട്ടത്തിൽ 200,000 പേർ കൊല്ലപ്പെടുകയോ അപ്രത്യക്ഷമാകുകയോ ചെയ്തിരുന്നു. 

click me!