
ബ്രിട്ടനിലെ ബര്‍മിംഗ്ഹാം നഗരത്തില്‍ പലയിടത്തും ആ വലിയ പരസ്യപ്പലകകള്‍ കാണാം. 'അറേഞ്ചഡ് മാര്യേജില്‍നിന്നും രക്ഷിക്കൂ' എന്നെഴുതിയ ആ പരസ്യ ബോര്‍ഡുകളില്‍ താടിവെച്ച്, തൊപ്പിവെച്ച ഒരു ചെറുപ്പക്കാരന്റെ ഫോട്ടോയും കാണാം.
അതാണ് മാലിക്. മുഴുവന്‍ പേര് മുഹമ്മദ് മാലിക്. ബര്‍മിംഗ്ഹാം സ്വേദശിയാണ് 29 വയസ്സുള്ള മാലിക്ക്. കഴിഞ്ഞ കുറേ ദിവസങ്ങളായി മൂപ്പര്‍ ഒരു കല്യാണം കഴിക്കാന്‍ നടക്കുകയാണ്. വിവാഹ സൈറ്റുകളും ഡേറ്റിംഗ് ആപ്പുകളും അല്ലാത്ത പുതിയൊരു വഴിയാണ് മാലിക് ഇതിനായി തെരഞ്ഞെടുത്തത്.
മറ്റൊന്നുമല്ല, പരസ്യ ബോര്‍ഡുകള്‍! നഗരത്തിലെങ്ങും കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് തനിക്ക് മനസ്സിനിണങ്ങിയ ഒരു പെണ്‍കുട്ടിയെ കണ്ടെത്താനാണ് ഇയാളുടെ ശ്രമം.
ഇതിനായി മാലിക്ക് ഒരു വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ട്. മാലിക്കിനൊരു പെണ്ണുവേണം എന്നു വിളിച്ചു പറയുന്നതാണ് ഈ വെബ്‌സൈറ്റ്. ഇതില്‍ മാലിക് തന്നെക്കുറിച്ചും ഭാര്യയാവാന്‍ പോവുന്ന പെണ്‍കുട്ടിയെ കുറിച്ചും വിശദമായി പറയുന്നുണ്ട്.
ലണ്ടനില്‍ താമസിക്കുന്ന 29 വയസ്സുള്ള മുസ്‌ലിം ചെറുപ്പക്കാരനാണ് താനെന്നാണ് സൈറ്റില്‍ മാലിക് സ്വയം വിശേഷിപ്പിക്കുന്നത്. സംരംഭകനാണ് താന്‍. വിശ്വാസത്തെയും സംരംഭകത്വത്തെയും സമന്വയിപ്പിക്കാന്‍ കഴിയുന്ന ആളാണ്. നല്ല ഭക്ഷണം ഇഷ്ടപ്പെടുന്നയാളാണെന്നും ഇയാള്‍ സ്വയം വിശേഷിപ്പിക്കുന്നു.
ഇനി പെണ്ണ്.
20-കളിലുള്ള വധുവിനെയാണ് വേണ്ടതെന്ന് മാലിക് സ്വന്തം വെബ്‌സൈറ്റില്‍ പറയുന്നു. ഇസ്‌ലാമിക വിശ്വാസിയായിരിക്കണം. ഒപ്പം നല്ല വ്യക്തിത്വമുള്ള ആളായിരിക്കണം. പഞ്ചാബി കുടുംബത്തിലാണ് പിറന്നതെങ്കിലും ഏത് രാജ്യത്തും വംശത്തിലുമുള്ളവരെ താന്‍ പരിഗണിക്കുമെന്ന് ഇയാള്‍ പറയുന്നു. ഒറ്റ മകനാണ് താന്‍. മാതാപിതാക്കളെ നോക്കേണ്ട ചുമതല തനിക്കാണ്. ഇക്കാര്യം അംഗീകരിക്കുന്ന ഒരുവളെയാണ് വേണ്ടത്. വിശ്വാസവും വ്യക്തിത്വവുമാണ് മറ്റെന്തിനേക്കാളും താന്‍ വിലകല്‍പ്പിക്കുന്നതെന്നും ഇയാള്‍ പറയുന്നു.
എന്തിനാണ് ഈ പരസ്യബോര്‍ഡുകള്‍?
അതിനുള്ള മറുപടിയും ഇയാള്‍ തരുന്നുണ്ട്. ഡറ്റേിംഗ് ആപ്പുകളിലൂടെയും വൈവാഹിക സൈറ്റുകളിലൂടെയും കുറച്ചുകാലമായി പെണ്ണിനെ അന്വേഷിക്കുന്നുണ്ട്. ഇത്രകാലമായിട്ടും മനസ്സിനിണങ്ങിയ പെണ്ണിനെ കിട്ടിയിട്ടില്ല. അതിനുള്ള മാര്‍ഗമാണ് ഇത്. പരസ്യബോര്‍ഡുകളില്‍ തന്റെ വെബ്‌സൈറ്റിന്റെ വിവരങ്ങളുണ്ട്. അതില്‍ വന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാനാവും. പെണ്‍കുട്ടികള്‍ക്ക് തങ്ങളെക്കുറിച്ച് സൈറ്റിലൂടെ ഇയാളോട് സംസാരിക്കാനുമാവും എന്ന് മാലിക്ക് പറയുന്നു.
എന്താണ് അറേഞ്ചഡ് വിവാഹത്തോടുള്ള പ്രശ്‌നം?
''അറേഞ്ച്ഡ് വിവാഹത്തോട് ഒരു പ്രശ്‌നവുമില്ല. മുസ്‌ലിം സമുദായത്തില്‍ കാലങ്ങളായി നിലനില്‍ക്കുന്ന സമ്പ്രദായമാണത്. പക്ഷേ, എനിക്കു പറ്റിയ ഒരാളെ സ്വന്തമായി കണ്ടുപിടിക്കാനാണ് ഞാന്‍ നോക്കുന്നത്.''-മാലിക്ക് പറയുന്നു. സൈറ്റിലുള്ള വീഡിയോയില്‍ വിശദമായി ഇക്കാര്യങ്ങള്‍ മാലിക്ക് പറയുന്നുണ്ട്.
എന്തായാലും വ്യത്യസ്തമായ ഈ മാര്‍ക്കറ്റിംഗ് തന്ത്രം ഇതിനകം ഗുണംകണ്ടുകഴിഞ്ഞു. ബ്രിട്ടനിലും പുറത്തുമുള്ള മാധ്യമങ്ങളില്‍ ഇത് വാര്‍ത്തയായിക്കഴിഞ്ഞു. അതിന്റെ ഗുണവും തനിക്ക് ലഭിക്കുന്നതായി മാലിക് സി എന്‍ എന്നിനോട് പറയുന്നു. നൂറുകണക്കിന് സന്ദേശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിച്ചതായി മാലിക് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.