'വിരസമായ സദ്യകളും കോടിയേരിയുടെ ചിരികളും'; ചിരിപ്പിക്കുന്ന നേതാവിനെക്കുറിച്ച് ഇന്നസെന്‍റ്

By Web TeamFirst Published Oct 2, 2022, 8:50 AM IST
Highlights

'ആസ്വദിച്ചുകഴിക്കുന്ന, ഇഷ്ടവിഭവങ്ങള്‍ മാത്രമുള്ള, ഒരു സദ്യയുടെ അനുഭൂതിയാണ് 'ചിരിയുടെ കൊടിയേറ്റം' എന്ന ഈ കോടിയേരീ ഫലിതങ്ങള്‍ സമ്മാനിക്കുന്നത്. ഒരോ പേജും നമ്മെ അടുത്തതിലേക്ക് നാമറിയാതെ തന്നെ നയിക്കും'. 

കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗങ്ങള്‍ മധുരതരമാക്കി മാറ്റുന്നില്‍ അവയിലെ നര്‍മത്തിന് കാര്യമായ പങ്കുണ്ടെന്ന് സംശയമൊന്നും ഇല്ലാതെ പറയാം. കോടിയേരിയുടെ പ്രസംഗങ്ങളിലെ നര്‍മമധുരമായ ഭാഗങ്ങള്‍ കോര്‍ത്തിണക്കി തയാറാക്കിയ ഈ പുസ്തകം ഞാന്‍ ഒറ്റയിരിപ്പിനാണ് വായിച്ചുതീര്‍ത്തത്. അപ്പോള്‍ ഒരു പഴയ അനുഭവം എന്റെ മനസ്സിലേക്ക് വന്നു. കൊടിയേരി ഫലിതങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ വി മധു എഴുതിയ 'ചിരിയുടെ കൊടിയേറ്റം' എന്ന പുസ്തകത്തിന് പ്രമുഖ നടന്‍ ഇന്നസന്റ് എഴുതിയ അവതാരിക.  

ഒരു സുഹൃത്തിന് ഞാന്‍ ഒരുപുസ്തകം വായിക്കാന്‍ നല്‍കിയിരുന്നു. പുസ്തകത്തെ കുറിച്ച് അടുത്ത ദിവസം തന്നെ അദ്ദേഹത്തിന്റെ അഭിപ്രായവും തേടി. 

'എങ്ങനെയുണ്ട് പുസ്തകം?'

അദ്ദേഹം നിരാശയോടെയാണ് പ്രതികരിച്ചത്.

'വലിയ ഗുണമില്ല; എങ്ങനെയോ വായിച്ചുതീര്‍ത്തു'

ഈ പ്രതികരണം കേട്ടപ്പോള്‍ ഞാന്‍ ചോദിച്ചു. 

'എങ്കിലെന്തിനാ ഇത്ര കഷ്ടപ്പെട്ട് വായിച്ചത്?'

അതിന് അദ്ദേഹം നല്‍കിയ മറുപടി രസകരവും ചിന്തോദ്ദീപകവുമായിരുന്നു. ഒരു സദ്യയെയും പുസ്തകത്തെയും ഉപമിച്ചുകൊണ്ട് അദ്ദേഹം വിശദീകരിച്ചു

''നമ്മള്‍ ഒരു സദ്യ ഉണ്ണാന്‍ ഇരിക്കുന്നു എന്നു കരുതുക, ഇലയില്‍ പലതരം കറികള്‍ വിളമ്പുമല്ലോ. ചില കറികളുടെ  മണവും നിറവും കണ്ട് ചോറ് വരുന്നതിന് മുമ്പ് തന്നെ അവ രുചിച്ചുനോക്കും. നല്ലതും ചീത്തയുമായ കറികള്‍ അങ്ങനെ നാം മനസ്സിലാക്കും. ഇതാണ് ഒരു ശരാശരി ഭക്ഷണപ്രിയന്റെ ശീലം. ഇങ്ങനെ രുചിച്ച് നോക്കുമ്പോള്‍ ചില കറികള്‍ നമുക്ക് അരോചകമായി തോന്നും. അതുകൊണ്ട് അത്തരം കറികള്‍ ചോറുവരും മുമ്പ് ആദ്യം കഴിച്ച്, തീര്‍ത്തുകളയും. കാരണം പിന്നീട് ചോറിനൊപ്പം കഴിച്ച് കഷ്ടപ്പെടേണ്ടല്ലോ. സമാനമായിരുന്നു ഇന്നസെന്റ് ഇന്നലെ തന്ന പുസ്തകവും. അത് അരോചകമുണ്ടാക്കുന്നതിനാല്‍ വേഗം വായിച്ചുതീര്‍ത്തു എന്നുമാത്രം''

അന്ന് അദ്ദേഹത്തിന്റെ ആ ഉപമയെ കുറിച്ച് കൂടുതല്‍ ആലോചിച്ചപ്പോഴാണ് ഒരു പുസ്തകത്തിന് ഈ മട്ടിലുള്ള തത്വവും ബാധകമാണല്ലോ എന്ന് ഞാനോര്‍ത്തത്. അതായത് സദ്യയെ കുറിച്ച് പറഞ്ഞ ആ തത്വം പുസ്തകങ്ങള്‍ക്ക് നന്നായി യോജിക്കും. ആസ്വദിച്ചുകഴിക്കുന്ന, ഇഷ്ടവിഭവങ്ങള്‍ മാത്രമുള്ള, ഒരു സദ്യയുടെ അനുഭൂതിയാണ് 'ചിരിയുടെ കൊടിയേറ്റം' എന്ന ഈ കോടിയേരീ ഫലിതങ്ങള്‍ സമ്മാനിക്കുന്നത്. ഒരോ പേജും നമ്മെ അടുത്തതിലേക്ക് നാമറിയാതെ തന്നെ നയിക്കും. 

സ്‌കൂള്‍ പഠനകാലത്ത് ചില അധ്യാപകരുടെ ക്ലാസുകള്‍ എനിക്കോര്‍മയുണ്ട്. അവര്‍ ക്ലാസെടുക്കുമ്പോള്‍ നമ്മുടെ ശരീരം മാത്രമാകും അവിടെയുണ്ടാകുക. മനസ്സ് മറ്റെവിടെയോ അലഞ്ഞുതിരിയുന്നുണ്ടാകും. ചില രാഷ്ട്രീയ പ്രസംഗങ്ങളുടെയും സ്ഥിതിയും വ്യത്യസ്തമല്ല. അവ നമ്മെ വിദൂരങ്ങളിലേക്ക് പലായനം ചെയ്യിക്കും. അത്തരം പ്രസംഗങ്ങള്‍ കേട്ട് കേട്ടാണ് രാഷ്ട്രീയപ്രസംഗത്തെ മൊത്തമായി വിരസമെന്ന് ചിലര്‍ വിമര്‍ശിക്കുന്നത്. എന്നാല്‍ അത്തരം വിമര്‍ശനങ്ങളെ നിഷ്പ്രഭമാക്കുന്ന പ്രസംഗങ്ങള്‍ കാഴ്ചവയ്ക്കുന്ന നിരവധി നേതാക്കളും ഉണ്ട്. അത്തരം പ്രസംഗങ്ങളും പ്രഭാഷണങ്ങളും ചിരസ്മരണീയങ്ങളായി തന്നെ നിലനില്‍ക്കും. കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗങ്ങള്‍ അക്കൂട്ടത്തില്‍ പെടുന്നവയാണ്. അവസാനം വരെ നമ്മെ പിടിച്ചിരുത്തുന്ന ആകര്‍ഷകമായ എന്തോ ഒരുഘടകം ആ പ്രസംഗത്തില്‍ ഉള്‍ച്ചേര്‍ന്നിരിപ്പുണ്ട്. പ്രസംഗത്തിന്റെ മുഖ്യവിഷയത്തിനൊപ്പം ഒരുധാരയായി ലയിച്ചുചേര്‍ന്നിരിക്കുന്ന നര്‍മത്തിന്റെ സൂക്ഷ്മമായ പ്രയോഗമാണ് ആ ആകര്‍ഷകത്വമെന്ന് ഈ പുസ്തകം ഒന്നുകൂടി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.  

കോടിയേരി ബാലകൃഷ്ണന്റെ ചിരിക്കുന്ന മുഖം നമുക്ക് ഏവര്‍ക്കും സുപരിചിതമാണ്. ഈ പുസ്തകത്തിലെ ഓരോ പേജിലൂടെയും കടന്നുപോകുമ്പോള്‍ ആ ചിരി നമുക്ക് അനുഭവിക്കാനാകും. പലമട്ടില്‍ പല സ്ഥലങ്ങളില്‍ പലകാലത്ത് കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസംഗങ്ങളിലെ നര്‍മഭാഗങ്ങളാണ് ഇവിടെ കോര്‍ത്തിണക്കിയിരിക്കുന്നത്. ദൃശ്യമാധ്യമങ്ങളിലെ ആക്ഷേപഹാസ്യപരിപാടിയില്‍ തനതുവ്യക്തിത്വം പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍ കെവി മധുവിന്റെ തെരഞ്ഞെടുപ്പ് കൂടിയായപ്പോള്‍ ചിരിയുടെ കൊടിയേറ്റം എന്ന ഈ പുസ്തകം സാര്‍ത്ഥകമാകുന്നു.

Read More : 'വ്യത്യസ്തനായ കമ്മ്യൂണിസ്റ്റ്; മഹാരോഗത്തിലും വീഴാത്ത പാർട്ടി സെക്രട്ടറി', ഓര്‍മ്മക്കുറിപ്പ്
 

click me!