
വാടകവീട്ടിൽ താമസിക്കുക എന്നത് ഓരോ മാസവും നമ്മുടെ കയ്യിൽ നിന്നും വലിയ ഒരു തുക പോകുന്ന ഏർപ്പാടാണ് അല്ലേ? എന്നാൽ, സ്വന്തമായി വീടില്ലാത്തവർക്ക് വേറെ മാർഗങ്ങളില്ല. അതേ സമയം ഇതിന് പകരമായി പല വഴികളും കണ്ടെത്തുന്ന ആളുകളും ഉണ്ട്. യുകെ -യിൽ നിന്നുമുള്ള ഒരാൾ ഇങ്ങനെ വാടകയ്‍ക്ക് താമസിക്കാൻ പണം ഇത്രയധികം ചെലവഴിക്കാൻ മടിയായതിനെ തുടർന്ന് വളരെ വ്യത്യസ്തമായ ഒരു മാർഗം കണ്ടെത്തി. ക്രൂയിസ് കപ്പലിൽ ഉള്ള യാത്ര. യാത്രയോടുള്ള സ്നേഹവും ഇതിനൊരു കാരണം തന്നെ. ഒരുവർഷത്തെ യാത്രയ്ക്ക് ആകെ ചെലവാകുക ഒരു കോടിയിൽ താഴെ. അതിനിടയിൽ മൂന്നുവർഷം കൊണ്ട് ലോകത്തിലെ ഏഴ് അത്ഭുതങ്ങളടക്കം കാണാനുള്ള അവസരവും.
ആയിരം ദിവസങ്ങൾ യാത്ര ചെയ്ത് വിവിധ സ്ഥലങ്ങൾ സന്ദർശിക്കാനുള്ള അവസരമാണ് കപ്പൽ വാഗ്ദ്ധാനം ചെയ്യുന്നത്. വാടകയ്‍ക്ക് നൽകാൻ പണമില്ലാത്തതും യാത്രയോടുള്ള തന്റെ സ്നേഹവുമാണ് ഇതിന് പിന്നിലെ കാരണം എന്നാണ് ഇയാൾ പറയുന്നത്. ഒപ്പം ഇംഗ്ലണ്ടിൽ തനിക്ക് വാടക നൽകാൻ ഇതിനേക്കാൾ തുക വേണം എന്നും ആദം എന്ന യുവാവ് പറയുന്നു. മെഡിക്കൽ എഞ്ചിനീയറാണ് ആദം.
നവംബറിലാണ് ക്രൂയിസ് ഷിപ്പ് യാത്ര ആരംഭിക്കുക. അത് ഇസ്താംബൂളിൽ നിന്നും യാത്ര ആരംഭിച്ച് ഷാങ്ഹായ്, മോണ്ടെഗോ ബേ തുടങ്ങിയ വിവിധ നഗരങ്ങളിലേക്ക് പോകും. ലൈഫ് അറ്റ് സീ ക്രൂയിസ് നടത്തുന്ന എംവി ലാറയിലാണ് ആദം യാത്ര ചെയ്യുക. ലോകത്തിലെ ഏഴ് അത്ഭുതങ്ങളും ഈ യാത്രയിൽ കാണാനാവും എന്നതാണ് മറ്റൊരു പ്രത്യേകത. ഒരു വർഷത്തേക്ക് ഏകദേശം 65 ലക്ഷം രൂപ മുതലാണ് യാത്ര പാക്കേജുകൾ തുടങ്ങുന്നത്. മൂന്നു വർഷം ലോകം മുഴുവനും യാത്ര ചെയ്യാൻ ഈ തുക മതിയാകും എന്നത് തന്നെ അത്ഭുതപ്പെടുത്തി എന്നാണ് ആദം പറയുന്നത്. അന്റാർട്ടിക്കയിലെ ഡിസെപ്ഷൻ, ഹാഫ് മൂൺ ദ്വീപുകൾ ഉൾപ്പെടെ 382 സ്ഥലങ്ങളാണ് ഈ യാത്രയിൽ ആദം സന്ദർശിക്കുക.
യാത്രക്കിടെ തന്നെ ബിസിനസ് അഡ്മിനിസ്ട്രേഷനിലെ മാസ്റ്റേഴ്സ് ഡിസർട്ടേഷനും പൂർത്തിയാക്കും. അതുപോലെ, അലക്കാനോ ഭക്ഷണത്തിനോ വീട്ടുജോലിക്കോ ഒന്നും തന്നെ വിഷമിക്കേണ്ടതില്ല. അതെല്ലാം കപ്പലിലെ ജോലിക്കാർ ചെയ്യും. അതുപോലെ അടുത്ത മൂന്ന് വർഷത്തേക്ക് ജിമ്മിനോ ഇന്റർനെറ്റിനോ വൈദ്യുതിക്കോ ഒന്നും പണം മുടക്കണ്ട, വാടക നൽകേണ്ട, പെട്രോളിനും ഡോക്ടറെ സന്ദർശിക്കുന്നതിനും സിനിമ കാണുന്നതിനും ഒന്നും പ്രത്യേകം കാശ് മുടക്കണ്ട.
ജീവിതത്തിൽ അടുത്തിടെ താൻ ചില ബുദ്ധിമുട്ടുകളെയും വിഷമാവസ്ഥകളെയും ഒക്കെ നേരിട്ടു. അതിനാൽ ഒരു ബ്രേക്ക് വേണം എന്ന് തോന്നി. അതിനും ഈ കപ്പൽ യാത്ര സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു എന്നും ആദം പറഞ്ഞു.