സ്ത്രീകളെ പുരുഷന്മാർക്കൊപ്പമിരുന്ന് ജോലി ചെയ്യാൻ അനുവദിക്കില്ല, നിലപാട് വ്യക്തമാക്കി താലിബാൻ

By Web TeamFirst Published Sep 14, 2021, 12:04 PM IST
Highlights

എന്നാൽ, സെപ്റ്റംബർ 7 -ന് പ്രഖ്യാപിച്ച മന്ത്രിസഭാ നിയമനങ്ങളിൽ സ്ത്രീകളൊന്നും ഉൾപ്പെട്ടിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. കൂടാതെ സ്ത്രീകളെ അവരുടെ ജോലിസ്ഥലങ്ങളിൽ നിന്ന് വീട്ടിലേക്ക് തിരിച്ചയച്ചതായി റിപ്പോർട്ടുകളുമുണ്ടായിരുന്നു.  

അഫ്ഗാൻ സ്ത്രീകളെ പുരുഷന്മാർക്കൊപ്പം ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് താലിബാൻ ഭരണകക്ഷിയുടെ ഒരു മുതിർന്ന നേതാവ് പറഞ്ഞു. പുതിയ ചട്ടം നടപ്പിലാക്കിയാൽ, സർക്കാർ ഓഫീസുകളിലും ബാങ്കുകളിലും മീഡിയ കമ്പനികളിലും സ്ത്രീകൾക്ക് ജോലി ചെയ്യാനാകില്ല. സ്ത്രീകളെ അവർ ആഗ്രഹിക്കുന്നിടത്ത് ജോലി ചെയ്യാൻ അനുവദിക്കണമെന്ന് അന്താരാഷ്ട്ര സമൂഹം സമ്മർദ്ദം ചെലുത്തിയിട്ടും, താലിബാൻ അതിന് കാത് കൊടുക്കാൻ തയ്യാറാകുന്നില്ല. ഇസ്ലാമിക് നിയമത്തിന്റെ പൂർണരൂപം നടപ്പാക്കാൻ ഒരുങ്ങുകയാണ് താലിബാനെന്ന് മുതിർന്ന നേതാവായ വഹീദുല്ല ഹാഷിമി റോയിട്ടേഴ്‌സിനോട് പറഞ്ഞു.  

ശരീഅത്ത് നിശ്ചയിച്ച പരിധിക്കുള്ളിൽ സ്ത്രീകൾക്ക് ജോലി ചെയ്യാനും പഠിക്കാനും കഴിയുമെന്ന് താലിബാൻ നേതാക്കൾ പറഞ്ഞു. എന്നാൽ, ഈ നിയന്ത്രണങ്ങൾക്കകത്ത് നിന്ന് കൊണ്ട് സ്ത്രീകൾക്ക് ജോലി ചെയ്യാൻ സാധിക്കുമോ എന്നതാണ് സംശയം. 1996-2001 വരെയുള്ള താലിബാൻ ഭരണകാലത്ത്, അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് ജോലിചെയ്യുന്നതിനും പഠിക്കുന്നതിനും വിലക്കുണ്ടായിരുന്നു. അന്താരാഷ്ട്ര സമൂഹം വളരെയേറെ ഉറ്റുനോക്കുന്ന ഒരു പ്രശ്‌നമാണ് ഇത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അഫ്ഗാനിസ്ഥാന് ബാക്കി രാജ്യങ്ങൾ നൽകുന്ന സഹായത്തിന്റെ അളവിനെ ഈ തീരുമാനം ബാധിച്ചേക്കാം.

"അഫ്ഗാനിസ്ഥാനിൽ ശരീഅത്ത് നിയമം നടപ്പിലാക്കാൻ ഞങ്ങൾക്ക് ഏകദേശം 40 വർഷത്തോളം പോരാടേണ്ടി വന്നു. പുരുഷന്മാരെയും സ്ത്രീകളെയും ഒരുമിച്ചു കൂടാനോ ഒരു മേൽക്കൂരയ്ക്ക് താഴെ ഇരിക്കാനോ ഈ നിയമം അനുവദിക്കുന്നില്ല. പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയില്ല എന്നത് വ്യക്തമാണ്. ഞങ്ങളുടെ ഓഫീസുകളിലേക്ക് വരാനോ, ഞങ്ങളുടെ മന്ത്രാലയങ്ങളിൽ ജോലി ചെയ്യാനോ അവർക്ക് അനുവാദമില്ല" ഹാഷിമി ഒരു അഭിമുഖത്തിൽ പറഞ്ഞു.  

അതേസമയം ഹാഷിമിയുടെ അഭിപ്രായങ്ങൾ പുതിയ സർക്കാരിന്റെ നയങ്ങളെ എത്രത്തോളം പ്രതിഫലിപ്പിക്കുന്നുവെന്ന് വ്യക്തമല്ല.  മുൻപ് കാബൂൾ താലിബാൻ പിടിച്ചടക്കിയതിന് ശേഷമുള്ള ദിവസങ്ങളിൽ, സ്ത്രീകൾ സമൂഹത്തിലെ ഒരു പ്രധാന ഭാഗമാണെന്നും, അവർ വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുമെന്നുമാണ് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. എന്നാൽ, സെപ്റ്റംബർ 7 -ന് പ്രഖ്യാപിച്ച മന്ത്രിസഭാ നിയമനങ്ങളിൽ സ്ത്രീകളൊന്നും ഉൾപ്പെട്ടിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. കൂടാതെ സ്ത്രീകളെ അവരുടെ ജോലിസ്ഥലങ്ങളിൽ നിന്ന് വീട്ടിലേക്ക് തിരിച്ചയച്ചതായി റിപ്പോർട്ടുകളുമുണ്ടായിരുന്നു.  

മാധ്യമങ്ങൾ, ബാങ്കിംഗ് തുടങ്ങിയ മേഖലകളിലും സ്ത്രീകൾക്ക് നിരോധനം ബാധകമാകുമെന്ന് ഹാഷിമി പറഞ്ഞു. വീടിന് പുറത്തുള്ള പുരുഷന്മാരെ സ്ത്രീകൾ കാണുന്നത് ചില സാഹചര്യങ്ങളിൽ അനുവദനീയമാണ്, ഉദാഹരണത്തിന് ഒരു പുരുഷ ഡോക്ടറെ കാണുന്നത്, അയാൾ കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ, മെഡിക്കൽ മേഖലകളിൽ പഠിക്കാനും ജോലി ചെയ്യാനും സ്ത്രീകളെ അനുവദിക്കുമെന്നും ഹാഷിമി പറഞ്ഞു. അവിടെ അവർക്ക് പുരുഷന്മാർക്കൊപ്പം ഇരുന്ന് ജോലി ചെയ്യേണ്ടതായി വരുന്നില്ല എന്നതായിരിക്കാം ഈ മേഖലകളിൽ സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കുന്നതിന് പിന്നിലുളള കാരണം.  

മെഡിക്കൽ, വിദ്യാഭ്യാസം പോലുള്ള മേഖലകളിൽ ജോലി ചെയ്യാൻ സ്ത്രീകളെ ആവശ്യമാണെന്ന് പറഞ്ഞ അയാൾ സ്ത്രീകൾക്ക് മാത്രമായി പ്രത്യേക സ്ഥാപനങ്ങൾ, ആശുപത്രികൾ, സർവകലാശാലകൾ, വിദ്യാലയങ്ങൾ, മദ്രസകൾ എന്നിവ ഉണ്ടായിരിക്കുമെന്നും കൂട്ടിച്ചേർത്തു. സ്ത്രീകൾക്ക് യൂണിവേഴ്സിറ്റിയിൽ പഠിക്കാമെന്നും, എന്നാൽ പുരുഷന്മാർക്കൊപ്പമിരുന്ന് പഠിക്കാനാവില്ലെന്നും താലിബാന്റെ പുതിയ വിദ്യാഭ്യാസ മന്ത്രി ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.  

click me!