തുടച്ചുമാറ്റപ്പെടുമോ സ്ത്രീകൾ? അഫ്​ഗാനിസ്ഥാനിൽ സ്ത്രീകളുടെ ചിത്രങ്ങൾക്ക് മേൽ വെള്ളപൂശിത്തുടങ്ങി

By Web TeamFirst Published Aug 16, 2021, 2:15 PM IST
Highlights

തോക്കുധാരികൾ സ്ത്രീകളെ അവരുടെ വീടുകളിൽ കൊണ്ടുചെന്നാക്കി. ഇനി ഒരിക്കലും ജോലിയ്ക്ക് വരരുതെന്ന് വിലക്കി. പകരം വീട്ടിലുള്ള പുരുഷന്മാർക്ക് ആ ജോലി ഏറ്റെടുക്കാമെന്നും അവർ വിശദീകരിച്ചു. 

താലിബാൻ അഫ്ഗാനിസ്ഥാൻ തലസ്ഥാനം കീഴടക്കുമ്പോൾ സ്ത്രീകൾ കൂടുതൽ ഭയത്തോടെ വീടുകളിൽ ഒതുങ്ങിക്കൂടുന്നു. താലിബാൻ സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുക്കുമെന്ന ഭയത്തെ ശരിവയ്ക്കുന്ന നിരവധി സംഭവങ്ങളാണ് ഇപ്പോൾ അവിടെ നടക്കുന്നത്. കാബൂളിലെ ഒരു ബ്യൂട്ടി പാർലറിന്റെ ചുമരിൽ ഒട്ടിച്ചിരുന്ന സ്ത്രീ മോഡലുകളുടെ ചിത്രങ്ങൾ വെള്ള പെയിന്റ് അടിച്ച് മറയ്ക്കുന്ന ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്.  

ഒരു അഫ്ഗാൻ പത്രപ്രവർത്തകൻ ഞായറാഴ്ച ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയിൽ ഒരു മനുഷ്യൻ ഒരു റോളറും, വെളുത്ത പെയിന്റും ഉപയോഗിച്ച് കെട്ടിടത്തിന് പുറത്ത് ഒട്ടിച്ചിരുന്ന വലിയ ചിത്രങ്ങൾ മറയ്ക്കുന്നത് കാണാം. പരസ്യങ്ങൾ താജ് ബ്യൂട്ടി സലൂണിന് പുറത്താണെന്ന് അനുമാനിക്കുന്നു. അഫ്ഗാനിസ്ഥാനിലെ മികച്ച ബ്രൈഡൽ ബ്യൂട്ടി സലൂൺ എന്നാണ് അത് അറിയപ്പെടുന്നത്. സലൂണിലേക്കുള്ള പ്രവേശന കവാടത്തിന്റെ ഇരുവശത്തുമായി വിവാഹ വസ്ത്രങ്ങൾ ധരിച്ച മോഡലുകളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. അതാണ് ഇപ്പോൾ വെള്ളപൂശി മൂടാൻ ശ്രമിക്കുന്നത്. 'അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്ത് കഴിഞ്ഞാലും സ്ത്രീകളുടെ അവകാശങ്ങളെ ഞങ്ങൾ മാനിക്കുമെന്ന' തീവ്രവാദ സംഘടനയുടെ വാദമാണ് ഇപ്പോൾ പൊളിയുന്നത്.      

താലിബാൻ അധികാരം തിരിച്ചുപിടിച്ചാൽ സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെ കുറിച്ച് പ്രമുഖ സ്ത്രീ അവകാശ പ്രവർത്തകരും അധ്യാപകരും വിവാഹമോചിതരും ആശങ്ക പ്രകടിപ്പിക്കുന്നു. പലയിടത്തും സ്ത്രീകളെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതായും, സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥികളോട് പഠനം നിർത്താൻ ആവശ്യപ്പെട്ടതായുമുള്ള റിപ്പോർട്ടുകളുണ്ട്. 1996 മുതൽ 2001 വരെയുള്ള താലിബാൻ ഭരണകാലത്ത്, സ്ത്രീകൾക്ക് ജോലി ചെയ്യാനോ, പെൺകുട്ടികൾക്ക് സ്കൂളിൽ പോകാനോ അനുവാദമുണ്ടായിരുന്നില്ല. നിയമങ്ങൾ ലംഘിച്ച സ്ത്രീകളെ പരസ്യമായി അപമാനിക്കുകയും, ചാട്ടവാറുകൊണ്ട് ജനമധ്യത്തിൽ തല്ലുകയും ചെയ്യുമായിരുന്നു.    

കഴിഞ്ഞ മാസം ആദ്യം, താലിബാൻ വിമതർ അഫ്ഗാനിസ്ഥാനിലെ പ്രവിശ്യകൾ പിടിച്ചെടുക്കുന്നതിനിടെ, തെക്കൻ നഗരമായ കാണ്ഡഹാറിലെ അസീസി ബാങ്കിന്റെ ഓഫീസുകളിലേക്ക് ഇരച്ചു കയറി. അവിടെ ജോലി ചെയ്യുന്ന ഒൻപത് സ്ത്രീകളെ പിരിച്ചുവിടാൻ ഉത്തരവിട്ടു. തുടർന്ന്, തോക്കുധാരികൾ സ്ത്രീകളെ അവരുടെ വീടുകളിൽ കൊണ്ടുചെന്നാക്കി. ഇനി ഒരിക്കലും ജോലിയ്ക്ക് വരരുതെന്ന് വിലക്കി. പകരം വീട്ടിലുള്ള പുരുഷന്മാർക്ക് ആ ജോലി ഏറ്റെടുക്കാമെന്നും അവർ വിശദീകരിച്ചു. "ജോലി ചെയ്യാൻ അനുവദിക്കാത്തത് ശരിക്കും വിചിത്രമാണ്, എന്നാൽ ഇപ്പോൾ ഇതാണ് അവസ്ഥ" ബാങ്കിന്റെ അക്കൗണ്ട്സ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന നൂർ ഖതെര പറഞ്ഞു.

താലിബാനും യുഎസ് പിന്തുണയുള്ള അഫ്ഗാൻ സർക്കാരും തമ്മിൽ കഴിഞ്ഞ വർഷം സമാധാന ചർച്ചകൾ ആരംഭിച്ചതുമുതൽ ജേർണലിസം, ഹെൽത്ത് കെയർ, നിയമ നിർവ്വഹണം തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന അഫ്ഗാൻ സ്ത്രീകൾ പലരും ആക്രമണത്തിൽ കൊല്ലപ്പെട്ടു. മിക്ക കൊലപാതകങ്ങളിലും സർക്കാർ കുറ്റപ്പെടുത്തുന്നത് താലിബാനിനെയാണ്. എന്നാൽ, താലിബാൻ ആ കൊലപാതകങ്ങളുടെ ഉത്തരവാദിത്വം നിഷേധിക്കുന്നു. നിരവധി അഫ്ഗാൻ സ്ത്രീകൾ സോഷ്യൽ മീഡിയയിൽ സഹായത്തിനായി അഭ്യർത്ഥിക്കുകയും അവരുടെ നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. "ഓരോ നഗരവും തകരുന്തോറും മനുഷ്യശരീരങ്ങളും, സ്വപ്നങ്ങളും തകരുന്നു. ചരിത്രവും ഭാവിയും, കലയും സംസ്കാരവും തകരുന്നു. ജീവിതവും സൗന്ദര്യവും തകരുന്നു, നമ്മുടെ ലോകം തന്നെ തകരുന്നു," റാഡ അക്ബർ ട്വിറ്ററിൽ കുറിച്ചു.  

 

click me!